ആർഭാടം ഉണ്ടേലും പ്രതാപം പഴഞ്ചന് തന്നെയോ? കരിസ്മ R vs XMR
ഒരു കാലഘട്ടത്തിൽ തരംഗമായി നിലനിന്നിരുന്ന മോഡലായിരുന്നു ഹീറോ ഹോണ്ട കരിസ്മ, പിന്നീട് പല പുത്തൻ മോഡലുകകളുടെ വരവോടെ ഇതിന്റെ പ്രൗഢി മങ്ങി പോവുകയായിരുന്നു. എന്നാൽ പുത്തൻ ഭാവത്തിൽ ഈ ഐതിഹാസിക മോഡലിനെ ഹീറോ ഇപ്പോൾ കൊണ്ടുവരികയാണ്. ഏറെ പ്രതീക്ഷയോടെ രാജ്യം കാത്തിരുന്ന 2023 കരിസ്മ XMR 210 എന്ന മോഡൽ 1,72,900 രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വിപണിയിൽ എത്തുന്നത്.
മോട്ടോർസൈക്കിളിന്റെ ബുക്കിംഗും കമ്പനി ഇതിനോടകം ആരംഭിച്ചു. ഡിസൈൻ, ഫീച്ചറുകൾ, പ്ലാറ്റ്ഫോം, എഞ്ചിൻ ഡൈനാമിക്സ് എന്നിവയിൽ ഈ പുതിയ തലമുറ കരിസ്മ അതിന്റെ മുൻഗാമികളിൽ നിന്ന് വേറിട്ടുനിൽക്കുന്നു. ഏറ്റവും പുതിയ കരിസ്മ XMR 210 -ഉം രണ്ടാം തലമുറ കരിസ്മ R-ഉം തമ്മിൽ നമുക്ക് ഒന്നു താരതമ്യം ചെയ്തു നോക്കാം.

ഹീറോ കരിസ്മയുടെ ചരിത്രം: താരതമ്യത്തിലേക്ക് കടക്കുന്നതിന് മുമ്പ്, നമുക്ക് മോട്ടോർസൈക്കിളിന്റെ ചരിത്രം ചെറുതായിട്ട് ഒന്നു നോക്കാം. 2007 -ൽ ഹീറോ ഹോണ്ട കരിസ്‌മ R എന്ന പേരിലാണ് ഈ ബൈക്കിന്റെ ആദ്യം അവതരിപ്പിച്ചത്, 2011 -ൽ ഒരു ചെറിയ സൗന്ദര്യവർധക അപ്‌ഡേറ്റ് ബൈക്കിന് ലഭിച്ചു. 2009 -ൽ ഫുൾ ഫെയർഡ് കരിസ്മ ZMR വേരിയന്റും നിർമ്മാതാക്കൾ പുറത്തിറക്കി.
പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ (PFI) എന്ന ടെ്നോളജിയോടെ ലൈനപ്പ് ബ്രാൻഡ് വിപുലീകരിച്ചു. 2012 -ൽ, ഹീറോ ഹോണ്ട കൂട്ടുകെട്ട് വേർപിരിഞ്ഞതിനുശേഷം, ബൈക്ക് ഹീറോ കരിസ്മ R എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. 2014 -ൽ മോട്ടോർസൈക്കിളിന് ഒരു തലമുറമാറ്റം ലഭിച്ചിരുന്നു, ചെറിയ ഡിസൈൻ അപ്പ്ഡേറ്റുകളും പെർഫോമെൻസ് മെച്ചപ്പെടുത്തലുകളും ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ സജ്ജീകരണവും ഈ അപ്പ്ഡേറ്റിൽ ഹീറോ കൊണ്ടുവന്നിരുന്നു.

എഞ്ചിൻ: ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ പുതിയ 210 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് പുതിയ കരിസ്മ XMR 210 -ന് കരുത്ത് പകരുന്നത്. DOHC കോൺഫിഗറേഷനും 4 വാൽവുകളും ഉൾക്കൊള്ളുന്ന ഈ മോട്ടോർ 24.1 bhp മാക്സ് പവറും 18.7 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്നു.
ഇതിനു വിപരീതമായി, മുൻ തലമുറയിലെ കരിസ്മയിൽ 223 സിസി, എയർ-കൂൾഡ്, ഫോർ സ്ട്രോക്ക് എഞ്ചിനാണ് വന്നിരുന്നത്. ഇത് 7,000 rpm -ൽ 17.2 bhp മാക്സ് പവറും 6,000 rpm -ൽ 18.33 Nm torque ഉം സൃഷ്ടിക്കുന്നു. ഈ പവർട്രെയിൻ 5.0 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വരെയും 15 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വരെയും വേഗത കൈവരിക്കുന്നു.

