2 ദിവസം കൊണ്ട് നിരത്തിലെത്തിയത് 1000 ബൈക്കുകള്‍; എന്‍ഫീല്‍ഡിനെ കണ്ണീരണിയിച്ച് ഹാര്‍ലി
അല്‍പ്പം പ്രീമിയമാകാന്‍ വേണ്ടി ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് കൂട്ടുപിടിച്ചത് അമേരിക്കന്‍ ഭീമനായ ഹാര്‍ലി ഡേവിഡ്‌സണെയായിരുന്നു. ഹീറോ-ഹാര്‍ലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കന്നി ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണ്‍ X440 (Harley-Davidson X440) പ്രതീക്ഷിച്ചപോലെ തന്നെ വന്‍ ഓളമാണ് തീര്‍ത്തത്.
ഒക്ടോബര്‍ 15 മുതലായിരുന്നു ഹാര്‍ലി-ഡേവിഡ്സണ്‍ X440 മോട്ടോര്‍സെക്കിളിന്റെ ഡെലിവറി രാജ്യത്ത് ഔദ്യോഗികമായി ആരംഭിച്ചത്. ഡെലിവറി ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ 100 ഡീലര്‍ഷിപ്പുകളിലായി 1,000 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് എക്‌സ്‌ചേഞ്ച് ഫയലിംഗിലൂടെ അറിയിച്ചു. ഹാര്‍ലിയുടെയും തെരഞ്ഞെടുത്ത ഹീറോ ഔട്ട്‌ലെറ്റുകളിലൂടെയുമായിരുന്നു മെഗാഡെലിവറി.

രാജസ്ഥാനിലെ നീമ്രാനയിലുള്ള ഗാര്‍ഡന്‍ ഫാക്ടറി എന്നറിയപ്പെടുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ നിര്‍മ്മാണ കേന്ദ്രത്തിലാണ് ഹാര്‍ലി-ഡേവിഡ്സണ്‍ X440 നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ജൂലൈയിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോട്ടോര്‍സൈക്കിളിന്റെ മൂടുപടമഴിച്ചത്. ബൈക്കിന്റെ അവതരണം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ 25,000 ബുക്കിംഗ് നേടിയെടുത്ത് ഹാര്‍ലി ഡേവിഡ്‌സണ്‍ X440 എതിരാളികളായ റോയല്‍ എന്‍ഫീല്‍ഡിനെ ഞെട്ടിച്ചിരുന്നു. വമ്പന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് ബൈക്കിന്റെ ബുക്കിംഗ് സെപ്റ്റംബര്‍ 30 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരുന്നു.
ഡിമാന്‍ഡ് കൂടുന്നത് ഡെലിവറിയെ ബാധിക്കാതിരിക്കാനായിരുന്നു ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിയത്. ബൈക്കിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും അടുത്ത 4-5 മാസത്തിനുള്ളില്‍ എല്ലാ ഡെലിവറികളും പൂര്‍ത്തിയാക്കാനുമാണ് കമ്പനിയുടെ ശ്രമം. ഇപ്പോള്‍ ബൈക്കിന്റെ ബുക്കിംഗ് ജാലകവും കമ്പനി വീണ്ടും തുറന്നിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഹാര്‍ലി ഷോറൂമുകളിലും തെരഞ്ഞെടുത്ത ഷോറൂമുകളിലുമെത്തി ഹാര്‍ലി ഡേവിഡ്‌സണ്‍ X440 ടെസ്റ്റ് ഡ്രൈവ് നടത്താന്‍ സാധിക്കുന്നതാണ്.

ഡെനിം, വിവിഡ്, S എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ഹാര്‍ലി X440 പുറത്തിറങ്ങുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ X440 എന്നത് ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കുറഞ്ഞ മോട്ടോര്‍സൈക്കിളാണ്.ഡെനിമിന് 2,39,500 രൂപയും വിവിഡിന് 2,59,500 രൂപയുമാണ് വില. അതേസമയം ടോപ്‌സ്‌പെക് S വേരിയന്റ് സ്വന്തമാക്കാന്‍ 2,79,500 രൂപ മുടക്കണം. ഈ വിലകളെല്ലാം എക്‌സ്‌ഷോറൂം ആണ്.
തുടക്കത്തില്‍ ഈ വിലയില്‍ നിന്നും 10,500 രൂപയോളം കുറവായിരുന്നു റോഡ്സ്റ്റര്‍ ബൈക്കിനുണ്ടായിരുന്നത്. എന്നാല്‍ ഇതിനു ശേഷം വിലയില്‍ ചെറിയ വര്‍ധനവ് കമ്പനി കൊണ്ടുവരികയായിരുന്നു.ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോട്ടോര്‍സൈക്കിളിന് എയര്‍-ഓയില്‍ കൂള്‍ഡ് 440 സിസി, ടു-വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്തേകുന്നത് ഈ എഞ്ചിന്‍ 27.6 bhp പവറും 38 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. സ്ലിപ്പ് ആന്റ് അസിസ്റ്റ് ക്ലച്ചുമായിട്ടാണ് വരുന്നത്.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ സസ്‌പെന്‍ഷനായി ഹാര്‍ലി X440 റോഡ്സ്റ്ററിന്റെ മുന്‍വശത്ത് KYB-യില്‍ നിന്ന് ലഭിക്കുന്ന 43 mm ഡ്യുവല്‍ കാട്രിഡ്ജ് അപ്പ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്‍ഭാഗത്ത് 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്മെന്റോടുകൂടിയ ഗ്യാസ് ഫില്ലഡ് ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും ലഭിക്കും. ബ്രേക്കിംഗില്‍ മുന്‍വശത്ത് 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ് ഉണ്ടാവുക. സേഫ്റ്റിക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും കൂട്ടായുണ്ട്.
അമേരിക്കന്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ ആണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ല ഹാര്‍ലി ഡേവിഡ്‌സണ്‍ X440. ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടോപ്പ് എന്‍ഡ് വേരിയന്റില്‍ ഒരു TFT സ്‌ക്രീന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവല്‍-ചാനല്‍ എബിഎസ്, എല്‍ഇഡി ലൈറ്റിംഗ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് ടാക്കോമീറ്റര്‍, ട്രിപ്പ് മീറ്ററുകള്‍, ഓഡോമീറ്റര്‍, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, സൈഡ്-സ്റ്റാന്‍ഡ് അലേര്‍ട്ട് തുടങ്ങിയ സവിശേഷതകളെല്ലാം ഈ മിഡ്-കപ്പാസിറ്റി ബൈക്കില്‍ ലഭ്യമാണ്.
ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ട്രയംഫ് സ്പീഡ് 400 എന്നിവയോടാണ് ഹാര്‍ലിയുടെ ബജറ്റ് മോഡല്‍ ഏറ്റുമുട്ടുന്നത്. ഹാര്‍ലിയുടെ പ്ലാറ്റ്‌ഫോമില്‍ ഹീറോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലും അണിഞ്ഞൊരുങ്ങുന്നുണ്ട്. മാത്രമല്ല ഇതേ പ്ലാറ്റ്‌ഫോമില്‍ വരുന്ന മറ്റ് ബൈക്കുകള്‍ക്കായി ഹീറോ ചില പേരുകളും ഇന്ത്യയില്‍ ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചിട്ടുണ്ട്. ഹീറോ ഹുരികാന്‍ എന്ന പേരാണ് ഏറ്റവും ഒടുവിലായി ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചത്. ഇത് ഹാര്‍ലിയുടെ റീബ്രാന്‍ഡഡ് പതിപ്പായിരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








