പെട്രോള്‍ സ്‌കൂട്ടറിനേക്കാൾ കുറഞ്ഞ വിലയിൽ ഓല ഇവി നിരത്തിലേക്ക്; റേഞ്ചും വിലയുമറിഞ്ഞാല്‍ ഉറപ്പായും വാങ്ങും
ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. രാജ്യത്ത് ഐസിഇ യുഗത്തിന് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിട്ടാണ് ഓല അരങ്ങേറിയത്. തുടക്കത്തില്‍ അല്‍പ്പം പിന്നോട്ട് പോയെങ്കിലും അതിവേഗം ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റിന്റെ രാജസിംഹാസനം സ്വന്തമാക്കി ഓല തങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള പാതയിലാണെന്ന് ഓര്‍മിപ്പിക്കുകയാണ്.
ഇന്ത്യക്കാര്‍ എല്ലാ കാലത്തും വിലക്ക് വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് മനസ്സിലാക്കിയ ഓല ഓഫറുകള്‍ നല്‍കിയാണ് വില്‍പ്പനയും വിപണി വിഹിതവും ഉയര്‍ത്തിയത്. എന്നാല്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി വെട്ടിച്ചുരുക്കിയത് ഓലയെയും നന്നായി ബാധിച്ചു. എന്നിരുന്നാലും ലക്ഷ്യത്തില്‍ നിന്ന് ഒരടി പിറകോട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു ഓല. ഓഗസ്റ്റ് 15-ന് നടന്ന കസ്റ്റമേഴ്‌സ് ഡേ ഇവന്റില്‍ പെട്രോള്‍ സ്‌കൂട്ടറിന്റെ വിലയില്‍ S1X എന്ന പേരില്‍ ഒരു പുത്തന്‍ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കി.

വെറും രണ്ടാഴ്ച കൊണ്ട് പുതിയ S1 സീരീസ് 75000 ബുക്കിംഗുകള്‍ ആണ് വാരിക്കൂട്ടിയത്. കമ്പനിയുടെ പോര്‍ട്‌ഫോളിയോയിലെ ഏറ്റവും പുതിയതും താങ്ങാനാവുന്നതുമായ ഇലക്ട്രിക് സ്‌കൂട്ടറായ S1X പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗര്‍വാള്‍. ഓല ഫ്യൂച്ചര്‍ ഫാക്ടറിക്ക് മുന്നില്‍ S1X സ്‌കൂട്ടറില്‍ ഇരിക്കുന്ന ചിത്രമാണ് ഭവിഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഓല S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യത്തെ ഓല S1X പ്രൊഡക്ഷന്‍ മോഡലിലിരിക്കുന്ന ചിത്രം ഭവിഷ് അഗര്‍വാള്‍ തന്റെ X (ട്വിറ്റര്‍) അക്കൗണ്ടിലാണ് പങ്കുവെച്ചത്. എല്ലാ S1 ഉല്‍പ്പന്നങ്ങളിലും ഏറ്റവും ഇഷ്ടപ്പെട്ട ഡിസൈന്‍ ഇതാണെന്ന് കരുതുന്നതായും ഭവിഷ് ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. കറുപ്പും വെളുപ്പും കലര്‍ന്ന നിറത്തില്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ഓല S1X ഇലക്ട്രിക് സ്‌കൂട്ടറിന് സമീപത്ത് നിന്നാണ് ഭവിഷും ടീം അംഗങ്ങളും ഫോട്ടോക്ക് പോസ് ചെയ്തത്.

മൂന്ന് വേരിയന്റുകളിലായാണ് പുതിയ S1X ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയത്. 2 kWh, 3 kWh ബാറ്ററി പായ്ക്കുകളുമായി ഓല S1X, S1X പ്ലസ് എന്നിവയാണ് പുത്തന്‍ ഉല്‍പ്പന്നങ്ങള്‍. ഓല S1X ശ്രേണി ഒരേ ഡിസൈനിലാണ് ഓല പൂര്‍ത്തിയാക്കിയിരിക്കുന്നത്. എല്‍ഇഡി ഡിആര്‍എല്‍ ഉള്ള ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, വലിയ ഹെഡ്ലൈറ്റ് കൗള്‍, സിംഗിള്‍ പീസ് സീറ്റ്, കര്‍വി ബോഡി എന്നിവയാണ് ഓല S1X ശ്രേണിയുടെ ഡിസൈന്‍ ഹൈലൈറ്റുകള്‍.
മുന്നില്‍ ട്വിന്‍ ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. സ്റ്റീല്‍ വീലുകളാണ് ഈ താങ്ങാവുന്ന മോഡലിന് ഓല നല്‍കിയിരിക്കുന്നത്. 2 kWh ലിഥിയം അയണ്‍ ബാറ്ററിയുമായി വരുന്നു ഓല S1X ബേസ് സ്‌പെക് 2.7 kW മോട്ടോറുമായി ഘടിപ്പിച്ചിരിക്കുന്നു.
മണിക്കൂറില്‍ 85 കിലോമീറ്ററാണ് ഓല S1X-ന്റെ ടോപ് സ്പീഡ്. ഇക്കോ മോഡില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഇത് 85 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ 350W ചാര്‍ജറാണ് വരുന്നത്. 3.5 ഇഞ്ച് എല്‍സിഡിയും ഫിസിക്കല്‍ കീയുമാണ് ഈ വേരിയന്റില്‍ വരുന്നത്.
3 kWh ബാറ്ററിയുമായി വരുന്ന മിഡ്‌സ്‌പെക് S1X വേരിയന്റും 2.7 kW മോട്ടോറുമായാണ് എത്തുന്നത്. ഈ വേരിയന്റിന് 125 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ചും മണിക്കൂറില്‍ 90 കിലോമീറ്റര്‍ പരമാവധി വേഗതയുമാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വേരിയന്റിനും 3.5 ഇഞ്ച് എല്‍സിഡി സ്‌ക്രീനും ഫിസിക്കല്‍ കീയുമാണ് ലഭിക്കുക.
ടോപ്പ്-സ്‌പെക്ക് S1X+ വേരിയന്റിലേക്ക് വന്നാല്‍ ഇതിന് 3 kWh ബാറ്ററിപായ്ക്കും 2.7 kW മോട്ടോറുമാണ് തുടിപ്പേകുക. 90 കിലോമീറ്റര്‍ ടോപ്‌സ്പീഡും 125 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. OTA അപ്ഡേറ്റുകള്‍, മ്യൂസിക് കണ്‍ട്രോള്‍, റിമോട്ട് ബൂട്ട് ലോക്ക്/അണ്‍ലോക്ക്, ബ്ലൂടൂത്ത്/ജിപിഎസ് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, പ്രെഡിക്റ്റീവ് മെയിന്റനന്‍സ്, ഓല ആപ്പ് കണ്‍ട്രോള്‍ എന്നിവയാണ് S1X പ്ലസിലെ പ്രധാന ഫീച്ചറുകള്‍. ലോവര്‍ സ്‌പെക് മോഡലുകളില്‍ ഇത് ലഭിക്കില്ല.
ഓല S1X-ന്റെ 2 kWh ബാറ്ററി പായ്ക്ക് പതിപ്പ് 79,999 രൂപ പ്രാരംഭ വിലയിലായിരുന്നു പുറത്തിറക്കിയത്. എന്നാല്‍ ഇപ്പോള്‍ ഈ മോഡലിന് 89,999 രൂപയാണ് വില. 3 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ഓല S1X-ന് 89,999 രൂപയായിരുന്നു പ്രാരംഭ വില. ഇപ്പോള്‍ ഇത് സ്വന്തമാക്കാന്‍ 99,999 രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. 99,999 രൂപ പ്രാരംഭ വിലയിട്ടിരുന്ന S1X+ മോഡലിന് 1,09,999 രൂപയാണ് ഇപ്പോഴത്തെ വില.


Click it and Unblock the Notifications








