60 കി.മീ മൈലേജുള്ള സ്‌കൂട്ടറുള്ളപ്പോള്‍ ഇവിയെന്തിന്! വിലയോ 1 ലക്ഷം രൂപയില്‍ താഴെയും
പ്രായോഗികതക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് പ്രധാനമായും സ്‌കൂട്ടറുകള്‍ വാങ്ങുന്നത്. നഗരയാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് സ്‌കൂട്ടറുകള്‍ പ്രധാനമായും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ജനപ്രിയമാണെങ്കിലും സ്‌കൂട്ടറുകളുടെ പോപ്പുലാരിറ്റിക്ക് ഇടിവൊന്നും സംഭവിച്ചിട്ടില്ല. പല തരത്തിലുള്ള സ്‌കൂട്ടറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണെങ്കിലും പുതിയൊരെണ്ണം വാങ്ങുമ്പോള്‍ വിലയും മൈലേജുമാണെല്ലോ നമ്മള്‍ പരിഗണിക്കു.
1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച ഇന്ധനക്ഷമതയുള്ള ചില സ്‌കൂട്ടറുകള്‍ (Best Mileage Scoters) നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ചുവടെ. ഹോണ്ട, ഹീറോ, ടിവിഎസ്, ഹീറോ, യമഹ എന്നീ മുന്‍നിര കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അവ വിശദമായി നോക്കാം.

ഹോണ്ട ആക്ടിവ 6G: സ്‌കൂട്ടര്‍ വാങ്ങാനൊരുങ്ങുമ്പോള്‍ ആവശ്യം അതെന്തായാലും ആദ്യം മനസ്സില്‍ വരുന്ന നാമങ്ങളില്‍ ഒന്നാണ് ഹോണ്ട ആക്ടിവ. 7.7 bhp പവറും 8.4 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ആക്ടിവയുടെ 110 സിസി എഞ്ചിന്‍ CVT ഗിയര്‍ ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ശരാശരി ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജ് ആക്ടിവക്ക് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
നിലവില്‍ വില്‍പ്പനയിലുള്ള ആക്ടിവ ഫീച്ചര്‍ സമ്പന്നമായ സ്‌കൂട്ടര്‍ കൂടിയാണ്. എല്‍ഇഡി ലൈറ്റുകള്‍ മുതല്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍, എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ലിഡ്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ എന്നിവ ഇതില്‍ ലഭ്യമാണ്. 73,086 രൂപ എക്സ്ഷോറൂം വിലയില്‍ വരുന്ന ആക്ടിവ 6G ഈ വില നിലവാരത്തില്‍ ലഭ്യമാകുന്ന ഒരു സമ്പൂര്‍ണ പാക്കേജാണ്.

ടിവിഎസ് ജുപ്പിറ്റര്‍ 125: ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ ഹോണ്ട ആക്ടിവയുടെ സമഗ്രാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തി കടന്നുവന്ന മോഡലാണ് ടിവിഎസ് ജുപ്പിറ്റര്‍. 8 bhp പവറും 10.5 Nm ടോര്‍ക്കും നല്‍കുന്ന 124.8 സിസി എഞ്ചിനാണ് ഇതിന്റെ കരുത്ത്. എഞ്ചിന്‍ CVT ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. ലിറ്ററിന് ശരാശരി 60 കിലോമീറ്റര്‍ മൈലേജ് ആണ് അവകാശപ്പെടുന്നത്.
ഏറ്റവും മികച്ച ഇന്‍-ക്ലാസ് അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഡിജിറ്റല്‍ അനലോഗ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് ടിവിഎസ് ജുപ്പിറ്റര്‍ 125-ന്റെ ചില പ്രത്യേകതകള്‍. 82,825 രൂപ രൂപ മുതല്‍ എക്സ്ഷോറൂം വില ആരംഭിക്കുന്ന ടിവിഎസ് ജുപ്പിറ്ററും പരിഗണിക്കാവുന്നതാണ്.

സുസുക്കി ആക്‌സസ് 125: ജാപ്പനീസ് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ജനപ്രിയ സ്‌കൂട്ടറാണ് ആക്സസ്. താങ്ങാവുന്ന വിലയില്‍ ഒരു പ്രീമയം ഉല്‍പ്പന്നം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ചോയ്സാണ് സുസുക്കി ആക്സസ് 125. 8.5 bhp പവറും 10 Nm ടോര്‍ക്കും വികസിപ്പിക്കുന്ന ഇതിലെ 124 സിസി എഞ്ചിന്‍ CVT ഗിയര്‍ബോക്സുമായിട്ടാണ് വരുന്നത്. 64 kmpl ആണ് ആക്സസിന് മൈലേജ് പറയുന്നത്.
എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എക്സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, മൊബൈല്‍ ചാര്‍ജിംഗിനുള്ള യുഎസ്ബി പോര്‍ട്ട്, മികച്ച അണ്ടര്‍ സീറ്റ് സ്റ്റോറേജ്, നീളമുള്ള ഫുട്‌ബോര്‍ഡ് എന്നിവയാണ് സുസുക്കി ആക്‌സസിന്റെ പ്രധാന ഹൈലൈറ്റുകള്‍. 77,600 രൂപ മുതല്‍ എക്സ്ഷോറൂം വിലയില്‍ ലഭ്യമാകുന്ന സുസുക്കി ആക്‌സസ് ഒരു മികച്ച ഓപ്ഷനാണ്.

ഹീറോ മാസ്ട്രോ എഡ്ജ്: ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക്, സ്പെഷ്യല്‍ ഡിസ്‌ക്, കണക്റ്റഡ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന മാസ്ട്രോ എഡ്ജ് എല്ലാ വിഭാഗം ഉപഭോക്താക്കളെയും ലക്ഷ്യമിടുന്നു. 9 bhp പവറും 10.4 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 124.6 സിസി എഞ്ചിനാണ് ഇതിന്റെ ശക്തി. ലിറ്ററിന് 60 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത പറയുന്നുണ്ട്.
ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ്, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, മൊബൈല്‍ ചാര്‍ജര്‍, ബൂട്ട് ലൈറ്റ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് സ്‌കൂട്ടറിന്റെ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍. 86,256 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് കണക്റ്റഡ് വേരിയന്റിന് 96,586 രൂപ എക്സ്ഷോറൂം വില മുടക്കണം.

യമഹ റേ ZR: കെര്‍ബ് ഭാരം ആണ് പട്ടികയിലെ മറ്റ് സ്‌കൂട്ടറുകളില്‍ നിന്ന് റോZR-നെ വ്യത്യസ്തമാക്കുന്നത്. മറ്റ് 4 സ്‌കൂട്ടറുകളേക്കാള്‍ 98 കിലോ ഭാരം കുറവാണ് ഇതിന്. സ്മാര്‍ട് മോട്ടോറോട് കൂടിയ സ്മാര്‍ട്ട് ഹൈബ്രിഡ് എഞ്ചിനാണ് മറ്റൊരു പ്രത്യേകത. CVT ഗിയര്‍ബോക്സുമായി ജോടിയാക്കിയ 125 സിസി എഞ്ചിന്‍ 8.08 bhp പവറും 10.3 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
ലിറ്ററിന് 68 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകള്‍. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. ഡ്രം വേരിയന്റിന് 84,730 രൂപയും ഡിസ്‌ക് വേരിയന്റിന് 90,830 രൂപയുമാണ് എക്‌സ് ഷോറൂം വില.


Click it and Unblock the Notifications








