ഇതാ ഓലയും ഏഥറും ഹീറോയും ഒരു കുടക്കീഴില്‍! ഇനി ഷോറൂമുകള്‍ കയറി ഇറങ്ങണ്ട
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന വാഹന വിഭാഗമാണ് ഇലക്ട്രിക് ടൂവീലര്‍. സ്റ്റാര്‍ട്ടപ്പ് കമ്പനികളും പരമ്പരാഗത നിര്‍മാതാക്കളുമടക്കം നിരവധി കമ്പനികള്‍ ഈ സ്‌പെയ്‌സില്‍ സാന്നിധ്യം അറിയിക്കുന്നു. ഇന്ന് ഇ-സ്‌കൂട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നില്‍ ധാരാളം ഓപ്ഷനുകള്‍ ഉണ്ട്. എന്നാല്‍ അവ വാങ്ങാന്‍ ആ കമ്പനികളുടെ ഷോറൂമുകള്‍ കയറി ഇറങ്ങണം.
എന്നാല്‍ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ഹീറോ ഇലക്ട്രിക് എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരന്നാല്‍ എങ്ങനെ ഇരിക്കും. സംഭവം പൊളിക്കൂലെ. എന്നാല്‍ ഇക്കാര്യം പ്രവര്‍ത്തികമാക്കുകയാണ് ഇലക്ട്രിക്‌പേ. തങ്ങളുടെ സേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി ഇലക്ട്രിക്‌പേ കഴിഞ്ഞ ദിവസം വെര്‍ച്വല്‍, ഫിസിക്കല്‍ മൊബിലിറ്റി സെന്ററുകള്‍ ആരംഭിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് ലളിതമാക്കാനാണ് ഈ മൊബിലിറ്റി സെന്ററുകള്‍ കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രത്യേകിച്ച് ഇലക്ട്രിക് ടൂവീലറുകളിലേക്കുള്ള ജനങ്ങളുടെ മാറ്റങ്ങള്‍ക്ക് തടയിടുന്ന രണ്ട് കാര്യങ്ങളുണ്ടെന്നാണ് ഇലക്ട്രിക്‌പേ പറയുന്നത്. ഒന്നാമത്തേത് റേഞ്ച് ഉത്കണ്ഠയാണ്. എന്നാല്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ട് വരുന്നതിനാല്‍ ഇത് വിടാം. തങ്ങളുടെ വിപുലമായ ചാര്‍ജിംഗ് നെറ്റ്വര്‍ക്കിലൂടെ തങ്ങള്‍ ഈ ആശങ്ക ദൂരീകരിച്ചതായും ഇലക്ട്രിക്‌പേ അവകാശപ്പെടുന്നു.
ഇലക്ട്രിക് ടൂവീലറുകളുടെ ബാഹുല്യമാണ് രണ്ടാമത്തെ വെല്ലുവിളിയായി കമ്പനി ചുണ്ടിക്കാട്ടുന്നത്. ഇന്ന് രാജ്യത്ത് 200-ലധികം ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതേകാരണം കൊണ്ട് തന്നെ ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലാകുന്നു. ഉപഭോക്താക്കളുടെ ഇത്തരം ആശയക്കുഴപ്പം ലഘൂകരിക്കുന്നതിനായാണ് തങ്ങള്‍ മൊബിലിറ്റി സെന്ററുകളും ഓണ്‍ലൈന്‍ ആപ്പും കൊണ്ടുവന്നതെന്നാണ് ഇലക്ട്രിക്‌പേ പറയുന്നത്.
തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ വാഹനം തെരഞ്ഞെടുക്കുന്നതിനാവശ്യമായ അറിവും തീരുമാനമെടുക്കാനുള്ള ശക്തിയും അവര്‍ക്ക് നല്‍കുന്ന ഒരു പാഠശാലയായി തങ്ങളുടെ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഇലക്ട്രിക്‌പേയുടെ സഹസ്ഥാപകനും സിഐഒയുമായ അവിനാശ് ശര്‍മ്മ പറഞ്ഞു. ഔട്ട്‌ലെറ്റുകളിലൂടെയോ അല്ലെങ്കില്‍ ഇലക്ട്രിക്‌പേ ആപ്പ് വഴിയോ, ഉപഭോക്താക്കള്‍ക്ക് ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ഹീറോ ഇലക്ട്രിക് എന്നിവയടക്കമുള്ള വാഹന ബ്രാന്‍ഡുകളില്‍ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കണ്ടറിയാനും ടെസ്റ്റ് ഡ്രൈവ് നടത്താനും സാധിക്കും.
ഹോം അല്ലെങ്കില്‍ വര്‍ക്ക്‌പ്ലേസ് ചാര്‍ജിംഗ് സൊല്യൂഷനുകള്‍ക്കുള്ള ഓപ്ഷനുകളും മൊബിലിറ്റി സെന്ററുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. മൊബിലിറ്റി സെന്ററുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് സബ്സ്‌ക്രിപ്ഷനുകള്‍, ഫിനാന്‍സിംഗ് ചോയ്സുകള്‍, എക്‌സ്‌ചേഞ്ച്, ഇന്‍ഷുറന്‍സ്, രജിസ്ട്രേഷന്‍ എന്നിവയില്‍ പരമാവധി ആനുകൂല്യങ്ങള്‍ നേടാനും സാധിക്കും.
ഇലക്ട്രിക്‌പേയില്‍ നിന്ന് ഒരു ഇവി വാങ്ങിയാല്‍ ഉപഭോക്താവിന് നിരവധി ആനുകൂല്യങ്ങളുണ്ട്. ചാര്‍ജിംഗ് പോയിന്റ് സ്ഥാപിക്കുന്നതാണ് അതില്‍ ഒന്ന്. കൂടാതെ ഇന്ത്യയിലുടനീളമുള്ള ഇലക്ട്രിക്‌പേയുടെ വിപുലമായ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്താനുള്ള അവസരവും ലഭിക്കും.
'ഞങ്ങളുടെ ഏറ്റവും പുതിയ സംരംഭം ഇവി ഉടമസ്ഥത എളുപ്പമാക്കുന്നതോടൊപ്പം മേഖലയുടെ വളര്‍ച്ചയെ കൂടുതല്‍ സഹായിക്കുന്നു. ഞങ്ങളുടെ സ്റ്റോറുകളില്‍ ലഭ്യമായ എല്ലാ ഓഫറുകളും സേവനങ്ങളും ഇലക്ട്രിക്‌പേ ആപ്പ് വഴി തടസ്സങ്ങളില്ലാതെ ആക്സസ് ചെയ്യാവുന്നതും ഞങ്ങളുടെ ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ എത്തിക്കുന്നതുമാണ്. ഒക്ടോബറില്‍, ഞങ്ങളുടെ മൊബിലിറ്റി സ്റ്റോറുകള്‍ ബെംഗളൂരുവിലെ 6 ശതമാനം ഇലക്ട്രിക് ടൂവീലറുകളുടെ വില്‍പ്പന സുഗമമാക്കി' ഇലക്ട്രിക്പെയുടെ സഹസ്ഥാപകനും സിപിഒയുമായ രാഘവ് രോഹില പറഞ്ഞു.
നിലവില്‍ കര്‍ണാടകയിലെ ബാംഗ്ലൂരിലാണ് ഇലക്ട്രിക്‌പേയുടെ മൊബിലിറ്റി സെന്ററുള്ളത്. അടുത്ത വര്‍ഷം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുന്നതിനായി കമ്പനി പദ്ധതിയിടുന്നു. വിവിധ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നത് വളരെ മികച്ച കാര്യമാണ്. നമ്മുടെ കേരളത്തിലും ഇത്തരം ഒരു ഔട്ട്‌ലെറ്റ് തുറന്നാല്‍ നിങ്ങള്‍ അവിടെ നിന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമോ?. നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








