ഫീച്ചറുകളുടെ കുത്തൊഴുക്കുമായി റിവര്‍ ഇന്‍ഡി; അറിയേണ്ടതെല്ലാം
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗം അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുത്തന്‍ ലോഞ്ചുകള്‍ ഉള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന റേഞ്ചില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തെരഞ്ഞെടുക്കാന്‍ ഇന്ന് അവസരമുണ്ട്. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിവര്‍ എന്ന കമ്പനി കഴിഞ്ഞ ദിവസം ഒരു പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി.
ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്നാണ് കമ്പനി 'ഇന്‍ഡി' ഇലക്ട്രിക് സ്‌കൂട്ടറിനെ വിശേഷിപ്പിക്കുന്നത്. ഓല, ഏഥര്‍, ചേതക് എന്നീ ഇ-സ്‌കൂട്ടറുകളുടെ ചില വേരിയന്റുകളേക്കാള്‍ കുറഞ്ഞ വിലയില്‍ അവതരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ അധികം കാണപ്പെടാത്ത ചില ഫീച്ചറുകളടക്കം നിരവധി സവിശേഷതകളുമായാണ് എത്തുന്നത്. അതിനാല്‍ തന്നെ റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങളാണ് ചുവടെ പറയാന്‍ പോകുന്നത്.

ബാറ്ററിയും റേഞ്ചും: 4kWh ഫിക്‌സഡ് ബാറ്ററി പായ്ക്കുമായാണ് റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നത്. ഇവി ഫുള്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനി പറയുന്നത്. ഈ ബാറ്ററി പായ്ക്കിനും സ്‌കൂട്ടറിനും റിവര്‍ കമ്പനി 5 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി നല്‍കുന്നുണ്ട്.
മോട്ടോറും പെര്‍ഫോമന്‍സും: 6.7kW പീക്ക് ഔട്ട്പുട്ടുള്ള മിഡ്-മൗണ്ടഡ് മോട്ടോറാണ് റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഇത് 18 ഡിഗ്രി ഗ്രേഡബിലിറ്റി അനുവദിക്കുന്നു. ഗ്രേഡബിലിറ്റിയുടെ കാര്യത്തില്‍ റിവര്‍ ഇന്‍ഡി ഓല S1 പ്രോയേക്കാള്‍ (15 ഡിഗ്രി) ഉയര്‍ന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഏഥര്‍ 450X (20 ഡിഗ്രി) നേക്കാള്‍ കുറവാണ്.

പെര്‍ഫോമന്‍സിന്റെ കാര്യം പരിഗണിച്ചാല്‍ റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 3.9 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 40 കി.മീ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 90 കി.മീ ആണ് ടോപ് സ്പീഡ്.
മെക്കാനിക്കല്‍ സവിശേഷതകള്‍: റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ട്വിന്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പന്‍ഷന്‍ ഡ്യൂട്ടികള്‍ ചെയ്യുന്നത്. ട്വിന്‍ ഷോക്ക് അബ്‌സോര്‍ബര്‍ പ്രീലോഡ് അഡ്ജസ്റ്റബിലിറ്റി ഫീച്ചര്‍ ചെയ്യുന്നു. റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന് സിബിഎസ് സഹിതമുള്ള ഡിസ്‌ക് ബ്രേക്ക് സംവിധാനം ലഭിക്കുന്നു.
ഫീച്ചറുകള്‍: റിവര്‍ ഇന്‍ഡിക്ക് ഒരു കളര്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു. 25 ലിറ്റര്‍ ടോപ്പ് ബോക്‌സും 40 ലിറ്റര്‍ ലഗേജ് വരെ സൂക്ഷിക്കാന്‍ കഴിയുന്ന പാനിയറുകളുമടക്കം നിരവധി ആക്‌സസറികള്‍ ലഭിക്കുന്നു. ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളാണ് ഇതില്‍ കാണാന്‍ പറ്റുക. ഇക്കോ മോഡ് ഒഴികെ മറ്റെല്ലാ മോഡിലും പരമാവധി വേഗതയായ മണിക്കൂറില്‍ 90 കി.മീ കൈവരിക്കാനാകും.
സൈഡ് സ്റ്റാന്‍ഡ് കട്ട്-ഓഫ്, റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90-ഡിഗ്രി വാല്‍വ് സ്റ്റെംസ് എന്നിങ്ങനെ നിരവധി ഉപകാരപ്രദമായ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ് വരവ്. സെഗ്മെന്റിലെ ഏറ്റവും നീളവും വീതിയുമുള്ള സീറ്റ് ഇന്‍ഡിക്കാണെന്ന് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നത്.

പ്രായോഗികത: 43 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് സ്‌പേസും 12 ലിറ്റര്‍ ഫ്രണ്ട് ഗ്ലോവ് ബോക്‌സും കൂടിച്ചേരുന്നതോടെ റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൊത്തം സംഭരണശേഷി 55 ലിറ്ററായി വരും. ഇത് ചില ഇലക്ട്രിക്, പെട്രോള്‍ സ്‌കൂട്ടറുകളുടെ ആകെ സംഭരണശേഷിയുടെ ഇരട്ടിയിലധികം വരുമെന്ന കാര്യം ശ്രദ്ധിക്കണം. മുന്‍ഭാഗത്ത് രണ്ട് ഫൂട്‌പെഗുകള്‍ കൂടി ലഭിക്കുന്നതിനാല്‍ ഫ്‌ലോര്‍ബോര്‍ഡില്‍ ലഗേജ് സൂക്ഷിക്കാന്‍ എളുപ്പമാണ്. അപകടത്തില്‍ നിന്ന് സ്‌കൂട്ടറിന്റെ ബോഡി സംരക്ഷിക്കാന്‍ ക്രാഷ് ഗാര്‍ഡുകളും സജ്ജീകരിച്ചിരിക്കുന്നു.
വിലയും എതിരാളികളും: ഫെയിം II സബ്‌സിഡി ഉള്‍പ്പെടെ1.25 ലക്ഷം രൂപ (എക്സ്-ഷോറൂം, ബെംഗളൂരു) പ്രാരംഭ വിലയിലാണ് റിവര്‍ ഇന്‍ഡി പുറത്തിറങ്ങിയിരിക്കുന്നത്. ചാര്‍ജര്‍ അടക്കമാണ് വില. റിവര്‍ ഇന്‍ഡിക്ക് ബജാജ് ചേതക്, ഓല S1 പ്രോ, ഏഥര്‍ 450X എന്നിവയേക്കാള്‍ വില കുറവാണ്. എന്നാല്‍ ടിവിഎസിന്റെ ഐക്യൂബ് എസിനെ അപേക്ഷിച്ച് വില കൂടുതലാണെന്ന കാര്യം എടുത്ത് പറയണം.
ക്രാഷ് ഗാര്‍ഡുകള്‍, വലിയ അണ്ടര്‍സീറ്റ് സ്റ്റോറേജ് ഏരിയ, ആക്സസറി ലഗേജ് ഓപ്ഷനുകള്‍ എന്നിവയുള്‍ക്കൊള്ളുന്ന ഇന്‍ഡി പ്രായോഗികതക്ക് വളരെ പ്രാധാന്യം നല്‍കുന്ന ഇവിയാണ്. മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നീ നിറങ്ങളില്‍ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം. 2023 ഓഗസ്റ്റില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications