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി സജ്ജീകരിച്ചിരിക്കുന്ന പഴയ കരിസ്‌മ R-ൽ ആദ്യത്തെ മൂന്ന് ഗിയറുകൾക്ക് ലോ ഗിയറിംഗും നാലാമത്തെയും അഞ്ചാമത്തെയും ഗിയറുകൾക്ക് ഉയർന്ന അനുപാതവും ഉണ്ടായിരുന്നു. ലിറ്ററിന് ഏകദേശം 30 കിലോമീറ്റർ അർബൻ മൈലേജും, 70 കിലോമീറ്റർ ഹൈവേ കാര്യക്ഷമതയും ഇതിന് ലഭിച്ചിരുന്നു.
സസ്പെൻഷൻ, ബ്രേക്ക്, ടയറുകൾ: 2023 കരിസ്മ XMR 210 USD (അപ്സൈഡ്-ഡൌൺ) ഫോർക്കുകളെ ഒഴിവാക്കുന്നു, മുൻവശത്ത് പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റുമാണ് വരുന്നത്. സ്റ്റാൻഡേർഡ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) സഹിതം മുന്നിലും പിന്നിലും പെറ്റൽ ഡിസ്ക് ബ്രേക്കുകൾ മോട്ടോസൈക്കിളിന്റെ സവിശേഷതയാണ്.

താരതമ്യേന, പഴയ മോഡൽ ഹീറോ കരിസ്‌മ R ടെലിസ്‌കോപ്പിക് ഫോർക്കും പിൻഭാഗത്ത് പ്രീലോഡ്-അഡ്ജസ്റ്റ് ചെയ്യാവുന്ന ട്വിൻ ഷോക്ക് അബ്‌സോർബറുകളുമായിട്ടാണ് വരുന്നത്. ഒരൊറ്റ ഡൗൺട്യൂബ് ഫ്രെയിമാണ് ഇതിലുള്ളത്. 276 mm ഫ്രണ്ട് ഡിസ്‌കും 130 mm റിയർ ഡ്രമ്മുമാണ് ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം 2.75/18 ഫ്രണ്ട്, 100-90/18 റിയർ ടയറുകളാണ് നിർമ്മാതാക്കൾ ഇതിൽ നൽകിയിരുന്നത്.
ഡിസൈൻ & സവിശേഷതകൾ: ഏറ്റവും പുതിയ 2023 ഹീറോ കരിസ്മ XMR 210 തീർച്ചയായും അതിന്റെ അഗ്രസ്സീവ് മുൻഭാഗവും ഷാർപ്പ് രൂപഘടനയും കൊണ്ട് ജനശ്രദ്ധ ആകർഷിക്കുന്നു. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ, സ്കൾപ്റ്റഡ് ഫ്യുവൽ ടാങ്ക്, വലിപ്പമേറിയ വിൻഡ്‌സ്‌ക്രീൻ, ഇന്റഗ്രേറ്റഡ് മിററുകളോട് കൂടിയ സ്ലീക്ക് ഫെയറിംഗ് എന്നിവയെല്ലാം ഈ ബൈക്ക് വളരെ ബോൾഡായ ലുക്ക് വാഗ്ദാനം ചെയ്യുന്നു.
എഞ്ചിൻ കേസിംഗിലേക്ക് നീളുന്ന സൈഡ് ഫെയറിംഗ്, മികച്ച ഏസ്തെറ്റിക് വാഗ്ദാനം ചെയ്യുന്നു. ഇതിൽ ക്ലിപ്പ്-ഓൺ ഹാൻഡിൽബാറും സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ഉൾപ്പെടുന്നു. പിന്നിൽ കോംപാക്റ്റ് അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, എൽഇഡി ടെയിൽലൈറ്റുകൾ, ക്ലീൻ ടെയിൽ സെക്ഷൻ എന്നിവ വാഹനം പ്രദർശിപ്പിക്കുന്നു. പുതിയ കരിസ്മ XMR USB ചാർജിംഗും ടേൺ-ബൈ-ടേൺ നാവിഗേഷനും അവതരിപ്പിക്കുന്നു, സെൻട്രൽ ടാക്കോമീറ്ററും സ്പീഡോമീറ്ററും ഫീച്ചർ ചെയ്യുന്ന ചതുരാകൃതിയിലുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി വരുന്നു.
ഇതിനു വിപരീതമായി, ടൂറിംഗ് കഴിവുകൾക്കായി അറിയപ്പെട്ടിരുന്ന മുൻ തലമുറ ഹീറോ കരിസ്മ R, ഹോണ്ട VFR 800 -ൽ നിന്നാണ് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരുന്നത്. മോട്ടോർസൈക്കിളിന്റെ ഫെയറിംഗുകളിലും ഷാർപ്പ് പാനലുകളിലും ഇവ പ്രകടമാണ്. ഇലക്ട്രിക് സ്റ്റാർട്ടർ, അനലോഗ് ടാക്കോമീറ്റർ, സ്പീഡോമീറ്റർ, ഡിജിറ്റൽ ഫ്യുവൽ ഗേജ് എന്നിവ ബൈക്കിൽ ഉണ്ടായിരുന്നു.


Click it and Unblock the Notifications








