ഈ മള്‍ട്ടി-ബ്രാന്‍ഡഡ് ഷോറൂമുകളില്‍ നിന്ന് ബൈക്ക് വാങ്ങരുത്! പണി കിട്ടുമെന്ന് മുന്നറിയിപ്പ്
ഇന്ത്യയില്‍ കാറുകളേക്കാള്‍ കൂടുതലുള്ളത് ഇരുചക്ര വാഹനങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണി കൂടിയാണ് ഇന്ത്യ. അതിനാല്‍ തന്നെ ഇന്ത്യയുടെ സ്വന്തം ഹീറോ മോട്ടോകോര്‍പ്പും ബജാജുമടക്കമുള്ള കമ്പനികള്‍ ലോകത്തിലെ തന്നെ വമ്പന്‍ ബ്രാന്‍ഡുകളായി മാറിയത്. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി വളരുന്നതിനൊപ്പം കള്ളനാണയങ്ങളും വളര്‍ന്നുവരികയാണ്.
മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്ലെറ്റുകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ ഇരുചക്രവാഹന ഡീലര്‍മാരെ ദോഷകരമായി ബാധിക്കുന്നു. ഇരുചക്രവാഹന വിപണിക്ക് വലിയ നഷ്ടമുണ്ടാക്കുന്ന അനധികൃത മള്‍ട്ടി ബ്രാന്‍ഡഡ് ടൂവീലര്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മൂക്കുകയറിടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA). ഇത്തരത്തിലുള്ള ഔട്ട്‌ലെറ്റുകള്‍ നിരോധിക്കണമെന്നാണ് FADA ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ രാജ്യത്തെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമായി ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കുന്നു.

ചില കമ്പനികള്‍ ഡീലര്‍ഷിപ്പുകള്‍ ഇല്ലാതെ ഓണ്‍ലൈന്‍ വഴിയും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ഇന്ത്യയിലെ നമ്പര്‍ വണ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് അടക്കം ഓണ്‍ലൈനായി വില്‍പ്പന ആരംഭിച്ചെങ്കിലും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി നിലവില്‍ ഡീലര്‍ഷിപ്പ് മാതൃകയില്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ ആരംഭിച്ചു. ജനങ്ങള്‍ ഡീലര്‍ഷിപ്പുകളുമായി നേരിട്ട് ബന്ധപ്പെടുകയും അവര്‍ക്ക് ഇഷ്ടപ്പെട്ട കാറുകളും ബൈക്കുകളും വാങ്ങുകയും ചെയ്യുന്നു.
ഇത്തരം ഡീലര്‍ഷിപ്പുകള്‍ മുഖാന്തിരമാണ് വില്‍പ്പനാനന്തര സേവനങ്ങളും സര്‍വീസുകളും ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഓര്‍ഗനൈസേഷനായ FADA-ക്ക് കീഴിലാണ് അവര്‍ ഒരു ഫെഡറേഷനായി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഇരുചക്രവാഹന ഡീലര്‍ഷിപ്പുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതില്‍ ദേശീയതലത്തില്‍ നടന്ന ഒരു യോഗത്തിലാണ് FADA ആശങ്ക പ്രകടിപ്പിച്ചത്. രാജ്യത്ത് മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്ലെറ്റ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി ഇരുചക്ര വാഹന ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ അനധികൃത മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍ ഡീലര്‍മാരില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ മൊത്തമായി വാങ്ങുകയാണ് ചെയ്യുന്നത്. ശേഷം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് അവര്‍ വില്‍പ്പനാനന്തര സേവനം ഉറപ്പുനല്‍കുന്നില്ലെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ ഓട്ടോമൊബൈല്‍ കമ്പനി ഡീലര്‍മാര്‍ക്കും കമ്പനികള്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു.
ഈ മള്‍ട്ടി-ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റുകള്‍ ജിഎസ്ടി, ആദായനികുതി തുടങ്ങിയവയില്‍ കൃത്രിമം കാണിക്കുന്നതായും ആക്ഷേപമുണ്ട്. കുറഞ്ഞ പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ ഉപഭോക്താക്കളെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നതായും ആരോപണമുണ്ട്. രജിസ്‌ട്രേഷനോ അതിസുരക്ഷ നമ്പര്‍പ്ലേറ്റുകളോ ഇല്ലാതെയാണ് ഇവര്‍ വാഹനങ്ങള്‍ വില്‍പ്പന നടത്തുന്നത്. വണ്ടി വില്‍ക്കുമ്പോള്‍ അതിപ്രധാനമായ ഹെല്‍മെറ്റ് അടക്കമുള്ള ആക്‌സസറികള്‍ നല്‍കുകയോ ചെയ്യുന്നില്ല.

ഈ ഡീലര്‍മാര്‍ ഇത്തരം നിയമവിരുദ്ധമായ പ്രവര്‍ത്തികളിലൂടെ കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കുകയാണെന്നുമാണ് FADA പറയുന്നത്. ആക്‌സസറി വില്‍പ്പനയിലൂടെയും മറ്റും ഡീലര്‍മാര്‍ക്ക് വന്നുചേരേണ്ട വരുമാനത്തെ ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെയും ഡല്‍ഹിയിലെയും സര്‍ക്കാരുകള്‍ ഇത്തരം മള്‍ട്ടി ബ്രാന്‍ഡ് ഓട്ടോമൊബൈല്‍ ഔട്ട്‌ലെറ്റുകള്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇത്തരം ഷോറൂമുകളുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് വലിയ സംഭാവനകള്‍ നല്‍കുകയും ഒരുപാട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഡീലഷിപ്പ് ബിസിനസിനുണ്ടാകുന്ന നഷ്ടം രാഷ്ട്രത്തിനെയും സമൂഹത്തിനെയും കൂടിയാണ് ബാധിക്കുന്നതെന്ന് FADA പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ അഭിപ്രായപ്പെട്ടു. അതിനാല്‍ തന്നെ ഇന്ത്യയിലുടനീളമുള്ള അനധികൃത മള്‍ട്ടി-ബ്രാന്‍ഡ് ഇരുചക്രവാഹന വില്‍പ്പനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അവരുടെ ആവശ്യം.
ഇന്ത്യയില്‍ വാഹന വില്‍പനയെ പോലെ തന്നെ പ്രധാനമാണ് അവയെ കുറിച്ചുളള ഡേറ്റ സംരക്ഷണം. അനധികൃത മള്‍ട്ടി-ബ്രാന്‍ഡ് ഡീലര്‍മാര്‍ വഴി വില്‍ക്കുന്ന വാഹനങ്ങളുടെ ഉപയോഗം നിരീക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ അത് വലിയ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക. അതിനാല്‍ തന്നെ FADA-യുടെ ആശങ്ക ദൂരീകരിക്കാന്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








