പുതിയ ബൈക്കും പുതിയ 'മുഖവും'; ഡ്യുക്കാട്ടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആരാണെന്ന് കണ്ടോ?
ലോകത്തിലെ പ്രമുഖ ലക്ഷ്വറി പെര്‍ഫോമന്‍സ് ബൈക്ക് നിര്‍മാതാക്കളാണ് ഡ്യുക്കാട്ടി. രാജ്യത്ത് ഒരുപിടി മോഡലുകള്‍ പുറത്തിറക്കുന്ന ഇറ്റാലിയന്‍ കമ്പനി ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനെ ഇന്ത്യയിലെ പുതിയ 'മുഖമായി' അവതരിപ്പിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' തീയറ്ററുകളില്‍ ഹിറ്റായി മുന്നേറുന്നതിനിടെയാണ് വമ്പന്‍ പ്രഖ്യാപനം.
ഇതിനോടകം 100 കോടി ക്ലബില്‍ ഇടംപിടിച്ച ചിത്രത്തിലെ പ്രകടദനത്തിലൂടെ രണ്‍വീര്‍ കൈയ്യടി നേടിയിരുന്നു. ഇതോടൊപ്പം ഒരു പുതുപുത്തന്‍ മോട്ടോര്‍സൈക്കിളും ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ഡയവല്‍ V4 ആണ് 25.91 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ബൈക്ക് ഉള്‍പ്പെടെ ഡ്യുക്കാട്ടിയെ ഇനി മുതല്‍ രണ്‍വീര്‍ സിങ് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയും മറ്റും പ്രമോട്ട് ചെയ്യും.

ഭാരത് ജിപി, ഏഷ്യ-പസഫിക് മേഖലയിലെ മോട്ടോജിപി റേസുകള്‍, വേള്‍ഡ് ഡ്യുക്കാട്ടി വീക്ക് ഇവന്റ് എന്നിവയുള്‍പ്പെടെ കമ്പനിയുടെ ഒന്നിലധികം പരിപാടികളില്‍ സിങ്ങിന്റെ ആരാധകര്‍ക്ക് അദ്ദേഹം പങ്കെടുക്കുന്നത് കാണാന്‍ കഴിയുമെന്ന് കമ്പനി വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ഫെസ്റ്റിവലുകളില്‍ ഒന്നായ വേള്‍ഡ് ഡ്യുക്കാട്ടി വീക്ക് ഇവന്റ് ഇറ്റലിയിലെ മിസാനോയിലാണ് നടക്കുക.
കമ്പനിയുടെ വിവിധ പ്രമോഷണല്‍ പരിപാടികളിലും പുതിയ ലോഞ്ച് ഇവന്റുകളിലും സിങ് പങ്കെടുക്കുമെന്നും കമ്പനി വ്യക്തമാക്കി. ഐതിഹാസിക ബ്രാന്‍ഡിന്റെ മുഖമാകുന്നത് ഒരു ബഹുമതിയാണെന്ന് രണ്‍വീര്‍ പറഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഡ്യുക്കാട്ടി ഡയവല്‍ V4 ഇന്ത്യയിലെത്തിയത്. പുതിയ ഡയവല്‍ V4 ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഡയവല്‍ മോഡല്‍ ആണ്.

