ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ച് 9 മാസം കൊണ്ട് ലാഭിച്ചത് 1 ലക്ഷം രൂപ; ഡെലിവറിബോയ്‌ക്കൊപ്പം സെൽഫിയെടുത്ത് ഓല സിഇഒ
ഇന്ത്യന്‍ നിരത്തുകളില്‍ ഇന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സജീവമാണ്. ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്കായി പല കമ്പനികളും കൂടുതലായി ഇലക്ട്രിക് വാഹനങ്ങളാണ് തങ്ങളുടെ വാഹനവ്യൂഹങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡെലിവറി ബോയ്‌സും ഇന്ന് ഇവികളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളില്‍ ഒന്നായ ഓല ഇലക്ട്രിക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ അടുത്തിടെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു സോമാറ്റോ ഡെലിവറി ജീവനക്കാരനോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചു. ഇലക്ട്രിക് സ്‌കൂട്ടര്‍ തന്റെ ജോലിക്കായി ഉപയോഗിച്ച് അദ്ദേഹം നേടിയ സാമ്പത്തിക ലാഭത്തെ കുറിച്ചാണ് ഭവിഷ് അഗര്‍വാളിനോട് പറഞ്ഞത്.

ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്ന ഇയാള്‍ക്ക് ഒമ്പത് മാസത്തിനുള്ളില്‍ ഒരു ലക്ഷം രൂപ ലാഭിക്കാനായതായി ഭവിഷ് അഗര്‍വാള്‍ അവകാശപ്പെട്ടു. 'ഒരു ട്രാഫിക് ജംഗ്ഷനില്‍ വെച്ച് സന്തോഷിനെ കണ്ടു. 2 ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുള്ള സംരഭകന്‍. 50,000 കിലോമീറ്ററിലധികം ഓടിച്ചിട്ടുണ്ട്! ഞങ്ങളുടെ ഹൈപ്പര്‍ ചാര്‍ജിംഗ് സ്റ്റേഷനില്‍ ആദ്യത്തേത് ചാര്‍ജ് ചെയ്യുമ്പോള്‍ രണ്ടാമത്തേത് ഡ്രൈവ് ചെയ്യുന്നു. വെറും 9 മാസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം രൂപ ലാഭിച്ചു!' ഭവിഷ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
തനിക്ക് രണ്ട് ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉണ്ടെന്നും ഒന്ന് ചാര്‍ജ് ചെയ്യുമ്പോള്‍ മറ്റേ സ്‌കൂട്ടര്‍ ജോലി ചെയ്യാനായി ഉപയോഗിക്കുമെന്നുമാണ് സൊമാറ്റോ ഡെലിവറി ജീവനക്കാരന്‍ ഭവിഷ് അഗര്‍വാളിനോട് തുറന്ന് പറഞ്ഞത്. ഇദ്ദേഹം രണ്ട് സ്‌കൂട്ടറുകളിലുമായി അരലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയത് ഓല സിഇഒ ഊന്നിപ്പറയുന്നതും ശ്രദ്ധിക്കണം. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തില്‍ നഗരയാത്രകള്‍ക്ക് ഏറ്റവും സുഖകരവും ലാഭകരവുമായത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണെന്ന വാദത്തിന് കരുത്തേകുന്നതാണ് സൊമാറ്റോ ഡെലിവറി ബോയിയുടെ അവകാശവാദം.

ഒരു ഇലക്ട്രിക് ഇരുചക്രവാഹനം ചാര്‍ജ് ചെയ്യുന്നതിനുള്ള ചെലവ് പലപ്പോഴും ഇന്ധനം നിറയ്ക്കുന്നതിനേക്കാള്‍ വളരെ കുറവാണ്. അതിനാല്‍ തന്നെ ദൈനംദിന യാത്രകള്‍ക്കായി പല ആളുകളും ഇവികളിലേക്ക് ചുവട് മാറിക്കൊണ്ടിരിക്കുകയാണിന്ന്. കുറഞ്ഞ റേഞ്ചുള്ള 2 kWh ബാറ്ററി പായ്ക്ക് ഓപ്ഷന്‍ ഉള്‍പ്പെടുത്തി ഓല ഇലക്ട്രിക് അടുത്തിടെ തങ്ങളുടെ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലെ വേരിയന്റ് ലൈനപ്പ് പുനഃക്രമീകരിച്ചിരുന്നു.
2.5 kWh ബാറ്ററി പായ്ക്കിന്റെ പകരക്കാരനായാണ് ചെറിയ ബാറ്ററി പായ്ക്ക് എത്തിക്കുന്നത്. 84,999 രൂപയില്‍ വരുന്ന ഓല S1 എയറില്‍ ഇത് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫുള്‍ചാര്‍ജില്‍ 85 കിലോമീറ്റര്‍ റേഞ്ചാണ് ഈ വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ 85 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. അതേസമയം ഓല S1-ന്റെ 2 kWh വേരിയന്റിന്റെ വില 99,999 രൂപയാണ് (എക്സ്-ഷോറൂം).
S1 പ്രോ, S1 3kWh എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 115 കിലോഗ്രാം ഭാരമുള്ള S1 പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും ഭാരം കുറഞ്ഞതാണ് ഈ സ്‌കൂട്ടര്‍. ഇന്ത്യന്‍ ഡ്രൈവിംഗ് സാഹചര്യത്തില്‍ 2 kWh ബാറ്ററി പായ്ക്ക് ഓല S1-ല്‍ ഒറ്റ ചാര്‍ജില്‍ 91 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 11.3 bhp പവര്‍ ഉത്പാദിപ്പിക്കുന്ന അതേ മിഡ്-ഡ്രൈവ് മോട്ടോര്‍ ആണ് ഇവിക്ക് കരുത്ത് പകരുന്നു.
മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. നേരത്തെ 2.5 kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ ഓല S1 എയര്‍ ബുക്ക് ചെയ്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 3 kWh ബാറ്ററി പായ്ക്കിലേക്ക് ഓട്ടോമറ്റിക്കായി അപ്‌ഗ്രേഡ് ചെയ്യപ്പെടും. ഈ ഇവി മുഴുവന്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് ഓല അവകാശപ്പെടുന്നത്. 165 കിലോമീറ്റര്‍ IDC റേഞ്ച് വാഗ്ദാനം ചെയ്യുന്ന ടോപ്പ്-സ്പെക്ക് ഓല S1 എയറിന് 4 kWh ബാറ്ററി പായ്ക്കാണ് നല്‍കുന്നത്.
ടോപ്പ്-സ്പെക്ക് ഓല S1 പ്രോ അതേ 8.5 kW മോട്ടോറുമായി ജോടിയാക്കിയ 4 kWh ബാറ്ററി പായ്ക്ക് മാത്രമായി ലഭ്യമാകും. ഫുള്‍ ചാര്‍ജില്‍ 185 കി.മീ (IDC) റേഞ്ച് ഈ സ്പെക്കില്‍ ഓല വാഗ്ദാനം ചെയ്യുന്നുണ്ട്. മണിക്കൂറില്‍ 116 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബുക്കിംഗ് ആരംഭിച്ചെങ്കിലും മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരിക്കും ഡെലിവറി ആരംഭിക്കുക. വേരിയന്റ് ലൈനപ്പ് പുതുക്കിയതാണ് ഡെലിവറി വൈകാന്‍ കാരണമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








