ക്ലാസിക് റോഡ്‌സ്റ്ററുകൾ ഇനി സ്വപ്‌നമല്ല; 3 ലക്ഷത്തില്‍ താഴെ വിലയുള്ള മോഡലുകള്‍ ഇതാ...
നിരവധി പുത്തന്‍ മോട്ടോര്‍സൈക്കിളുകള്‍ നിരത്തിലുണ്ടെങ്കിലും ക്ലാസിക് ബൈക്കുകളുടെ മൊഞ്ച് അങ്ങനൊന്നും പൊയ്‌പ്പോകൂലാ എന്ന് പറയാറുണ്ട്. നിരവധി തലമുറകളെ ത്രസിപ്പിച്ച പല ക്ലാസിക് റോഡ്‌സ്റ്റര്‍ ബൈക്കുകളും അുടുത്തിടെ പുതുപ്പിറവിയെടുത്തിരുന്നു. കാണാനുള്ള അഴകിനൊപ്പം പഴമയുടെ ഓര്‍മകളിലേക്ക് കൂടിയാണ് ക്ലാസിക് ബൈക്കുകൾ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.
ലുക്കും പെര്‍ഫോമന്‍സും സമാസമം ചേരുന്ന മോഡേല്‍ ക്ലാസിക് റോഡ്‌സറ്ററുകളുടെ ജനപ്രിയത ഏറി വരുന്നതിന്റെ സൂചനയാണ് അടുത്തിടെ ഇന്ത്യന്‍ വിപണി കണ്ട ചില വമ്പന്‍ ലോഞ്ചുകള്‍. ലോകോത്തര ബ്രാന്‍ഡുകളായ ഹാര്‍ലി ഡേവിഡ്‌സണും ട്രയംഫുമടക്കം ഇന്ത്യക്ക് വേണ്ടി മാത്രമായി ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്ന സാഹചര്യത്തില്‍ എത്തി കാര്യങ്ങള്‍. 3 ലക്ഷം രൂപയില്‍ താഴെ എക്‌സ്‌ഷോറൂം വില മുടക്കിയാല്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ചില മോഡേണ്‍ ക്ലാസിക് റോഡ്‌സ്റ്റര്‍ ബൈക്കുകള്‍ നമുക്ക് പരിചയപ്പെടാം.

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350: പട്ടികയിലെ ഏറ്റവും താങ്ങാനാകുന്ന ബൈക്കില്‍ നിന്ന് തന്നെ നമുക്ക് തുടങ്ങാം. 1.49 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില. റെട്രോ ഫാക്ടറി, മെട്രോ ഡാപ്പര്‍, മെട്രോ റെബല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.
349.3 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 20.2 bhp പവറും 27 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. സിംഗിള്‍ സ്‌ട്രെച്ചഡ് സീറ്റ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, റൗണ്ട് ഹെഡ്ലൈറ്റുകള്‍ എന്നിവയാണ് ഹണ്ടര്‍ 350-യുടെ ഫീച്ചര്‍ ഹൈലൈറ്റുകള്‍.
യെസ്ഡി റോഡ്സ്റ്റര്‍: ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകള്‍ അടക്കി ഭരിച്ചിരുന്ന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായിരുന്നു യെസ്ഡി. എന്നാല്‍ പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ കാരണം അവര്‍ക്ക് നിര്‍മാണം അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ മൂന്ന് പുതിയ മോഡലുകളുമായി യെസ്ഡി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് വമ്പന്‍ റീഎന്‍ട്രി നടത്തി. 2.03 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വരുന്ന യെസ്ഡി റോഡ്‌സ്റ്ററാണ് നമ്മുടെ പട്ടികയില്‍ ഇടംപിടിച്ചത്.
29.23 bhp പവറും 28.95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 334 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് യെസ്ഡി റോഡ്സ്റ്ററിന്റെ കരുത്ത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ഫുള്‍ എല്‍ഇഡി ലൈറ്റുകള്‍, എല്‍സിഡി സ്‌ക്രീനോടുകൂടിയ സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ചെറിയ ഇന്ധന ടാങ്ക് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

