ഹാമര്‍, റേസര്‍, ഓറ... വരാന്‍ പോകുന്ന പടക്കുതിരകളുടെ പേര് ഉറപ്പിച്ച് ബജാജ്
ഇന്ത്യയില്‍ ഇരുചക്ര വാഹന വിപണിയില്‍ മത്സരം അനുദിനം കടുത്തുകൊണ്ടിരിക്കുകയാണ്. നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളാണ് കടല്‍ കടന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. ഈ കിട മത്സരത്തില്‍ പിടിച്ചുനില്‍ക്കാനായി തങ്ങളുടെ മോഡല്‍ ലൈനപ്പുകള്‍ വിപുലീകരിക്കുന്നുണ്ട് മിക്ക കമ്പനികളും. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ.
എല്ലാ കാലത്തും മാര്‍ക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന ഒട്ടനവധി മോഡലുകള്‍ അവര്‍ പുറത്തിറക്കിയിട്ടുണ്ട്. പലതും കള്‍ട്ട് ക്ലാസിക് പരിവേഷം നേടിയെടുക്കുകയും ചെയ്തു. ബജാജ് പുതുതായി എന്താണ് ഒരുക്കിവെച്ചിരിക്കുന്നത് എന്ന കാര്യം ആര്‍ക്കും തീര്‍ത്ത് പറയാന്‍ സാധിക്കില്ല. സാധാരണയായി മറ്റ് മിക്ക നിര്‍മ്മാതാക്കളില്‍ നിന്ന് വ്യത്യസ്തമായി ബജാജിന്റെ വരാനിരിക്കുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച് ഒരു നിഗൂഢത നിലനില്‍ക്കാറുണ്ട്. ഇപ്പോള്‍ ബജാജ് മൂന്ന് പേരുകള്‍ കൂടി ട്രേഡ്മാര്‍ക്ക് ചെയ്തിരിക്കുകയാണ്.

'ബജാജ് ഓറ', 'ബജാജ് റേസര്‍', 'ബജാജ് ഹാമര്‍' എന്നീ നാമങ്ങള്‍ ആണ് അവര്‍ വ്യാപാരമുദ്രകള്‍ ഫയല്‍ ചെയ്തിട്ടുള്ളത്. ഏതൊക്കെ മോഡലുകളിലാകും ഈ പേരുകള്‍ ചാര്‍ത്തിക്കൊടുക്കുകയെന്ന കാര്യം ബജാജിന് മാത്രമേ അറിയൂ. എങ്കിലും പേര് കേട്ടിട്ട് ഓറ എന്ന പേര് ഒരു ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിന് നല്‍കുമെന്നാണ് തോന്നുന്നത്.
കെടിഎമ്മും ഹസ്‌ക്വര്‍ണയുമായി സഹകരിച്ച് ബജാജ് വികസിപ്പിക്കുന്ന ഇലക്ട്രിക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള എതെങ്കിലും ഒരു മോഡലിന് ഈ പേര് നല്‍കിക്കൂടെന്നില്ല. റേസര്‍ എന്ന നാമം ഏതായാലും ഒരു സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിളിന്റെ പോലെയാണ് തോന്നുന്നത്. അതിനാല്‍ തന്നെ സമീപകാലത്ത് വരാന്‍ പോകുന്ന ഏതെങ്കിലും ഒരു ബജാജ് സ്‌പോര്‍ട്‌സ് ബൈക്ക് ഈ പേരില്‍ ഇറങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
വിപണിയിലെ രാജാക്കന്‍മാരായ പള്‍സര്‍ ശ്രേണിയില്‍ ഒരുപിടി സ്‌പോര്‍ട്‌സ് ബൈക്കുകള്‍ ബജാജ് പുറത്തിറക്കുന്നതിനാല്‍ ഈ നെയിംപ്ലേറ്റിന്റെ അര്‍ഹന്‍ ആരായിരിക്കുമെന്നറിയാന്‍ ഞങ്ങള്‍ക്കും ആകാംക്ഷയുണ്ട്. അവസാനമായി 'ബജാജ് ഹാമര്‍' പരിഗണിക്കുമ്പോള്‍ ഇത് ഒരു കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ആകാനാണ് സാധ്യത. ബജാജിന്റെ സിടി ലൈനപ്പ് പോലെയുള്ള ഒരു പരുക്കന്‍ കമ്മ്യൂട്ടര്‍ ബൈക്കിനായിരിക്കാം ഈ പേര് ലഭിക്കുകയെന്നാണ് ഊഹം.
ഒന്നുംകൂടി പറയട്ടെ ഇതെല്ലാം അനുമാനങ്ങള്‍ മാത്രമാണ്. ബജാജ് കമ്പനി ഈ മൂന്ന് പേരതുകളും ട്രേഡ്മാര്‍ക്ക് ചെയ്തുവെന്ന് കരുതി ഇവ പ്രെഡക്ഷന്‍ മോഡലുകള്‍ക്ക് നല്‍കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പില്‍ക്കാലത്ത് അതിനെ സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങളും നാം കണ്ടതാണ്. അതിനാല്‍ ബജാജ് എന്താണ് മനസ്സില്‍ കണ്ടിരിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാം.

