പള്‍സറിന്റെ പിടിപാടിന് ഒരിളക്കവും തട്ടിയിട്ടില്ല കേട്ടോ! ഒക്‌ടോബറില്‍ വിറ്റത് 1.61 ലക്ഷം ബൈക്കുകള്‍
രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്ന ഒരു മാസമാണ് കഴിഞ്ഞ് പോയത്. ഉത്സവ സീസണായതിനാല്‍ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളെല്ലാം മികച്ച വളര്‍ച്ച രേഖപ്പെടുത്താറുണ്ട്. വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ 2023 ഒക്‌ടോബറില്‍ ആഭ്യന്തര വില്‍പ്പനയില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് ബജാജ് ഓട്ടോ.
പോയ മാസം ആഭ്യന്തര വിപണിയില്‍ 2,78,486 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റഴിച്ചതായി ബജാജ് ബുധനാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ വിറ്റ 206,131 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 35% വര്‍ദ്ധനയാണ്. അതേസമയം 2023 ഒക്ടോബറില്‍ കയറ്റുമതിയില്‍ ചെറിയ ഇടിവുണ്ട്. 2023 ഒക്ടോബറില്‍ വാണിജ്യ വാഹനങ്ങളും ടൂവീലറുകളുമടക്കം കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ബജാജ് ഓട്ടോ ലിമിറ്റഡ് 2023 ഒക്ടോബറില്‍ മൊത്തം 4,71,188 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. 2022 ഒക്ടോബറില്‍ 3,95,238 യൂണിറ്റുകളായിരുന്നു വില്‍പ്പന. മാത്രമല്ല ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള വില്‍പ്പനയും മൂന്ന് ശതമാനം മെച്ചപ്പെട്ടു. 2023 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ കണക്കുകളാണിത്. ഇരുചക്രവാഹന വില്‍പ്പന മാത്രം കണക്കിലെടുത്താല്‍ പോയ മാസം ആകെ 2,78,486 യൂണിറ്റ് വാഹനങ്ങള്‍ ബജാജിന് വില്‍ക്കാനായത്.
കഴിഞ്ഞ വര്‍ഷം ഇതേ മാസം 2,06,131 യൂണിറ്റായിരുന്നു വില്‍പ്പന. 35 ശതമാനമാണ് വില്‍പ്പന കൂടിയത്. ഇരുചക്ര വാഹന വില്‍പ്പനയില്‍ കമ്പനിയുടെ നട്ടെല്ലായത് പള്‍സര്‍ ശ്രേണിയാണ്. ഒക്‌ടോബറില്‍ പള്‍സര്‍ വില്‍പ്പന 1.61 ലക്ഷം യൂണിറ്റ് കടന്നു. പള്‍സര്‍ ശ്രേണിയുടെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് പോയ മാസം കണ്ടത്. എന്നാല്‍ കയറ്റുമതി കഴിഞ്ഞ മാസം 5 ശതമാനം ഇടിവ് നേരിട്ടു.

2022 ഒക്ടോബറില്‍ ബജാജ് 1,35,772 ബൈക്കുകള്‍ കടല്‍ കടത്തിയപ്പോള്‍ കഴിഞ്ഞ മാസം കയറ്റുമതി 1,29,658 യൂണിറ്റായി കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ വാണിജ്യ വാഹന വില്‍പ്പന കൂടിയെന്ന മെച്ചുമുണ്ട്. വാണിജ്യ വാഹന വില്‍പ്പന ആഭ്യന്തര വിപണിയില്‍ 39 ശതമാനം വര്‍ധിച്ച് 2023 ഒക്ടോബറില്‍ 51,132 യൂണിറ്റുകളായി. കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന വാണിജ്യ വാഹന വില്‍പ്പനയാണ് 2023 ഒക്‌ടോബറില്‍ രേഖപ്പെടുത്തിയത്.
2022 ഒക്ടോബറില്‍ 36,786 യൂണിറ്റ് കൊമേഴ്ഷ്യല്‍ വാഹനങ്ങളായിരുന്നു ബജാജ് വിറ്റത്. 2022 ഒക്ടോബറില്‍ കയറ്റുമതി ചെയ്ത 16,549 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസത്തെ കയറ്റുമതി 28 ശതമാനം ഇടിഞ്ഞ് 11,912 യൂണിറ്റായി. 2023 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ബജാജ് ഇതുവരെ 13,26,737 വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ വിറ്റ 11,41,683 യൂണിറ്റുകളെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനവുണ്ട്.

ഇരുചക്രവാഹനങ്ങള്‍ 2022 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കയറ്റുമതി ചെയ്ത 10,66,412 യൂണിറ്റില്‍ നിന്ന് 20 ശതമാനം ഇടിഞ്ഞ് 8,52,320 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം YTD അടിസ്ഥാനത്തില്‍ വിറ്റ 22,08,095 യൂണിറ്റില്‍ നിന്ന് മൊത്തം ഇരുചക്ര വാഹന വില്‍പ്പന ഒരു ശതമാനം കുറഞ്ഞ് 21,79,057 യൂണിറ്റായി. ബജാജ് ഓട്ടോ ആഭ്യന്തര വിപണിയിലും വളര്‍ച്ച കൈവരിച്ചു.
റോയല്‍ എന്‍ഫീല്‍ഡ് നിര്‍ണായകമായി ആധിപത്യം പുലര്‍ത്തുന്ന പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ വിപണി വിഹിതം സ്വന്തമാക്കുന്നതിനായി ബജാജ് ബ്രിട്ടീഷ് ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സുമായി കൈകോര്‍ത്തിരുന്നു. പങ്കാളിത്തത്തിന് കീഴില്‍ സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നീ മോഡലുകള്‍ ട്രയംഫ് ബ്രാന്‍ഡിന് കീഴില്‍ വിപണിയിലെത്തി. എന്‍ഫീല്‍ഡുമായി മുട്ടാനായി രണ്ട് ബൈക്കുകള്‍ക്കും മത്സരാധിഷ്ഠിത വില നിശ്ചയിച്ചയമാണ് ബജാജ് നടത്തിയത്.

റോഡ്‌സ്റ്റര്‍ മോഡലായ സ്പീഡ് 400 മോട്ടോര്‍സൈക്കിളിന് 2.33 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 2,62,996 രൂപ എക്‌സ്‌ഷോറൂം വിലക്കാണ് ട്രയംഫ് സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനക്കെത്തുന്നത്. ട്രയംഫിന്റെ എക്‌സ്‌ക്ലൂസീവ് ഡീലര്‍ നെറ്റ്‌വര്‍ക്കിലൂടെയാണ് മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന. ജൂലൈയില്‍ ബുക്കിംഗ് ജാികം തുറന്നതിന് പിന്നാലെ 400 ട്വിന്‍സ് 20000 ഓര്‍ഡറുകള്‍ വാരിക്കൂട്ടിയിരുന്നു. ഡിസംബറിലോ ജനുവരിയിലേ ബൈക്കുകളുടെ കയറ്റുമതി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications








