സ്‌കൂട്ടര്‍ നിരയിലേക്ക് കിടുക്കാച്ചി ഐറ്റം ഇറക്കാന്‍ ഹീറോ; നെഞ്ചിടിപ്പ് യമഹക്ക്
ലോകത്തെ തന്നെ മുന്‍നിര ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഹീറോ മോട്ടോകോര്‍പ്പ്. കമ്പനിയുടെ ബൈക്കുകളും സ്‌കൂട്ടറുകളും വലിയ തോതില്‍ വിശ്വാസ്യത നേടിയെടുത്തതിനാല്‍ ഇന്ത്യയില്‍ ഹീറോയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല. ഇപ്പോള്‍ തങ്ങളുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഹീറോ.
അതിന്റെ ഭാഗമായി രണ്ട് ദിവസം മുമ്പ് അവര്‍ പരിഷ്‌കരിച്ച എക്‌സ്ട്രീം 160 R 4V മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു. ഓയില്‍ കൂളിംഗ്, USD ഫോര്‍ക്ക്, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്ന് തുടങ്ങി ഒരുപിടി അപ്‌ഗ്രേഡുകളുമായിട്ടാണ് മോട്ടോര്‍സൈക്കളിള്‍ വിപണിയില്‍ എത്തിയത്. ഉടന്‍ തന്നെ കള്‍ട്ട് മോഡലായ കരിസ്മയെ തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഹീറോ. എന്നാല്‍ സ്‌കൂട്ടറുകള്‍ ഒന്നുമില്ലേ എന്ന ചോദ്യത്തിനും ഉത്തരമുണ്ട്.

അടുത്തിടെ ഒരു പുതിയ പ്രീമിയം സ്‌കൂട്ടര്‍ ഡിസൈന്‍ ഹീറോ മോട്ടോകോര്‍പ്പ് പേറ്റന്റ് ചെയ്തിരിക്കുകയാണ്. മാക്‌സി സ്‌കൂട്ടര്‍ ശൈലിയിലാണ് ഹീറോ മോട്ടോകോര്‍പ്പ് പുതിയ പ്രീമിയം സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. ഹീറോ മോട്ടോകോര്‍പ്പ് അപേക്ഷിച്ച പേറ്റന്റിന്റെ ഫോട്ടോകള്‍ കാണുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. ഹീറോ മോട്ടോകോര്‍പ്പില്‍ നിന്ന് ഇതുപോലൊരു സ്‌കൂട്ടര്‍ നമ്മള്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. സ്‌പോര്‍ട്ടിയര്‍ മുന്‍വശമാണ് മാക്‌സി സ്‌കൂട്ടറിനുള്ളത്.
മുന്‍വശത്ത് ഇരട്ട ഹെഡ്ലാമ്പുകള്‍ നല്‍കിയിട്ടുണ്ട്. മുമ്പില്‍ ഒരു വലിയ വിന്‍ഡ്ഷീല്‍ഡ് ഉണ്ട്. സ്‌റ്റെപ്പ്ഡ് സിംഗിള്‍ സീറ്റുകള്‍ സുഖകരമായ യാത്ര ഉറപ്പ് നല്‍കും. കൂടാതെ, ഈ സ്‌കൂട്ടറിന് സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റിന് അനുയോജ്യമാക്കുന്നതിന് പിന്നില്‍ ഒരു ഗ്രാബ് റെയില്‍ ഉണ്ട്. പിറകില്‍ ഒരു ടോപ് ബോക്‌സ് ചേര്‍ക്കാന്‍ പാകത്തിന് വലിയ ഒരു റിയര്‍ റാക്കും ഹീറോ നല്‍കിയിട്ടുണ്ട്.
മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ പരമ്പരാഗത ഷോക്ക് അബ്സോര്‍ബറുകളുമാണ് ഈ മാക്സി സ്‌കൂട്ടറിന് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിച്ചേക്കുക. എന്നാല്‍ വരാന്‍ പോകുന്ന ഈ മാക്‌സിന സ്‌കൂട്ടറിന്റെ എഞ്ചിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ഇന്ത്യയില്‍ സാധാരണയായി വില്‍പ്പനക്കെത്തുന്ന മാക്‌സി സ്‌കൂട്ടറുകള്‍ 150 സിസി എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്. ഹീറോയുടെ പുതിയ മാക്‌സി സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ യമഹ എയ്‌റോക്‌സ് 155 സ്‌കൂട്ടറുമായിട്ടാണ് ഏറ്റുമുട്ടുക.
1.43 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍ ഇതിനോട് 125 സിസി എഞ്ചിന്‍ സജ്ജീകരിച്ച സ്‌കൂട്ടര്‍ വെച്ച് ഹീറോ മത്സരിക്കുമോ എന്ന കാര്യം വ്യക്തമല്ല. അതിനാല്‍ അടുത്തിടെ അവതരിപ്പിച്ച എക്‌സ്ട്രീം 160R-ന്റെ ഹൃദയം ഒരുപക്ഷേ നല്‍കിയേക്കും. അങ്ങനെയെങ്കില്‍ ഇത് ഒരു 163 സിസി എഞ്ചിനുമായിട്ടായിരിക്കും വരിക.
എന്നാല്‍ ഒരു കമ്പനി പേറ്റന്റിന് അപേക്ഷിക്കുന്ന എല്ലാ മോഡലുകളും നിര്‍മാണത്തിലേക്ക് എത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്തതിനാല്‍ ഇതിന്റെ വരവിനെ കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ല. നിലവില്‍ മാസ്‌ട്രോ എഡ്ജ് 125 ആണ് ഹീറോയുടെ ഫ്‌ലാഗ്ഷിപ്പ് സ്‌കൂട്ടര്‍. അടുത്ത കാലത്താണ് ഹോണ്ട ആക്ടീവക്ക് വെല്ലുവിളി ഉയര്‍ത്തി ഹീറോ സൂം 110 വിപണിയില്‍ ഇറക്കിയത്.
സൂം ഹീറോക്ക് തരക്കേടില്ലാത്ത വില്‍പ്പനയും നേടിക്കൊടുക്കുന്നുണ്ട്. നിലവില്‍ ഹീറോയുടെ ഏറ്റവും വില്‍പ്പനയുളള സ്‌കൂട്ടര്‍ മോഡല്‍ സൂം ആണ്. ഏതായാലും മികച്ച ഫീച്ചറുകളും മെക്കാനിക്കല്‍ സവിശേഷതകളുമായി എത്തിയാല്‍ ഹീറോ മാക്‌സി സ്‌കൂട്ടറിന് യമഹ എയ്റോക്സ് 155 മാക്സി സ്‌കൂട്ടറിന് വെല്ലുവിളി ഉയര്‍ത്താനാകും. മാക്‌സി സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ നല്ലൊരു പങ്ക് പിടിച്ചടക്കാനും ഹീറോക്കാകും. ഏതായാലും കമ്പനിയുടെ പ്ലാന്‍ എന്താണെന്ന് വൈകാതെ അറിയാം.


Click it and Unblock the Notifications








