കേന്ദ്രത്തില്‍ നിന്ന് ഈയൊരു നീക്കം പ്രതീക്ഷിച്ചില്ല! ഇലക്ട്രിക് ടൂവീലറുകളുടെ ഭാവി എന്താകുമോ എന്തോ?
മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) II പദ്ധതി ആനുകൂല്യങ്ങള്‍ പറ്റിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഫെയിം II സ്‌കീം മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇന്‍സെന്റീവുകള്‍ കൈപ്പറ്റിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫെയിം II പദ്ധതി മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇന്‍സെന്റീവ് ക്ലെയിം ചെയ്തതിന് ഏഴ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് 469 കോടി രൂപ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഹീറോ ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക്, ആമ്പിയര്‍ ഇവി, റിവോള്‍ട്ട് മോട്ടോര്‍സ്, ബെന്‍ലിംഗ് ഇന്ത്യ, അമോ മൊബിലിറ്റി, ലോഹ്യ ഓട്ടോ എന്നീ ഇവി കമ്പനികളില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ റീഫണ്ട് ആവശ്യപ്പെട്ടത്.

പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഈ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചെങ്കിലും ഇവയില്‍ റിവോള്‍ട്ട് മാത്രമാണ് റീഫണ്ടിന് ഒരുക്കമാണെന്ന് അറിയിച്ചതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്. 'ഞങ്ങള്‍ അവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതുവരെ റിവോള്‍ട്ട് മാത്രമാണ് പണം നല്‍കാന്‍ തയാറായത്. മറ്റുള്ളവര്‍ പ്രതികരിച്ചിട്ടില്ല. സമയപരിധി ഏതാണ്ട് അവസാനിച്ചു. അടുത്തയാഴ്ച സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുക്കും. ഞങ്ങള്‍ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുന്നു' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2015-ല്‍ തുടക്കമിട്ട ഫെയിം ഇന്ത്യ പദ്ധതിയുടെ വിപുലീകരിച്ച പതിപ്പാണ് ഫെയിം കക. 10,000 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയത്. സ്‌കീം പ്രകാരം ത്രീ-വീലര്‍, ഫോര്‍ വീലര്‍ വിഭാഗങ്ങളില്‍ പൊതുഗതാഗതത്തിനോ വാണിജ്യ ആവശ്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ഇന്‍സെന്റീവ് ലഭ്യമായിരുന്നു. ഇരുചക്ര വാഹനങ്ങളിലേക്ക് വന്നാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടൂവീലറുകള്‍ക്കും സബ്സിഡികള്‍ ലഭിക്കുന്നു.

എന്നാല്‍ ചില വാഹന നിര്‍മാതാക്കള്‍ സര്‍ക്കാര്‍ മുന്നോട്ട്വെച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പറ്റിയതായി കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം കണ്ടെത്തിയിരുന്നു. പദ്ധതിയുടെ നിയമങ്ങള്‍ അനുസരിച്ച് മെയ്ഡ് ഇന്‍ ഇന്ത്യ ഘടകങ്ങള്‍ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇന്‍സെന്റീവ് അനുവദിച്ചിരുന്നത്. ഈ ഏഴ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കാക്കള്‍ ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഉപയോഗിച്ചതായാണ് പറയപ്പെടുന്നത്.
ഇവികളുടെ ആഭ്യന്തര നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിനായുള്ള ഫേസ്ഡ് മാനുഫാക്ചറിംഗ് പ്ലാന്‍ (FMP) നിയമങ്ങള്‍ പാലിക്കാതെ സബ്സിഡി ക്ലെയിം ചെയ്യുന്നതായി ആരോപിച്ച് അജ്ഞാത ഇമെയിലുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം അന്വേഷണം നടത്തിയത്. കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന്റെ റഡാറിന് കീഴിലായിരുന്ന 12 ഇവി നിര്‍മാതാക്കളില്‍ ഏഴു കമ്പനികള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.

അതിനുശേഷം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സബ്സിഡി വിതരണം സര്‍ക്കാര്‍ വൈകിപ്പിച്ചിരുന്നു. ഇന്‍സെന്റീവുകള്‍ തിരികെ നല്‍കാന്‍ ഈ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് കേന്ദ്രം 10 ദിവസത്തെ സമയമായിരുന്നു അനുവദിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം ഭാവിയില്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിന്ന് അയോഗ്യത നേരിടേണ്ടിവരുമെന്നും അവരെ അറിയിച്ചു. ഈ ഇവി നിര്‍മാതാക്കളെ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ തടഞ്ഞിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പദ്ധതി പ്രകാരം ഒരു ഇന്‍സെന്റീവും ലഭിക്കില്ലെന്നുമായിരുന്നു അധികൃതര്‍ വ്യക്തമാക്കിയത്.
വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന അധിക കിഴിവ് തിരികെ നല്‍കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടാനുള്ള സാധ്യത പരിശോധിക്കണമെന്ന് ഏഴ് ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷം സബ്സിഡി നിര്‍ത്തലാക്കിയതിന് ശേഷം കമ്പനികള്‍ക്ക് കുടിശ്ശികയും വിപണി നഷ്ടവും കാരണം 9,000 കോടി രൂപയിലധികം നഷ്ടമുണ്ടായതായി സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (SMEV) പറഞ്ഞു.
ഫെയിം II സബ്‌സിഡി സ്‌കീം വഴി 10 ലക്ഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍, അഞ്ച് ലക്ഷം ഇലക്ട്രിക് ത്രീ-വീലറുകള്‍, 55,000 ഇലക്ട്രിക് ഫോര്‍ വീലറുകള്‍, പാസഞ്ചര്‍ കാറുകള്‍, 7,090 ഇലക്ട്രിക് ബസുകള്‍ എന്നിവയ്ക്ക് സബ്‌സിഡികള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കൂടുതല്‍ വാഹനങ്ങള്‍ക്ക് സബ്സിഡി ലഭ്യമാക്കാനായി കേന്ദ്രം ഇക്കഴിഞ്ഞ ജൂണ്‍ 01 മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി വെട്ടിക്കുറച്ചിരുന്നു. അത് ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പനയെ കാര്യമായി ബാധിച്ചിരുന്നു.


Click it and Unblock the Notifications








