പെട്രോള്‍ തീര്‍ന്നാല്‍ ഇവി മോഡില്‍ ഓടാം; 65000 രൂപക്ക് ടൂവീലര്‍ ഹൈബ്രിഡാക്കാം!
പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തേക്കാള്‍ ഹൈബ്രിഡ് പവര്‍ട്രെയിനുമായി എത്തുന്ന കാറുകളോട് ആളുകള്‍ക്ക് താല്‍പര്യം ഇത്തിരി കൂടുതലാണ്. അടുത്തിടെ ഹൈബ്രിഡ് പവര്‍ട്രെയിനുമായി എത്തിയ മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ടെയോട്ട ഇന്നോവ ഹൈക്രോസ് എന്നിവയെല്ലാം ഹിറ്റായി മാറിയത് ഉദാഹരണം. ഹൈബ്രിഡ് വാഹനങ്ങളുടെ മികച്ച ഇന്ധനക്ഷമതയാണ് ഇതിനോട് ആളുകളെ അടുപ്പിക്കുന്ന ഒരു കാരണം.
ഒപ്പം പെട്രോള്‍ ഹൈബ്രിഡ് മോഡുകളിലിട്ട് വാഹനത്തില്‍ യാത്ര ചെയ്യുകയും ചെയ്യാം. ഇതേ സാങ്കേതികവിദ്യ ഇരുചക്ര വാഹനങ്ങളില്‍ വന്നാല്‍ സംഗതി ഉഷാറാവൂലെ?. പെട്രോള്‍, ഇലക്ട്രിക് മോഡുകളില്‍ (ഹൈബ്രിഡ്) പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തില്‍ ടൂവീലറുകള്‍ രൂപമാറ്റം വരുത്തിയ ലോകത്തിലെ ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഗ്രീന്‍ ടൈഗര്‍ മൊബിലിറ്റി. 125 സിസി വരെയുള്ള എല്ലാ ബ്രാന്‍ഡുകളുടെയും സ്‌കൂട്ടറുകള്‍ ഇത്തരത്തില്‍ ഹൈബ്രിഡായി കണ്‍വെര്‍ട്ട് ചെയ്യാന്‍ ARAI-യുടെയും ആര്‍ടിഒയുടെയും അംഗീകാരം ലഭിച്ചു.

ഗ്രീന്‍ ടൈഗര്‍ നിലവിലുള്ള സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഡ്യുവല്‍ പവര്‍ട്രെയിന്‍ വാഹനങ്ങളാക്കി പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്. പരിവര്‍ത്തനം ചെയ്ത വാഹനങ്ങളില്‍ ഇന്‍േറണല്‍ കംപള്‍ഷന്‍ പവര്‍ട്രെയിനും ഇലക്ട്രിക് കിറ്റും ഉണ്ടാകും. റൈഡര്‍ക്ക് ഇലക്ട്രിക്, പെട്രോള്‍ മോഡുകള്‍ തിരഞ്ഞെടുക്കാന്‍ പറ്റും. വാഹനം ഇലക്ട്രിക് മോഡിലിട്ടാല്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.
അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് വേണമെങ്കിലും സ്വന്തം കൈയ്യിലുള്ള ടൂവീലര്‍ ഡ്യുവല്‍ പവര്‍ട്രെയിന്‍ സജ്ജീകരണത്തിലേക്ക് മാറ്റാം. ICE, ഇലക്ട്രിക് പവര്‍ട്രെയിനുകള്‍ പരസ്പരം സ്വതന്ത്രമായി നിലകൊള്ളുന്നതിനാല്‍ ഗ്രീന്‍ ടൈഗര്‍ കണ്‍വെര്‍ട്ട് ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ ഡ്യുവല്‍ പവര്‍ട്രെയിന്‍ ടൂ വീലറുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഏതെങ്കിലും 1 മോഡില്‍ വാഹനം നിന്നുപോകുകയോ തകരാറിലാകുകയോ ഇന്ധനം തീരുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ റൈഡര്‍ക്ക് എളുപ്പത്തില്‍ മറ്റേ മോഡിലേക്ക് മാറി വണ്ടി ഓടിച്ച് പോകാം.

