'പെട്രോള്‍ ഒന്ന് മണത്താല്‍ മതി'; ഏറ്റവും കൂടുതല്‍ മൈലേജും 70000 രൂപയില്‍ താഴെ വിലയുമുള്ള ബൈക്കുകള്‍ ഇതാ...
കാലമെത്ര കഴിഞ്ഞാലും ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രത്യേകിച്ച് ബൈക്കുകളുടെ കാര്യത്തില്‍ ഇന്നും പ്രസക്തമായ ഒരു ചോദ്യമാണ് 'മൈലേജ് എത്ര കിട്ടും'. അതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് നമ്മുടെ രാജ്യത്തെ ഉയര്‍ന്ന ഇന്ധന വില തന്നെയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന സാധാരണക്കാരന് ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മൈലേജ് നോക്കിയേ മതിയാകൂ.
അതുകൊണ്ട് തന്നെയാണ് ഇന്നും നമ്മുടെ രാജ്യത്ത് കമ്മ്യൂട്ടര്‍ ബൈക്ക് സെഗ്‌മെന്റിലെ ബൈക്കുകള്‍ക്ക് മികച്ച വില്‍പ്പന ലഭിക്കുന്നതും. ജീവിത ബജറ്റ് താളംതെറ്റാതെ കൊണ്ടുപോകാവുന്ന മൈലേജുള്ള ചില ബൈക്കുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ. ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന ഈ മോഡലുകള്‍ക്ക് 70,000 രൂപയില്‍ താഴെ മാത്രമേ വിലയുമുള്ളൂ.

ഹീറോ HF ഡീലക്‌സ്: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളുടെ ബെസ്റ്റ് സെല്ലേഴ്‌സില്‍ ഒന്നാണ് പട്ടികയില്‍ ആദ്യം. 2013-ലാണ് ഹീറോ HF 1 ഡീലക്‌സ് കമ്മ്യൂട്ടര്‍ ബൈക്ക് വിപണിയില്‍ എത്തിച്ചത്. ചുരുങ്ങിയ നാള്‍കൊണ്ട് HF ഡീലക്സ് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന മികച്ച മോട്ടോര്‍സൈക്കിള്‍ എന്ന് പേര് സമ്പാദിച്ചു.
ഇതിലെ 97.2 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7.91 bhp പവര്‍ നല്‍കുന്നു. ലിറ്ററിന് 65 കിലോമീറ്റര്‍ മൈലേജാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ തന്നെ ഇന്ന് വിപണിയിലുള്ള ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായി ഇത് മാറുന്നു. 55,021 രൂപയാണ് ഹീറോ HF ഡീലക്‌സ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ് ഷോറൂം വില.
ബജാജ് CT 110: ബജാജിന്റെ ബൈക്കാണ് രണ്ടാമത് വരുന്നത്. വിശേഷണങ്ങള്‍ അധികം ആവശ്യമില്ലാത്ത പേരാണ് 'CT'. പതിറ്റാണ്ടുകള്‍ പഴക്കമുള്ള നെയിംപ്ലേറ്റ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബജാജ് തിരികെ എത്തിച്ചത്. ബജാജ് CT 100 മോട്ടോര്‍ സൈക്കിളിന്റെ മുതിര്‍ന്ന സഹോദരന്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം.
8.48 bhp പരമാവധി പവര്‍ നല്‍കുന്ന 115.45 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഇതിന് ബജാജ് നല്‍കിയിരിക്കുന്നത്. ഈ എഞ്ചിന്‍ 4-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ 70 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 59,041 രൂപ എക്സ് ഷോറൂം വിലയിലാണ് ബജാജ് CT110 ഇപ്പോള്‍ വില്‍ക്കുന്നത്.
ബജാജ് പ്ലാറ്റിന 110: വര്‍ഷങ്ങളോളമായി വിപണിയിലെ ഏറ്റവും ഡിമാന്‍ഡുള്ള കമ്മ്യൂട്ടര്‍ സൈക്കിളായി നിലകൊള്ളുന്ന ബജാജ് പ്ലാറ്റിന 110 ആണ് ലിസ്റ്റിലെ അടുത്തയാള്‍. മൈലേജിന്റെ കാര്യത്തില്‍ പുലിയായതിനാല്‍ സ്വകാര്യ വ്യക്തികളെ കൂടാതെ ഡെലിവറി സ്ഥാപനങ്ങളും കൂടുതലായി തെരഞ്ഞെടുക്കുന്ന മോഡലുകളില്‍ ഒന്നായി ഇത് മാറി.
CT 110-ന്റെ അതേ 115.45 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് പ്ലാറ്റിന 110 മോഡലിനും തുടിപ്പ് പകരുന്നത്. ലിറ്ററിന് 70 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശവാദം. CT110 മോഡലിനേക്കാള്‍ അല്‍പ്പം ഡിമാന്‍ഡ് കൂടുതലായതിനാല്‍ വിലയും അല്‍പ്പം കൂടും. 67,673 രൂപയാണ് പ്ലാറ്റിന 110 മോട്ടോര്‍സൈക്കിളിന്റെ വില.
ടിവിഎസ് സ്‌പോര്‍ട്ട്: ഇന്ത്യയിലെ പ്രമുഖ ടൂവീലര്‍ നിര്‍മാതാക്കളായ ടിവിഎസില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ച ഏക മോട്ടോര്‍സൈക്കിളാണ് ടിവിഎസ് സ്‌പോര്‍ട്. 8.18 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. 4 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ലിറ്ററിന് 70 കിലോമീറ്റര്‍ മൈലേജും ഈ ബൈക്ക് നല്‍കും. 61,601 രൂപയാണ് നിലവിലെ എക്‌സ്‌ഷോറൂം വില.
ബജാജ് പ്ലാറ്റിന 100: മുകളില്‍ പറഞ്ഞ ബജാജ് പ്ലാറ്റിന 100 ആണ് പട്ടികയിലെ അവസാന അംഗം. 70,000 രൂപക്ക് താഴെ ലഭ്യമാകുന്ന കമ്യൂട്ടര്‍ മോട്ടോസൈക്കിളുകളില്‍ ഏറ്റവും മൈലേജ് ലഭിക്കുന്ന മോഡലാണിത്. ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ ഈ ബൈക്ക് 72 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് ബജാജ് പറയുന്നത്. 102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ പരമാവധി 7.9 bhp പവര്‍ പുറപ്പെടുവിക്കുന്നു.
മൈലേജിന്റെ കാര്യത്തില്‍ മാത്രമല്ല വിലയുടെ കാര്യത്തിലും ഈ ബൈക്ക് ഞെട്ടിക്കും. 52,734 രൂപ (എക്സ്-ഷോറൂം) മുടക്കിയാല്‍ ഈ ബൈക്ക് സ്വന്തമാക്കാം. പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കാരണം പല ബൈക്കുകളുടെയും വിലയില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. മുകളില്‍ പറഞ്ഞവ കൂടാതെ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ മാന്യ വായനക്കാര്‍ കമന്റ് ബോക്‌സിലൂടെ ഓര്‍മിപ്പിക്കുമല്ലോ.


Click it and Unblock the Notifications