ഹാര്‍ലി ഡേവിഡ്‌സണ്‍ X440: അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവരുടെ ഏറ്റവും താങ്ങാനാകുന്ന മോഡലായ X440 ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. രാജ്യത്തെ നമ്പന്‍ വണ്‍ ബ്രാന്‍ഡായ ഹീറോയുമായി സഹകരിച്ചാണ് ഹാര്‍ലി പുതിയ ബൈക്ക് വികസിപ്പിച്ചത്. ഹാര്‍ലിയുടെ ലൈനപ്പില്‍ നിന്നുള്ള ഏറ്റവും ചെറിയ ഡിസ്പ്ലേസ്മെന്റ് മോട്ടോര്‍സൈക്കിളാണ് X440.
2.29 ലക്ഷം രൂപയാണ് ഹാര്‍ലി X440 മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില. 27 bhp പവറും 38 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 440 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹാര്‍ലി ഡേവിഡ്സണ്‍ X440 മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്‌ലാറ്റ് ഹാന്‍ഡില്‍ബാര്‍, സൈഡ് സ്ലംഗ് എക്സ്ഹോസ്റ്റ്, റെട്രോ സ്‌റ്റൈല്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

ട്രയംഫ് സ്പീഡ് 400: ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ബജാജ് ഓട്ടോയുമായി കൈകോര്‍ത്ത് പുറത്തിറക്കിയ മോഡലാണ് ട്രയംഫ് സ്പീഡ് 400. ലുക്കിന്റെ കാര്യത്തില്‍ മാത്രമല്ല പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ട്രയംഫിന്റെ ഈ റോഡ്‌സ്റ്റര്‍ മനംകവരും. 2.33 ലക്ഷം രൂപ മുതലാണ് ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില.
39.5 bhp പവറും 37.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 398.1cc സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഇണചേര്‍ത്തിരിക്കുന്നത്. ഫിന്‍ ചെയ്ത സിലിണ്ടര്‍ ഹെഡ്സ്, പരമ്പരാഗത എക്സ്ഹോസ്റ്റ് ഹെഡര്‍, ലോഗോ തുടങ്ങി എല്ലാ ഡിസൈന്‍ ഘടകങ്ങളും ഒരുമിച്ചു ചേര്‍ന്ന് ഇതൊരു പക്കാ ട്രയംഫ് മോട്ടോര്‍സൈക്കിളാക്കി മാറ്റുന്നു.
ഹോണ്ട CB300R: 2.77 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന ഹോണ്ട CB300R ആണ് ഈ പട്ടികയിലെ ഏറ്റവും അവസാനത്തെ പോരാളി. ഹോണ്ടയുടെ പ്രീമിയം ലോവര്‍ ഡിസ്പ്ലേസ്മെന്റ് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഹോണ്ട CB300R. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഹോണ്ട CB300R മോട്ടോര്‍സൈക്കിളിന്റെ 286 സിസി എഞ്ചിന്‍ 30.7 bhp പവറും 27.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
നമ്മള്‍ ഈ ലേഖനത്തില്‍ പറഞ്ഞ ഓരോ വാഹനങ്ങളും ഡിസൈനിംഗില്‍ വ്യത്യസ്തമാണ്. ഓരോരുത്തരുടെയും താല്‍പര്യങ്ങളും അഭിരുചിയും വ്യത്യസ്തമായിരിക്കും. പെര്‍ഫോമന്‍സിന്റെ കാര്യത്തിലായാലും ഇവ ഓരോന്നും വ്യത്യസ്തമാണ്. എന്നാല്‍ മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന ഒരു റോഡ്‌സ്റ്റര്‍ ആണ് നിങ്ങള്‍ തേടുന്നതെങ്കില്‍ ഏറ്റവും പുതിയ ട്രയംഫ് സ്പീഡ് 400 ഒരു മികച്ച ഓപ്ഷനായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ ബജറ്റിനും ആവശ്യകതക്കും പ്രഥമ പരിഗണന നല്‍കുക.


Click it and Unblock the Notifications








