ഇവി സെഗ്മെന്റിലെ കോലാഹലങ്ങൾക്ക് ഇടയിൽ പുത്തൻ നാഴികക്കല്ല് പിന്നിട്ട് ബജാജ് ചേതക്
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപ്ലവം ശക്തി പ്രാപിക്കുകയാണ്, ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടർ ഇതിനു മുൻപന്തിയിലുമാണ്. വിശ്വാസ്യതയ്ക്ക് പേരുകേട്ട ചേതക്, ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ഇന്ത്യൻ വിപണിയിൽ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇലക്‌ട്രിക് ടു-വീലർ വ്യവസായത്തിൽ ബജാജിന്റെ പുതിയ യുഗത്തെ സൂചിപ്പിക്കുന്ന ഈ വാർത്ത സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (SIAM) പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റയാണ് വെളിപ്പെടുത്തിയത്.
2020 ജനുവരിയിൽ പരിസ്ഥിതി സൗഹൃദ വിഭാഗത്തിലേക്കുള്ള ബ്രാൻഡിന്റെ മഹത്തായ രംഗപ്രവേശനം മുതൽ, ബജാജ് ചേതക് ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ ലാൻഡ്‌സ്‌കേപ്പിനെ മാറ്റിമറിച്ച ഒന്നാണ്. നാലുവർഷത്തെ യാത്രയിൽ, ചേതക് ജനപ്രീതി നേടി ഉപഭോക്താക്കളുടെ മനസ്സിൽ ഇടം നേടുക മാത്രമല്ല, 2023 നവംബർ അവസാനത്തോടെ 1,04,200 യൂണിറ്റ് വിൽപ്പന കൈവരിക്കുകയും ചെയ്തു.

62,991 യൂണിറ്റുകളുമായി വിൽപ്പനയുടെ ഒരു പ്രധാന ഭാഗം, 2023 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് മോഡൽ കൈവരിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസങ്ങളിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ചേതക് 172 ശതമാനം വളർച്ച കൈവരിച്ചു. ഇലക്ട്രിക് ടു-വീലർ ബ്രാൻഡുകൾക്കിടയിലെ പന്തയത്തിൽ, ഓല ഇലക്‌ട്രിക് ആണ് നിലവിൽ മുന്നിൽ നിൽക്കുന്നത്.
ടിവിഎസും എഥർ എനർജിയും ഈ പന്തയത്തിൽ തൊട്ടു പിന്നാലെ തന്നെയുണ്ട്. എങ്കിലും നാലാം സ്ഥാനം ഉറപ്പിച്ച് ബജാജ് ഒട്ടും പിന്നിലല്ല. കമ്പനിയുടെ തുടർച്ചയായ നവീകരണവും ചേതക് അർബേൻ പോലുള്ള പുതിയ വേരിയന്റുകളുടെ അവതരണവും ഈ മത്സര വിപണിയിൽ മോഡലിനെ മുന്നോട്ട് നയിക്കുന്നു.

ബജാജിന്റെ ഏറ്റവും പുതിയ ഓഫറായ ചേതക് അർബേൻ വേരിയന്റ് 1.15 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുമായിട്ടാണ് വിപണിയിൽ എത്തിയിരിക്കുന്നത്. സിംഗിൾ ചാർജിൽ 113 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന കരുത്തുറ്റ 2.9 kWh ബാറ്ററി പായ്ക്ക് ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.
ചേതക്കിന്റെ ഈ പുതിയ വേരിയന്റ് ബ്രാൻഡിന്റെ മോഡൽ നിര വർധിപ്പിക്കുക മാത്രമല്ല, സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് കൂടുതലായി ചായുന്ന സിറ്റി യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. ബജാജ് അർബേൻ മാത്രം ഉപയോഗിച്ച് തങ്ങളുടെ നേട്ടങ്ങളിൽ വിശ്രമിക്കുന്നില്ല.

127 കിലോമീറ്റർ വരെ ഉയർന്ന റൈഡിംഗ് റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രീമിയം പതിപ്പിനായുള്ള ഒരുക്കത്തിലാണ് കമ്പനി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വരാനിരിക്കുന്ന വേരിയന്റ് ചേതക്കിന്റെ വിൽപ്പന കണക്കുകൾ ഉയർത്താനും ഇലക്ട്രിക് വാഹന വിപണിയിൽ ബജാജിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും സഹായകമാവും.
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള സ്വീകാര്യത കുതിച്ചുയരുകയാണ് എന്ന് വളരെ വ്യക്തമാണ്. ചേതക്കിന്റെ ഏറ്റവും പുതിയ വിൽപ്പന റെക്കോർഡോടെ, ബജാജ് ഈ ഇലക്ട്രിക് വിപ്ലവത്തിന്റെ തരംഗമാണ്. ഗ്രീൻ മൊബിലിറ്റിയ്ക്കായുള്ള ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന മുൻഗണന വളരെ വ്യക്തമാണ്, തുടർച്ചയായ പുരോഗതിയും ഇലക്ട്രിക് മോഡലുകളുടെ വർധിച്ചുവരുന്ന പോർട്ട്‌ഫോളിയോയും, ബജാജിന്റെ ഇലക്ട്രിക് ഭാവി വ്യക്തമാക്കുന്നു.

പരമ്പരാഗത സ്‌കൂട്ടറിൽ നിന്ന് ഇലക്ട്രിക് ഐക്കണിലേക്കുള്ള ബജാജ് ചേതക്കിന്റെ പരിവർത്തനം, ക്ലീനും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ തന്നെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപന എന്ന നാഴികക്കല്ല് വെറുമൊരു സംഖ്യയല്ല, ഇത് മാറ്റത്തിന്റെ പ്രതിഫലനവും പുരോഗതിയുടെ സൂചകവും ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സാധ്യതകളുടെ തിരിനാളവുമാണ്. കൂടുതൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും അനുദിനം നിരത്തിലിറങ്ങാൻ ഒരുങ്ങുമ്പോൾ, ഇത് ക്ലീൻ & ഗ്രീൻ ഇന്ത്യയുടെ തുടക്കമാവും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.


Click it and Unblock the Notifications








