തരംഗമായി കരിസ്മയിലെ ഈ "വറൈറ്റി" ഫീച്ചര്‍; ലെജന്‍ഡ് വരുന്നത് ചുമ്മാതങ്ങ് പോകാനല്ല
ഏതാണ്ട് നാലുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഐതിഹാസിക മോഡലായ കരിസ്മയെ സ്‌പോര്‍ട്‌സ് ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്. കാലാനുസൃതമായ ഒട്ടേറെ പുതുമകളോടെ വിപണിയില്‍ എത്തിയ ബൈക്കിനായി ഏറെ നാളായി ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ നിന്ന് കൂടുതല്‍ പ്രീമിയം തലത്തിലേക്കുള്ള ബ്രാന്‍ഡിന്റെ കുതിപ്പ് അടയാളപ്പെടുത്തുകയാണ് ഈ ലോഞ്ച്.
1.73 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് കരിസ്മ XMR 210 എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ അവതാരത്തെ ഹീറോ പുത്തിറക്കിയിരിക്കുന്നത്. ഇത് ഒരു ആമുഖ വില മാത്രമാണ്, വരും മാസങ്ങളില്‍ മോഡല്‍ കുറച്ചുകൂടി ചെലവേറിയതായി മാറും. ആമുഖ ഓഫറിന് ശേഷം മോട്ടോര്‍സൈക്കിളിന്റെ വില 1,82,900 രൂപയായി ഉയര്‍ന്നേക്കും. സമകാലീനവും അഗ്രസീവുമായ സ്‌റ്റൈലിംഗിനൊപ്പം കിടിലന്‍ ഫീച്ചറുകളും പുതിയ കരിസ്മയില്‍ ഹീറോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതില്‍ ഒരു ഫീച്ചറാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിട്ടുള്ളത്. അത് ഏന്താണെന്ന് നമുക്ക് നോക്കാം. അഡ്ജസ്റ്റബിള്‍ ഫ്രണ്ട് വിന്‍ഡ്സ്‌ക്രീനിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇന്നത്തെ കാലത്തെ മോഡേണ്‍ ബൈക്കുകളിലെ ഫീച്ചറുകള്‍ വെച്ച് നോക്കുമ്പോള്‍ ഇത് വലിലയ സംഭവമല്ലെന്ന് ചിലരെങ്കിലും പറയുമെങ്കിലും കരിസ്മയിലെ ഏറ്റവും മികച്ച കൂട്ടിച്ചേര്‍ക്കലുകളില്‍ ഒന്നാണിതെന്ന് നിസ്സംശയം പറയാം.
കരിസ്മയുടെ ഫ്രണ്ട് ഫെയറിംഗിന്റെ വലതുവശത്താണ് ഫ്രണ്ട് വിസർ താഴ്ത്താനും ഉയര്‍ത്താനും സഹായിക്കുന്ന ബട്ടണ്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ പ്രവര്‍ത്തനത്തിനൊപ്പം പുത്തന്‍ കരിസ്മയുടെ ഡ്രൈവ് റിവ്യു ചുവടെ ചേര്‍ക്കുന്നുണ്ട്. ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീന്‍ കൂടാതെ എണ്ണിയാലൊടുങ്ങാത്ത നിരവധി ഫീച്ചറുകളും പുതിയ കരിസ്മ XMR 210-ല്‍ വരുന്നുണ്ട്.

ഫാസ്റ്റ് ചാര്‍ജ് യുഎസ്ബി പോര്‍ട്ട്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോട് കൂടിയ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ഓട്ടോ ഇല്ല്യുമിനേഷന്‍ ഫീച്ചറുള്ള ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ബാറ്ററി സ്റ്റാറ്റസ്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഷിഫ്റ്റ് അഡ്വൈസർ, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ലോ ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ് മീറ്റര്‍, ബാക്‌ലിറ്റ് സ്വിച്ച് ഗിയര്‍, ഹസാര്‍ഡ് സ്വിച്ച് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍.
ടര്‍ബോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക്, ഐക്കണിക് യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഈ ബൈക്ക് വാങ്ങാം. പുതിയ ഹീറോ മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന വളരെ ട്രെന്‍ഡിയും സ്‌പോര്‍ട്ടിയുമാണ്. വളരെ ഷാര്‍പ്പും ആംഗുലാറുമായ ഡിസൈനിലുള്ള ഒരു ഫുള്‍ ഫെയര്‍ഡ് മോട്ടോര്‍സൈക്കിളാണ് കരിസ്മ XMR. മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകള്‍, ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, സ്റ്റബി എക്സ്ഹോസ്റ്റ്, സ്ലിം എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ മോട്ടോര്‍സൈക്കിളില്‍ ഹൈലൈറ്റ് ചെയ്യാവുന്ന ഡിസൈന്‍ ഘടകങ്ങളില്‍ ചിലതാണ്.
ദൈനംദിന യാത്രകള്‍ക്കും ലോംഗ് റൈഡുകള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ പുതിയ ട്രെല്ലിസ് ഫ്രെയിമിലാണ് കരിസ്മ XMR പൂര്‍ത്തിയാക്കിയിരിക്കുന്നത്. 210 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. 25.15 bhp പവറും 20.4 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചും ഇതിന് ലഭിക്കുന്നു.
പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 3.8 സെക്കന്‍ഡില്‍ പുതിയ കരിസ്മ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലെത്തും. സ്റ്റാന്‍ഡേര്‍ഡ് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 300 mm ഡിസ്‌ക് മുന്നിലും 230 mm ഡിസ്‌ക് പിറകിലും ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു.
ഡ്യുവല്‍ ചാനല്‍ എബിഎസ് ലഭിക്കുന്ന ആദ്യ ഹീറോ മോട്ടോര്‍സൈക്കിള്‍ എന്ന പ്രത്യേകതയും കരിസ്മ XMR-നുണ്ട്. യമഹ YZF-R15 V4, സുസുക്കി ജിക്‌സര്‍ SF 250, കെടിഎം RC200, ബജാജ് ഡൊമിനാര്‍ എന്നീ മോഡലുകള്‍ക്കെതിരെയാകും പുത്തന്‍ കരിസ്മയുടെ മത്സരം. ഓഗസ്റ്റ 29-ന് ഹീറോ കരിസ്മയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റോ ഹീറോ മോട്ടോകോര്‍പ്പിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകളോ സന്ദര്‍ശിച്ച് പുത്തന്‍ മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications








