ചെറിയ ഓട്ടമേയുള്ളോ? ഏഥറിനും ഓലയ്ക്കും ഐക്യൂബിനുമെല്ലാം ഒരു ബജറ്റ് ബദലുമായി ബിഗൗസ്
രാജ്യത്ത് ഇലക്ട്രിക് ടു വീലറുകളുടെ ട്രെൻഡിന് ഫെയിം II പദ്ധതി റദ്ദാക്കിയതോടെ ചെറിയ മങ്ങൽ ഏറ്റു എന്നത് സത്യമാണ്, എന്നിരുന്നാലും ഇവികളിലേക്ക് ചേക്കേറുന്നത് ജനങ്ങൾ പൂർണ്ണമായി നിർത്തിയിട്ടൊന്നുമില്ല. അതിനാൽ തന്നെ പല നിർമ്മാതാക്കളും ഈ സെഗ്മെന്റിൽ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത് തകൃതിയായി തുടരുകയാണ്.
പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ പലരും കൂടുതൽ താങ്ങാനാവുന്ന ബജറ്റ് മോഡലുകളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ബിഗൗസും ഇതേ ട്രെൻഡിൽ തന്നെയാണ്, C12i EX എന്ന ഇലക്ട്രിക് സ്കൂട്ടറിനെ ഇന്ത്യൻ വിപണിയിൽ നിർമ്മാതാക്കൾ ലോഞ്ച് ചെയ്തിരിക്കുകയാണ്.

99,999 രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഇവി എത്തുന്നത്, എന്നാൽ ഈ വില 2023 സെപ്റ്റംബർ 19 വരെയാണ് ബാധകം എന്നത് ശ്രദ്ധിക്കേണ്ടതാണ്. അടുത്തിടെ പുറത്തിറക്കിയ ബിഗൗസ് C12i MAX ഇ-സ്കൂട്ടറിന് ഇതിനകം 6,000 യൂണിറ്റ് ബുക്കിംഗ് ലഭിച്ചതായി കമ്പനി അറിയിച്ചു.
ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ഈ നേട്ടം. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലർഷിപ്പുകൾ വഴിയോ പുതിയ C12i EX ബുക്ക് ചെയ്യാൻ സാധിക്കും. C12i EX ഇലക്ട്രിക് സ്കൂട്ടറിന് ബിഗൗസ് അഞ്ച് വർഷത്തെ വാറന്റിയും വാഗ്ദാനം ചെയ്യുന്നു.

ബിഗൗസ് C12i EX ബാറ്ററി & റേഞ്ച്: ബിഗൗസ് C12i EX -ന് ഡിറ്റാച്ചബിൾ/ നീക്കം ചെയ്യാവുന്ന 2.0 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 85 കിലോമീറ്റർ സർട്ടിഫൈഡ് ARAI റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കൂടാതെ മൂന്ന് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാനാകുമെന്ന് ഇവി നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.
അതോടൊപ്പം, ഇ-സ്‌കൂട്ടറിന് CAN- എനേബിൾഡ് സാങ്കേതികവിദ്യ ലഭിക്കുന്നു, അത് ഉപഭോക്താക്കളെ വാഹനവുമായി കണക്ട് ചെയ്തിരിക്കാനും വാഹനത്തിന് മേൽ ഒരു കൺട്രോൽ വെയ്ക്കാനും സഹായിക്കുന്നു. മുൻ മോഡലിന് സമാനമായി, പുതിയ C12i EX -ൽ IP -67 റേറ്റഡ് വാട്ടർപ്രൂഫ് ബാറ്ററിയും കടുത്ത ചൂടിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷണം നേടുന്ന ഇലക്ട്രിക് മോട്ടോറും സജ്ജീകരിച്ചിരിക്കുന്നു എന്ന് ബിഗൗസ് വ്യക്തമാക്കുന്നു. ഇലക്ട്രിക് സ്കൂട്ടറിൽ 2500-വാട്ട് റോട്ടറും നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.

ബിഗൗസ് C12i EX കളർ ഓപ്ഷനുകൾ: ബിഗൗസ് C12i EX ഇലക്ട്രിക് സ്കൂട്ടർ മാറ്റ് ബിഗൗസ് ബ്ലൂ, ഫ്ലോയേജ് ഗ്രീൻ, യെല്ലോ ബ്ലാക്ക്, റെഡ് ബ്ലാക്ക്, ഷൈനി സിൽവർ, പേൾ വൈറ്റ്, ബ്രൂക്ക്ലിൻ ബ്ലാക്ക് എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സ്‌മാർട്ട് ബാറ്ററിയും മോട്ടോർ കൺട്രോളറും ചകൻ പ്ലാന്റിൽ വികസിപ്പിച്ചതും രൂപകൽപ്പന ചെയ്‌തതുമാണ് എന്ന് ഇവി നിർമ്മാതാക്കൾ പറയുന്നു.
ബിഗൗസ് C12i EX ഫീച്ചറുകൾ: ഫീച്ചറുകളുടെ കാര്യത്തിൽ, ബിഗൗസ് C12i EX -ന് USB ചാർജിംഗ് പോർട്ട്, ലോക്ക് ചെയ്യാവുന്ന അണ്ടർഫൂട്ട് സ്റ്റോറേജ്, CBS ബ്രേക്കിംഗ് സിസ്റ്റം, ബാറ്ററി സേവിംഗ് മോഡ്, സൈഡ് സ്റ്റാൻഡ് സെൻസർ, സേഫ്റ്റി സ്റ്റാർട്ട് സ്വിച്ച് എന്നിവ ലഭിക്കുന്നു. കൂടാതെ ഇക്കോ, സ്‌പോർട് എന്നീ റൈഡ് മോഡുകളും ലഭിക്കും.

നിലവിലെ സാഹചര്യത്തിൽ ഫെയിം II പദ്ധയുടെ ആനുകൂല്യങ്ങൾ പിൻവലിച്ചതോടെ ഒന്ന് അടിപതറിയ ഇലക്ട്രിക് ടു വീലർ സെഗ്മെന്റ് നേരിയ പുരോഗതി പ്രാപിച്ചു വരികയാണ്. പുത്തൻ ബജറ്റ് മോഡലുകളുടെ അവതരണം മേഘലെ കൂടുതൽ ശക്തിപ്പെടുത്തും എന്ന് നിഗമിക്കാം. ചാർജിംഗ് ഇൻഫ്രാസ്ട്രച്ചറിന്റെ പുരോഗമനവും ഇവികളോടുള്ള ജനങ്ങളുടെ മനോഭാവവും ഈ ചെറു പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിനുള്ള നിർണ്ണായക ഘടകങ്ങളാണ്.
നിലവിൽ C12i, D15 എന്നിങ്ങനെ രണ്ട് പ്രധാന മോഡലുകളാണ് ബിഗൗസ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ തന്നെ മുകളിൽ സൂചിപ്പിച്ച C12i മാക്സ് എന്ന മോഡലിന് EX പതിപ്പിനേക്കാൾ വലിയ 3.2 kWh ബാറ്ററി പായ്ക്കും സിംഗിൾ ചാർജിൽ 135 ARAI സർട്ടിഫയ്ഡ് റെഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. 1.26 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ ഹൈ കപ്പാസിറ്റി മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്.


Click it and Unblock the Notifications








