മുടി നരച്ചതാണോ തെറ്റ്; വിആർഎസ് പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്
ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി സ്വമേധയാ വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജോലിക്കാരുടെ ക്ഷേമവും അത് പോലെ തന്നെ കമ്പനിയുടെ ഉന്നമനത്തിനും, വികസനത്തിനും നല്ല ചുറുചുറുക്കുളള കൂടുതൽ ആളുകൾ കമ്പനിയിലേക്ക് വരാനും കൂടിയാണ് ഈ നീക്കം.
ലിസ്റ്റിൽ എല്ലാ ജീവനക്കാരും ഉൾപ്പെടുന്നുണ്ട്. അത് പോലെ തന്നെ നിരവധി സമ്മാനങ്ങളും, മെഡിക്കൽ കവറേജ്, ഒറ്റത്തവണ തുക, ട്രാൻസ്ഫർ, കരിയർ സപ്പോർട്ട് എന്നിവയെല്ലാം കമ്പനി നൽകും എന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ഒരു നീക്കത്തിലൂടെ കമ്പനിക്ക് കൂടുതൽ ഉൽപ്പാദനക്ഷമതയും വളർച്ചയും ഉണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് അധികൃതർ.

ഇരുചക്രവാഹന വിപണിയിൽ നിരവധി സർപ്രൈസുകളുമായിട്ടാണ് ഹീറോ മോട്ടോകോർപ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. അതിൻ്റെ വലിയൊരു സൂചന കമ്പനി നൽകിയിട്ടുമുണ്ട്. നാട്ടിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു കരിസ്മ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇന്ത്യയില്‍ പ്രാരംഭ സ്‌പോര്‍ട് ബൈക്ക് സെഗ്മന്റിന് തുടക്കമിട്ട കരിസ്‌മ നീണ്ടകാലം അരങ്ങുവാഴുകയും ചെയ്‌തു. ഹീറോയും ഹോണ്ടയും പങ്കാളിത്തത്തിൽ പ്രവർത്തിച്ചിരുന്ന കാലത്താണ് ഈ സ്പോർട്‌സ് ബൈക്ക് രൂപമെടുക്കുന്നത്.
ഹൃത്വിക് റോഷൻ പ്രത്യക്ഷപ്പെടുന്ന കരിസ്‌മയുടെ പരസ്യവും ഒരു കാലത്ത് ടെലിവിഷൻ കാഴ്ച്ചയുടെ ഹരമായിരുന്നു. അന്ന് വിപണിയിലെ പ്രധാന എതിരാളിയാവട്ടെ ബജാജ് പൾസർ 220 മോഡലും. നേരത്തെ R, ZMR എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ എത്തിയിരുന്ന കരിസ്‌മ അതിന്റെ പുതുജൻമത്തിൽ XMR എന്ന പേരിലാവും അറിയപ്പെടുക. പേര് ട്രേഡ്മാർക്ക് ചെയ്‌തുകൊണ്ടുള്ള പേറ്റൻ്റ് വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തിലും തീരുമാനമുണ്ടായിരിക്കുന്നത്.

ഫെയർഡ് മോട്ടോർസൈക്കിളുകളുടെ അവസാനവാക്കായി അറിയപ്പെട്ടിരുന്ന ഹീറോ കരിസ്‌മയ്ക്ക് ഇടയ്ക്ക് വിപണിയിൽ കാലിടറിയതോടെയാണ് പടിയിറങ്ങിയത്. കഴിഞ്ഞ തവണ പറ്റിയ അമളികളൊന്നും ഇത്തവണ പറ്റാതിരിക്കാൻ ഹീറോ പ്രത്യേകം ശ്രദ്ധിച്ചേക്കും. കഴിഞ്ഞ തവണ ഡിസൈനിലെ പാളിച്ചയാണ് കരിസ്‌മയുടെ പ്രതാപം തന്നെ ഇല്ലാതാക്കിയതെന്ന് നിസംശയം പറയാം. എറിക് ബ്യൂൾ റേസിംഗ് (EBR) രൂപകൽപന ചെയ്ത ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ അമ്പേ പരാജയമാവുകയായിരുന്നു.
രണ്ടാംവരവിൽ ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലായാവും ബൈക്ക് ഒരുങ്ങുക. 224 സിസിക്ക് പകരം പുതിയ ലിക്വിഡ് കൂൾഡ് 210 സിസി എഞ്ചിനുമായാണ് കരിസ്‌മ മടങ്ങിവരുന്നത്. പുത്തൻ എഞ്ചിനൊപ്പം ആധുനികമായ രൂപവും ബൈക്കിന്റെ പ്രധാന ഹൈലൈറ്റാവും. പുതിയ പ്ലാറ്റ്ഫോമിലാണ് പുതുതലമുറ കരിസ്‌മ പണികഴിപ്പിക്കുക. ഹീറോ മോഡൽ എന്തായാലും ഒരു ഫുൾ ഫെയർഡ് മോട്ടോർസൈക്കിളായിരിക്കുമെന്നതിൽ ആർക്കും സംശയമൊന്നും വേണ്ട. വരാനിരിക്കുന്ന ഹീറോ കരിസ്മ XMR പുതിയ 210 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് തുടിപ്പേകുക.

ഇത് ഏകദേശം 25 bhp പവറിൽ പരമാവധി 30 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. കൂടാതെ ഈ എഞ്ചിൻ ഹൈവേ സൗഹൃദമായ 6-സ്പീഡ് ഗിയർബോക്സുമായി വരുമെന്നാണ് ലഭിക്കുന്ന സൂചന. ഫുൾ ഫെയറിംഗ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, റിയർ-സെറ്റ് ഫൂട്ട് പെഗുകൾ, പുതിയ ഭാരം കുറഞ്ഞ അലോയ് വീലുകൾ, തുടങ്ങിയ രസകരമായ സവിശേഷതകളും ഇതിഹാസത്തിന് ഇത്തവണയുണ്ടാവും.
ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷൻ, റിയർ മോണോ ഷോക്ക് അബ്സോർബർ എന്നിവയും ഇടംപിടിക്കും. ഇതിഹാസ പദവി അലങ്കരിക്കുന്ന മുൻതലമുറ കരിസ്‌മയ്ക്ക് 223 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉണ്ടായിരുന്നത്. 19.2 bhp കരുത്തിൽ 19.35 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 5-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. റിഫൈൻമെന്റ് ലെവലും അതിന്റെ പെർഫോമൻസും ഏറെ മികച്ചതായിരുന്നു.
ഇന്നും സെക്കൻഡ് ഹാൻഡ് വിപണിയിൽ വലിയ ഫാൻബേസുള്ള കരിസ്‌മ R പിറവിയെടുക്കുമ്പോൾ വിപണിയിലെ ക്വാർട്ടർ ലിറ്റർ സെഗ്മെന്റ് ബൈക്കുകൾ വരെ ഒന്നു കരുതിയിരിക്കുന്നത് നല്ലതായിരിക്കും. ഇത്തവണ മത്സരാധിഷ്ഠിത വില നിർണയം കൂടിയായാൽ സംഭവം കളറാവും. രണ്ടാമത് എത്തിയത് പോലെ വീണ്ടും ഒരു അമളി പറ്റാതിരിക്കാൻ കമ്പനി ശ്രദ്ധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.


Click it and Unblock the Notifications








