ഓണത്തിന് ഇലക്ട്രിക് സ്‌കൂട്ടര്‍ വീട്ടിലെത്തിച്ചാലോ? ഈ 5 മോഡലുകള്‍ നോക്കാൻ മറക്കല്ലേ
ഇലക്ട്രിക് വാഹനങ്ങളോടുള്ള ജനങ്ങളുടെ അയിത്തം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാറി വരികയാണ്. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് പെറുതി മുട്ടിയ ജനങ്ങള്‍ ഇലക്ട്രിക് ടൂവീലറുകളിലേക്ക് അടുക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ഫെയിം II സബ്‌സിഡി വെട്ടിക്കുറച്ചത്. ഇത് ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയതും വില വര്‍ധനവിന് കാരണമായി.
ഫെയിം II സബ്സിഡി കുറച്ചതിന് ശേഷം ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇടിഞ്ഞെങ്കിലും ഉത്സവ സീസണില്‍ വിപണിയില്‍ കൂടുതല്‍ ഉണര്‍വുണ്ടാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. അതിനായി കുറഞ്ഞ വിലയില്‍ ഒത്തിരി മോഡലുകള്‍ പുതുതായി വിപണിയില്‍ എത്തിയിട്ടുണ്ട്. നിങ്ങള്‍ ഈ ഓണക്കാലത്ത് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ?. ഉത്തരം യെസ് എന്നാണെങ്കില്‍ വണ്ടി ഏതെന്ന് തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ പരിഗണിക്കേണ്ട മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഞങ്ങള്‍ ഇന്ന് പരിചയപ്പെടുത്താം.

ഓല S1 പ്രോ ജെന്‍ 2: ഓഗസ്റ്റ് 15-നാണ് ഓല S1 പ്രോ രണ്ടാം തലമുറ പതിപ്പ് വിപണിയില്‍ എത്തിച്ചത്. കാഴ്ചയില്‍ മുന്‍ഗാമിയുമായി സാമ്യതകള്‍ തോന്നുമെങ്കിലും അടിമുടി മാറ്റങ്ങളോടെയാണ് S1 പ്രോ ജെന്‍ 2-വിന്റെ വരവ്. കൂടുതല്‍ ശക്തമായ 14.75 bhp ഇലക്ട്രിക് മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഇ-സ്‌കൂട്ടറിന്റെ റേഞ്ച് 195 കിലോമീറ്ററാണ്. 1.47 ലക്ഷം രൂപയാണ് ഇവിയുടെ എക്‌സ്‌ഷോറൂം വില.
സിമ്പിള്‍ വണ്‍: രണ്ട് ബാറ്ററി പായ്ക്ക് സജ്ജീകരിച്ചാണ് സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. ബാറ്ററി പായ്ക്കുകളില്‍ ഒന്ന് നീക്കം ചെയ്യാവുന്നതാണ്. ഈ സജ്ജീകരണത്തിന്റെ മികവില്‍ സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 212 കിലോമീറ്റര്‍ വരെ ഓടും. 11.39 bhp പവറും 72 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കരുത്ത്.

പെര്‍ഫോമന്‍സ് എടുത്താന്‍ മണിക്കൂറില്‍ 105 കി.മീ ആണിതിന്റെ ടോപ് സ്പീഡ്. 1.45 ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെയാണ് സിമ്പിള്‍ വണിന്റെ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. എന്നാല്‍ സിമ്പിള്‍ വണിന് നിലവില്‍ കേരളത്തില്‍ ഡെലിവറി ആരംഭിച്ചിട്ടില്ല. ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഈ ഓണക്കാലത്ത് സിമ്പിള്‍ വാങ്ങാനാകും.
ഏഥര്‍ 450S: ഏഥറിൽല് നിന്നുള്ള താങ്ങാനാകുന്ന ഓഫറിംഗാണ് 450S. 7.24 bhp പവറും 22 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്. 2.93kWh ബാറ്ററി പായ്ക്ക് ബലമേകുന്ന ഏഥര്‍ 450S ഒറ്റ ചാര്‍ജില്‍ 115 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. 1.29,949 രൂപ മുതലാണ് ഏഥര്‍ 450S ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ഓല S1 എയര്‍: ഓലയുടെ മോഡല്‍ നിരയില്‍ ടോപ് സ്‌പെക് വേരിയന്റായ S1 പ്രോക്ക് തൊട്ടുതാഴെ ആണ് S1 എയറിന്റെ സ്ഥാനം. 6.03 bhp ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും 3kWh ബാറ്ററി പായ്ക്കും ആണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്.
ഫുള്‍ ചാര്‍ജില്‍ ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 125 കിലോമീറ്റര്‍ വരെ റൈഡിംഗ് റേഞ്ച് നല്‍കുമെന്നാണ് ഓലയുടെ അവകാശവാദം. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ടോപ് സ്പീഡ്. 1,19,827 ലക്ഷം രൂപ മുതലാണ് ഓല S1 എയറിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്.

ടിവിഎസ് ഐക്യൂബ് S: നല്ല വിശ്വാസ്യതയും മാന്യമായ പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്ന ആളുകള്‍ക്ക് പറ്റിയ ചോയ്‌സാണ് ടിവിഎസ് ഐക്യൂബ് S. 3.4kWh ബാറ്ററി പായ്ക്കും 5.9 bhp ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചാലക ശക്തികള്‍. ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ മോഡലിന് കഴിയും. മണിക്കൂറില്‍ 78 കി.മീ ആണ് പരമാവധി വേഗത.
1.46 ലക്ഷം രൂപ മുതലാണ് ടിവിഎസ് ഐക്യൂബ് S ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഈ ഓണക്കാലത്ത് നിങ്ങള്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ മുകളില്‍ പറഞ്ഞ പട്ടികയിലുള്ള ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. കാലാനുസൃതമായ മാറ്റങ്ങളും ഉപഭോക്തൃ താല്‍പര്യങ്ങളും നോക്കി കമ്പനികള്‍ പരിഷ്‌കരിച്ച മോഡലുകളാണ് അവയില്‍ അധികവും. അതിനാല്‍ ഇവയില്‍ നിങ്ങളുടെ ആവശ്യത്തിനും ബജറ്റിനും യോജിച്ച ഒരെണ്ണം ആലോചിച്ച് ഉറപ്പിക്കാം.


Click it and Unblock the Notifications