ഏതായാലും ഇക്കാലത്ത് പിടിച്ച് നില്‍ക്കാന്‍ വൈവധ്യമാര്‍ന്ന പോര്‍ട്‌ഫോളിയോയും ഓഫറുകളും വേണമെന്ന കാര്യം ബജാജ് എന്തായാലും മറക്കാന്‍ ഇടയില്ല. ഏതായാലും നമുക്ക് കാത്തിരിക്കാം ഏതൊക്കെ മോഡലുകള്‍ക്കാകും ഈ മൂന്ന് കിടിലന്‍ പേരുകളും കിട്ടുകയെന്ന്. അടുത്തിടെയാണ് ബജാജ് പള്‍സര്‍ ശ്രേണിയിലെ രണ്ട് മോഡലുകള്‍ പരിഷ്‌കരിച്ച് വിപണിയില്‍ എത്തിച്ചത്. പള്‍സര്‍ NS200, NS160 മോട്ടോര്‍സൈക്കിളുകളാണ് പരിഷ്‌കരിച്ച് കുട്ടപ്പന്‍മാരാക്കി ബജാജ് വിപണിയില്‍ പുനരവതരിപ്പിച്ചത്.
കിടിലന്‍ മാറ്റങ്ങളുമായി സ്ട്രീറ്റ് നേക്കഡ് മോട്ടോര്‍സൈക്കിളുകളുടെ നവീകരിച്ച പതിപ്പുകള്‍ വരുന്നതായി മുമ്പ് തന്നെ ബജാജ് ടീസിറിലൂടെ വിളംബരം ചെയ്തിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിപണിയില്‍ നിന്ന് അപ്രത്യക്ഷമായിരുന്ന പള്‍സര്‍ 220F ഉം റീഎന്‍ട്രി നടത്തിയിരുന്നു. അപ്‌സൈഡ് ഡൗണ്‍ (USD) ഫോര്‍ക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസ് പോലുള്ള നൂതന പരിഷ്‌ക്കാരങ്ങളാണ് ഇത്തവണ ബജാജ് പള്‍സര്‍ NS 160, NS 200 മോഡലുകളില്‍ വരുത്തിയിരിക്കുന്നത്.
ഇനി ബൈക്കുകളില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങളിലേക്ക് നോക്കിയാല്‍ NS200 മോഡലിന് മുമ്പത്തെ പരമ്പരാഗത ടെലിസ്‌കോപ്പിക് യൂണിറ്റിന് പകരം രണ്ട് മോഡലുകള്‍ക്കും ഇപ്പോള്‍ ഒരു USD ഫോര്‍ക്ക് ലഭിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയം. കൂടാതെ ഡ്യുവല്‍-ചാനല്‍ എബിഎസ് ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡായും ഒരുക്കി.തല്‍ഫലമായി NS160 പതിപ്പിന്റെ ഭാരം ഏകദേശം 1 കിലോ വര്‍ധിച്ച് 152 കിലോഗ്രാം ആയി. മറുവശക്ക് NS200 മോഡലിനാവട്ടെ 159.5 കിലോയില്‍ നിന്ന് ഭാരം 158 കിലോഗ്രാം ആയി കുറയുകയാണുണ്ടായത്.
ഇതോടെ ഇരു മോട്ടോര്‍സൈക്കിളുകളുടെയും യാത്രാസുഖം കൂടി. രണ്ട് പരിഷ്‌കാരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മുന്‍ഗാമികളുമായി മറ്റ് വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. അപ്‌ഡേറ്റഡ് ബൈക്കുകള്‍ക്ക് മുന്‍ഗാമിയേക്കാള്‍ കുറച്ച് വിലയും കൂടി. 7,000 മുതല്‍ 10,000 രൂപ വരെയാണ് ഇവ സ്വന്തമാക്കാന്‍ അധികം മുടക്കേണ്ടത്. 1.35 ലക്ഷം രൂപയാണ് പുതിയ ബജാജ് പള്‍സര്‍ NS 160 മോഡലിന്റെ എക്‌സ്‌ഷോറൂം വില. അതേസമയം പുതുക്കിയ NS200 പതിപ്പിന് 1.47 ലക്ഷം രൂപയും ഇനി മുതല്‍ ചെലവഴിക്കേണ്ടി വരും.


Click it and Unblock the Notifications








