35000 രൂപ വരെ ലാഭം! ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വേണം
സമീപകാലത്തായി ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പതിയെ ജനമനസുകളില്‍ ഇടംനേടി വരികയായിരുന്നു. സെഗ്‌മെന്റിന്റെ വളര്‍ച്ചക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൈമെയ് മറന്ന് അവയെ സഹായിക്കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത് ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റിന്റെ മുന്നോട്ടുള്ള കുതിപ്പിന് തടയിട്ടേക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കാരണം സബ്‌സിഡി കുറച്ചതോടെ ഇവികളുടെ വില ഉയര്‍ത്തുകയല്ലാതെ നിര്‍മാതാക്കള്‍ക്ക് വേറെ വഴിയില്ല. ഫെയിം II സബ്സിഡി തുക കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുന്നതിനാല്‍ അടുത്ത മാസം മുതല്‍ പല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും വില കൂടും. അതിനാല്‍ തന്നെ നിങ്ങള്‍ ഓല, ഏഥര്‍, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നിങ്ങനെ ഏതെങ്കിലും ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നാളെയാകാന്‍ കാത്തുനില്‍ക്കാതെ ഇന്ന് തന്നെ വാങ്ങുക.

കാരണം ഇപ്പോള്‍ ഈ ഇവികള്‍ വാങ്ങിയാല്‍ നിങ്ങള്‍ക്ക് 35,000 രൂപ വരെ ലാഭിക്കാനും കഴിയും. സബ്‌സിഡി വെട്ടിക്കുറച്ചതിനെ കുറിച്ച് പറയുന്നതിന് മുമ്പായി നാം ഫെയിം II പദ്ധതിയെ കുറിച്ച് മനസ്സിലാക്കണം. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉല്‍പ്പാദനവും വില്‍പനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2015-ലാണ് ഫെയിം (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് ഹൈബ്രിഡ് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) പദ്ധതി അവതരിപ്പിച്ചത്.
ഫെയിമിന്റെ രണ്ടാം ഘട്ടം 2019 ഏപ്രില്‍ ഒന്നിനാണ് സമാരംഭം കുറിച്ചത്. തുടക്കത്തില്‍ 2022 മാര്‍ച്ച് വരെ മാത്രമായിരുന്നു ഇതിന് സാധുത ഉണ്ടായിരുന്നതെങ്കിലും പിന്നീട് 2024 മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. ഏകദേശം 10,000 കോടി രൂപയാണ് സബ്‌സിഡി ഇനത്തില്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയത്.

ഇലക്ട്രിക് ടൂവീലറുകളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനായി 2021 ജൂണില്‍ കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ഒരു kWh-ന് ഇന്‍സെന്റീവ് 10,000 രൂപയില്‍ നിന്ന് 15,000 രൂപയായി ഉയര്‍ത്തി. ഇതിന്റെ പരമാവധി പരിധി ഇവിയുടെ എക്‌സ് ഫാക്ടറി വിലയുടെ 20 ശതമാനമായിരുന്നു. അത് 40 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ ഈ തീരുമാനം സെഗ്‌മെന്റിന് നല്‍കിയ ഊര്‍ജ്ജം ചില്ലറയല്ല. സബ്‌സിഡിയുടെ മികവില്‍ കൂടുതല്‍ ജനങ്ങള്‍ ഇവി വാങ്ങാന്‍ താല്‍പര്യം കാണിച്ച് തുടങ്ങി.
എന്നാല്‍ ഫെയിം II പദ്ധതി പ്രകാരം ഇലക്ട്രിക് ടൂവീലറുകള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി നിലവിലുള്ള kWh-ന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറയും. ജൂണ്‍ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. സബ്‌സിഡിയുടെ പരമാവധി പരിധി 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്യും.

സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ബജാജ് ഓട്ടോ തുടങ്ങി മുന്‍നിര ഇവി നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ കൂടാതെ മറ്റുള്ള കമ്പനികളും വില കൂട്ടുമെന്ന കാര്യം ഉറപ്പാണ്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 25,000 രൂപ മുതല്‍ 35,000 രൂപ വരെ വര്‍ധിക്കാനാണ് സാധ്യത.
നിലവില്‍ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റ് ഭരിക്കുന്നത് ഓല ഇലക്ട്രിക്കാണ്. അവരുടെ S1 ശ്രേണിയില്‍ മൂന്ന് മോഡലുകളാണ് ഓഫര്‍ ചെയ്യുന്നത്. എന്‍ട്രി ലെവല്‍ മോഡലായ S1 എയറിന് 84,999 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില വരുന്നത്. S1, S1 പ്രോ എന്നിവയ്ക്ക് യഥാക്രമം 1.15 ലക്ഷം രൂപയും 1.25 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. 98,079 രൂപ മുതല്‍ 1.28 ലക്ഷം രൂപ വരെയാണ് ഏഥര്‍ 450X-ന്റെ എക്സ്ഷോറൂം വില.
ബജാജ് ചേതക്കിന്റെ വില 1.22 ലക്ഷം മുതല്‍ 1.52 ലക്ഷം രൂപ വരെ പോകുന്നു. ടിവിഎസ് ഐക്യൂബിന് 1.06 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ ഓണ്‍റോഡ് വിലയായി മുടക്കേണ്ടത്. നിങ്ങള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഒരു ദിവസം പോലും വൈകിപ്പിക്കാന്‍ പാടില്ല. കാരണം മണിക്കൂറുകള്‍ക്കകം പല ഇവികളുടെയും വില കൂടാന്‍ പോകുകയാണ്. 30,000 രൂപ വരെയാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് ലാഭിക്കാന്‍ സാധിക്കുക. അതിനാല്‍ തന്നെ വേഗം തന്നെ ഷോറൂമിലേക്ക് വിട്ടോളൂ.


Click it and Unblock the Notifications








