ട്രയംഫ് തേടിയെത്തുന്നത് ആയിരങ്ങള്‍; എല്ലാര്‍ക്കും കിട്ടുമെന്ന ബജാജിന്റെ ഉറപ്പ് ഈ തീരുമാനത്തിന്റെ ബലത്തില്‍
ബജാജ് ഓട്ടോയുടെ കൈപിടിച്ച് കുറഞ്ഞ എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് കാലെടുത്ത് വെച്ച ട്രയംഫ് മോട്ടോര്‍സൈക്കിള്‍ രണ്ട് പുത്തന്‍ മോഡലുകള്‍ പുറത്തിറക്കിയിരുന്നു. 2023 ജൂലൈയിലാണ് ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നിവ അവതരിപ്പിച്ചത്.
ഇതില്‍ ജൂലൈയില്‍ വിപണിയില്‍ എത്തിയ സ്പീഡ് 400 മികച്ച പ്രതികരണമാണ് നേടിയെടുത്തത്. പുതിയ ട്രയംഫ് മോട്ടോര്‍സൈക്കിളുകളുടെ ഉല്‍പാദനവും വിതരണവും ബജാജാണ് ഏറ്റെടുത്ത് നടത്തുന്നത്. വിപണിയില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിമാന്‍ഡ് നിറവേറ്റാനായി ട്രയംഫുമായി ചേര്‍ന്ന് വികസിപ്പിച്ച പ്രീമിയം ഓഫറുകളുടെ ഉല്‍പ്പാദന ശേഷി ഉയര്‍ത്തുകയാണ് ബജാജ്.

ഈ സാമ്പത്തിക വര്‍ഷത്തോടെ ഉല്‍പാദന ശേഷി പ്രതിമാസം 10,000 യൂണിറ്റായി വര്‍ധിപ്പിക്കാനുള്ള തന്ത്രമാണ് ബജാജ് തയാറാക്കിയിരിക്കുന്നത്. ബജാജിന്റെ പൂനെ ചക്കനിലെ പുത്തന്‍ പ്ലാന്റിലാണ് ട്രയംഫ് ബൈക്കുകള്‍ പണിതിറക്കുന്നത്. പ്രതിമാസം ട്രയംഫിന്റെ 5000 യൂണിറ്റുകള്‍ നിര്‍മിക്കാനായിരുന്നു ബജാജിന്റെ പ്രാരംഭ പദ്ധതി. ഓഗസ്റ്റില്‍ ഡെലിവറി ആരംഭിച്ച ശേഷം ഇതുവരെ 8000 ട്രയംഫ് ബൈക്കുകള്‍ വിതരണം ചെയ്തതായി ബജാജ് ഓട്ടോ അറിയിച്ചു.
ബജാജിന്റെ പുതിയ ചക്കന്‍ പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി പ്രതിമാസം 25,000 യൂണിറ്റാണ്. ഇവിടെയാണ് കെടിഎം ബൈക്കുകളും ബജാജ് നിര്‍മിക്കുന്നത്. ട്രയംഫ്-ബജാജ് കൂട്ടുകെട്ടില്‍ പിറന്ന ബൈക്ക് ഈ മാസം അവസാനമോ നവംബര്‍ ആദ്യ വാരമോ ആഗോള വിപണിയില്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ബ്രിട്ടന്‍, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ജപ്പാന്‍, തെക്കുകിഴക്കന്‍ ഏഷ്യ വിപണികളില്‍ ഈ ബൈക്കുകള്‍ വൈകാതെ പുറത്തിറക്കും.

പ്രതിമാസം 20,000 മുതല്‍ 30,000 യൂണിറ്റ് വരെ കപ്പല്‍ കയറ്റി അയക്കാനാണ് ബജാജിന്റെ പദ്ധതികള്‍. ഇന്ത്യയില്‍ സ്പീഡ് 400 ആദ്യം ബുക്ക് ചെയ്യുന്ന 10,000 ഉപഭോക്താക്കള്‍ക്ക് ട്രയംഫ് 10,000 രൂപ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. 2.33 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ബൈക്ക് 2.23 ലക്ഷം രൂപയ്ക്ക് ആദ്യത്തെ 10000 ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് സാരം. ആദ്യം ബുക്ക് ചെയ്ത പലര്‍ക്കും അവരുടെ മോട്ടോര്‍സൈക്കിളുകള്‍ ലഭിച്ചു.
താമസിയാതെ തന്നെ സ്പീഡ് 400 ബുക്ക് ചെയ്ത ബാക്കിയുള്ളവര്‍ക്കും ബൈക്ക് ലഭിക്കും. സ്പീഡിനൊപ്പം സ്‌ക്രാംബ്ലര്‍ 400X-ന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. എന്നാല്‍ അടുത്തിടെ മാത്രമാണ് മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചത്. 2.63 ലക്ഷം രൂപയ്ക്കാണ് ബ്രീട്ടീഷ് ടൂവീലര്‍ നിര്‍മാതാക്കള്‍ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. അതിന്റെ റോഡ്സ്റ്റര്‍ സഹോദരനേക്കാള്‍ ഏകദേശം 30,000 രൂപയാണ് സ്‌ക്രാംബ്ലര്‍ 400X-ന് കൂടുതലായി മുടക്കേണ്ടത്.

മാറ്റ് ഖാഖി ഗ്രീന്‍ വിത്ത് ഫ്യൂഷന്‍ വൈറ്റ്, ഫാന്റം ബ്ലാക്ക് വിത്ത് സില്‍വര്‍ ഐസ്, കാര്‍ണിവല്‍ റെഡ് വിത്ത് ഫാന്റം ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X വാഗ്ദാനം ചെയ്യുന്നത്. ട്രയംഫ് സ്പീഡ് 400 X അതിന്റെ സഹോദരനായ സ്പീഡ് 400 മോട്ടോര്‍സൈക്കിളുമായി ഡിസൈന്‍ സവിശേഷതകള്‍ പങ്കിടുന്നു. റോഡ്‌സ്റ്റര്‍ മോഡലിനേക്കാള്‍ അല്‍പ്പം ഉയരമുള്ള സ്‌ക്രാംബ്ലര്‍ 400X ഓഫ്-റോഡ് ശേഷിക്കായി കുറച്ച് വ്യത്യസ്ത ഘടകങ്ങളുമായാട്ടാണ് വരുന്നത്.
398 സിസി, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ ഹൃദയം. പുതിയ TR എഞ്ചിന്‍ ഉപയോഗിക്കുന്ന ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ മോഡല്‍ നിരയില്‍ നിന്നുള്ള രണ്ടാമത്തെ മോട്ടോര്‍സൈക്കിളാണ് ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X. DOHC എഞ്ചിന്‍ 8,000 rpm -ല്‍ 39.5 bhp പവറും 6,500 rpm -ല്‍ 37.5 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍ വരുന്നത്.
സ്‌ക്രാംബ്ലര്‍ 400 X -ന് മുമ്പില്‍ 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ സൈഡഡ് കാസ്റ്റ് അലുമിനിയം സ്വിംഗ്ആര്‍മിനൊപ്പം അഡ്ജസ്റ്റബിള്‍ (പ്രീലോഡ്) മോണോഷോക്ക് സജ്ജീകരണവുമാണ് ലഭിക്കുന്നത്. പുതിയ സ്‌ക്രാംബ്ലര്‍ 400 X -ന്റെ ഫ്രണ്ടില്‍ 320 mm ഡിസ്‌കും നാല് പിസ്റ്റണ്‍ കാലിപ്പറുകളും ലഭിക്കുന്നു, പിന്നില്‍ 230 mm ഡിസ്‌ക്കും സിംഗിള്‍ പിസ്റ്റണ്‍ ക്യാലിപ്പറും നല്‍കിയിരിക്കുന്നു. ഈ മാസം അവസാനത്തോടെ സ്‌ക്രാംബ്ലറിന്റെ വിതരണം ആരംഭിക്കുമെന്ന് ബജാജ് അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