ഇന്ന് ഇവിയ കുറിച്ച് പലര്‍ക്കുമുള്ള വേവലാതി അതിന്റെ റേഞ്ചിനെ കുറിച്ചാണ്. എന്നാല്‍ ആ ആശങ്ക പരിഹരിക്കാന്‍ ഈ 'ഹൈബ്രിഡ്' ടൂവീലറുകളിലെ ഡ്യുവല്‍ മോഡുകള്‍ കൊണ്ട് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ദിവസേന ധാരാളം ദൂരം ടൂവീലറില്‍ സഞ്ചരിക്കുന്നവര്‍ക്കാണ് ഇത് ഉപകാരമാകുക. പെട്രോള്‍ ബാക്കപ്പായി ഉണ്ടാകുമെന്നതിനാല്‍ റേഞ്ചിനെ കുറിച്ചുള്ള ആശങ്ക ഇല്ലാതെ യാത്ര ചെയ്യാനൊക്കും. നേരെ തിരിച്ചും.
ഇനി പെട്രോള്‍ ടൂവീലര്‍ ഹൈബ്രിഡാക്കി മാറ്റാനുള്ള ഇലക്ട്രിക് കിറ്റില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് നമുക്ക് നോക്കാം. ഇതിലെ പ്രധാന ഘടകം വീട്ടില്‍ ചാര്‍ജ് ചെയ്യാവുന്ന ഒരു റീമൂവബിള്‍ ബാറ്ററിയാണ്. വാട്ടര്‍, ഡസ്റ്റ് പ്രൂഫ് ആയ IP67 റേറ്റഡ് ഹബ് മോട്ടോര്‍, IoTയും സിമും ഉള്‍പ്പെടുന്ന VCU ഡിവൈസ് എന്നിവയാണ് മറ്റുള്ളവ. ഇവ വാഹനത്തെ സ്മാര്‍ട്ടും സുരക്ഷിതവുമാക്കി മാറ്റുന്നു.
2012-നോ അതിനു ശേഷമോ രജിസ്റ്റര്‍ ചെയ്ത ഹോണ്ട ആക്ടിവ, ഹോണ്ട ഡിയോ, ഹീറോ മാസ്ട്രോ, ഹീറോ പ്ലഷര്‍, ടിവിഎസ് വീഗോ, ടിവിഎസ് ജുപ്പിറ്റര്‍, സുസുക്കി ആക്സസ് എന്നിങ്ങനെ 7 പ്രമുഖ സ്‌കൂട്ടറുകള്‍ കമ്പനി ഡ്യുവല്‍ പവര്‍ട്രെയിന്‍ മോഡിലേക്ക് പരിവര്‍ത്തനം ചെയ്ത് നല്‍കും. മോട്ടോര്‍സൈക്കിളുകളും ഹൈബ്രിഡാക്കാനുള്ള പരീക്ഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ അതും സാധ്യമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ സ്‌കൂട്ടറില്‍ ഡ്യുവല്‍ പവര്‍ട്രെയിന്‍ സജ്ജീകരണം ഒരുക്കാന്‍ 65,000 രൂപയും നികുതിയുമാണ് ചെലവാകുക. ഇലക്ട്രിക് കിറ്റിന്റെയും ബാറ്ററിയുടെയും മുഴുവന്‍ ജോലികളുടെയും മൊത്തം ചെലവുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള തുകയാണ്. പ്രതിദിനം 35 കിലോമീറ്റര്‍ ഓടിയാല്‍ റൈഡര്‍ക്ക് പെട്രോള്‍ ചെലവില്‍ ഒരാള്‍ക്ക് പ്രതിവര്‍ഷം 65,000 രൂപ വരെ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഡ്യുവല്‍ പവര്‍ട്രെയിനിലേക്ക് മാറ്റുന്ന വാഹനത്തിന് ചില അധിക സവിശേഷതകളും ലഭിക്കുന്നുണ്ട്.

രണ്ട് മോഡുകളിലും ഒരു മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഈ വാഹനം വിദൂരമായി ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും കഴിയും. വാഹനം ലോക്ക് ചെയ്യുകയും മോഷണം നടക്കുമ്പോള്‍ അലാറം മുഴക്കുകയും ചെയ്യുന്ന തെഫ്റ്റ്-പ്രൊട്ടക്ഷന്‍, അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എമര്‍ജന്‍സി കോണ്‍ടാക്റ്റുകള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്ന ഫാള്‍ അലേര്‍ട്ട് എന്നിവയും മറ്റ് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
ഗ്രീന്‍ ടൈഗര്‍ മൊബിലിറ്റിയെ കുറിച്ച് പറഞ്ഞാല്‍ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഇവി/ഡ്യുവല്‍ പവര്‍ട്രെയിന്‍ സ്റ്റാര്‍ട്ടപ്പാണിത്. ഇത് എല്ലാ ഇവി ഘടകങ്ങളും സ്വന്തമായി വികസിപ്പിക്കുകയും 6 പേറ്റന്റുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം, ARAI, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം എന്നിവ ഗ്രീന്‍ ടൈഗര്‍ മൊബിലിറ്റിയെ സാമ്പത്തികമായി പിന്തുണയ്ക്കുന്നു.
ബിറ്റ്‌സ് പിലാനി, ഐഐഎം ബാംഗ്ലൂര്‍, നാസ്‌കോം എന്നിവയും ഗ്രീന്‍ ടൈഗര്‍ മൊബിലിറ്റിയെ പിന്തുണക്കുന്ന സ്ഥാപനങ്ങളാണ്. നിലവില്‍ ബെംഗളൂരുവില്‍ മാരതം പ്രവര്‍ത്തിക്കുന്ന കമ്പനി ഭാവിയില്‍ അവരുടെ പ്രവര്‍ത്തനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ബെംഗളൂരുവിലെ ജെപി നഗറിലുള്ള എക്സ്പീരിയന്‍സ് സെന്ററോ അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റോ സന്ദര്‍ശിക്കുക.


Click it and Unblock the Notifications