മാത്രമല്ല ഇത് ഡയവല്‍ 1260, 1260S, ഡയവല്‍ ഡാര്‍ക്ക്, S, ബ്ലാക്ക് സ്റ്റാര്‍ എന്നിവയ്ക്കും മുകളിലാണ് സ്ഥാനം പിടിക്കുക. ഡ്യുക്കാട്ടി ഇന്ത്യ വൈകാതെ Xഡയവല്‍ നേരയും ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്നുണ്ട്. വിലയുടെ കാര്യത്തില്‍ ഡയവല്‍ V4-ന്റെ മുകളിലായിരിക്കും ഇതിന്റെ സ്ഥാനം. ഡ്യുക്കാട്ടി റെഡ് ത്രില്ലിംഗ് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഡയവല്‍ V4 സ്വന്തമാക്കാം.
പവര്‍ട്രെയിനിന്റെ കാര്യത്തിലാണ് ഡയവല്‍ V4 മറ്റ് ഡയവലുകളില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത്. ടെസ്റ്റസ്ട്രറ്റ DVT 1262 (V2) എഞ്ചിന് പകരം V4 ഗ്രാന്‍ടൂറിസ്‌മോ എഞ്ചിനാണ് ഇതില്‍ ഡ്യൂട്ടി ചെയ്യുന്നത്. മള്‍ട്ടിസ്ട്രാഡ V4 അഡ്വഞ്ചര്‍ ബൈക്കിന് തുടിപ്പേകുന്ന ഈ എഞ്ചിന്‍ ഒരു 4 സിലിണ്ടര്‍ യൂണിറ്റാണ്. ഗ്രാന്‍ടൂറിസ്‌മോ V4 എഞ്ചിന്‍ ഉപയോഗിച്ച്, 60,000 കിലോമീറ്ററിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ് ഇടവേളയും (വാല്‍വ് ക്ലിയറന്‍സ് പരിശോധന) ഡ്യുക്കാട്ടി ഉറപ്പുനല്‍കുന്നു.
മുന്‍ തലമുറ V2 എഞ്ചിനേക്കാള്‍ 1.2 കിലോഗ്രാം ഭാരം കുറവാണ് ഈ എഞ്ചിന്. 4 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 168 bhp പവറും 126 Nm പീക്കഎ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഒപ്പം ബൈക്കിന് 3 പവര്‍ മോഡുകളും സ്‌പോര്‍ട്, ടൂറിംഗ്, അര്‍ബന്‍, വൈറ്റ് എന്നിങ്ങനെ 4 റൈഡിംഗ് മോഡുകളും ഉണ്ട്.
കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍, പവര്‍ ലോഞ്ച്, ക്വിക്ക് ഷിഫ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവള്‍ ഉള്‍പ്പെടുന്ന ഏറ്റവും പുതിയ തലമുറ 6-ആക്‌സിസ് IMU ഉള്‍പ്പെടെയുള്ള ടെക്‌നോളജികള്‍ ഉള്‍പ്പെടുന്ന ബൈക്കില്‍ നിങ്ങള്‍ക്ക് വേറെ ലെവല്‍ റൈഡാണ് സാധ്യമാകുക. ഡ്യുക്കാറ്റി ലിങ്ക് ആപ്പ് വഴിയുള്ള ബ്ലൂടൂത്ത് സംയോജനത്തോടുകൂടിയ 5 ഇഞ്ച് TFT ഡാഷ്ബോര്‍ഡും ഓപ്ഷണല്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ഡിസ്പ്ലേയും ഡയവല്‍ V4-ന് ലഭിക്കുന്നു.
വീതിയുള്ള 240/45-ZR17 പിറെല്ലി ഡയാബ്ലോ റോസ്സോ III ടയറും കൊണ്ട് പൊതിഞ്ഞ ആകര്‍ഷകമായ ഫൈവ്-സ്പോക്ക് അലോയ് വീലാണ് ബൈക്ക് ഓടുക. ഫ്രണ്ടില്‍ 120/70 ZR17 പിറെല്ലി ഡയബ്ലോ റോസോ III ആണ് ഘടിപ്പിച്ചിരിക്കുന്നത്. ബൈക്കിന്റെ എര്‍ഗണോമിക്സിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡയവല്‍ V4-ന്റെ ഹാന്‍ഡില്‍ബാര്‍ റൈഡറോട് 20 mm അടുത്തു.
ഒപ്പം സീറ്റ് ഹൈറ്റ് 790 mm ആണ്. അതേ 50 mm അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും പിന്നിലെ മോണോഷോക്കും സസ്‌പെന്‍ഡന്‍ ചുമതലകള്‍ തുടര്‍ന്നും നിര്‍വഹിക്കും. ഡ്യുക്കാട്ടി ഡയവല്‍ V4 സുസുക്കി ഹയബൂസയ്ക്കെതിരെയായിരിക്കും മത്സരിക്കുക. ബൈക്ക് ബുക്ക് ചെയ്തവര്‍ക്ക് ഉടന്‍ തന്നെ മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി, ചണ്ഡിഗഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഡ്യുക്കാട്ടി സ്റ്റോറുകളില്‍ നിന്നായി ഡെലിവറി ലഭിക്കും.


Click it and Unblock the Notifications








