250 സെഗ്മെന്റിൽ ഡ്യൂക്കിനെ പൂട്ടാൻ ഹീറോ; കരിസ്മയ്ക്ക് പിന്നാലെ പുത്തൻ മോഡൽ അണിയറയിൽ
ലോകത്തെ ഏറ്റവും വലിയ ടു-വീലർ നിർമ്മാതാക്കളിൽ ഒന്നായ ഹീറോ മോട്ടോകോർപ് ഇപ്പോൾ തങ്ങളുടെ ശക്തികേന്ദ്രമായ കമ്മ്യൂട്ടർ സെഗ്മെന്റിൽ നിന്ന് പുറത്തേക്ക് വന്ന് മറ്റ് മാസ് മാർക്കറ്റ് സെഗ്മെന്റുകൾ കൂടെ എക്സ്പ്ലോർ ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ആദ്യപടി എന്ന നിലയിലാണ് കമ്പനി പുതിയ കരിസ്മ XMR പുറത്തിറക്കിയത്. അതിന് പിന്നാലെ പുത്തൻ പ്ലാനുകൾ ആവിഷ്കരിക്കുകയാണ് ഇന്ത്യൻ ബ്രാൻഡ്.
നിലവിൽ ഇറ്റലിയിലെ മിലാനിൽ നടന്നുകൊണ്ടിരിക്കുന്ന EICMA 2023-ൽ ചില പുതിയ ബോൾഡ് ICE, EV മോഡലുകൾ പല ബ്രാൻഡുകളും വെളിപ്പെടുത്തിയിരുന്നു. എന്നാൽ അവയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് കടും ചുവപ്പ് നിറത്തിലുള്ള 2.5R XTunt കൺസെപ്റ്റ് മോട്ടോർസൈക്കിളാണ്. ഇത് ഹീറോയുടെ ഒരു പുതിയ 250 സിസി മോട്ടോർസൈക്കിളിന്റെ വരവിനെ സൂചിപ്പിക്കുന്ന ഒന്നാണ് എന്ന് നിസംശയം പറയാം.

ആധുനിക DOHC സെറ്റപ്പും അല്പം വലിയ റേഡിയേറ്ററും അടങ്ങുന്ന പുതിയ ലിക്വിഡ് കൂൾഡ്, 250 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ ആണ് ഇവിടുത്തെ സംസാര വിഷയം. ഹീറോ കരിസ്മ XMR -ലെ 210 സിസി യൂണിറ്റ് 25.5 bhp പവർ ഔട്ട്പുട്ട് നൽകുന്നു, 2024 കെടിഎം 250 ഡ്യൂക്ക് 31 bhp പുറപ്പെടുവിക്കുന്നു, അതിനാൽ ഈ മോട്ടോറിന്റെ പീക്ക് ഔട്ട്‌പുട്ട് ഇവ രണ്ടിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ കരിസ്മയെക്കാൾ KTM -നോട് അടുത്ത് ആവാം.
മിക്ക കൺസെപ്റ്റുകളെയും പോലെ, സ്‌റ്റൈലിംഗിന്റെ കാര്യത്തിൽ വളരെ വിചിത്രമാണിത്. ധാരാളം വിംഗ്‌ലെറ്റുകളും ആംഗുലാർ എക്സ്റ്റെൻഷനുകളും ഉണ്ട്. ബില്ലറ്റ് മെഷീൻ ചെയ്ത ഫുട്ട് പെഗ്ഗുകൾ, സിംഗിൾ ബ്രെംബോ M50 മോണോബ്ലോക്ക് കാലിപ്പർ, സ്ലീക്ക് ടയറുകൾ, ചങ്കി ഗോൾഡൻ USD ഫോർക്ക് എന്നിവ പോലെ സൂപ്പർ പ്രീമിയം ഘടകങ്ങളും പാർട്സുകളും ഇതിലുണ്ട്.

M50 കാലിപ്പർ, സൂപ്പർ സ്റ്റിക്കി സ്ലീക്ക് റബ്ബർ, ബില്ലറ്റ്-മെഷീൻ ചെയ്ത കംപോണന്റുകൾ എന്നിവ പ്രൊഡക്ഷൻ പതിപ്പിലേക്ക് നിർമ്മാതാക്കൾ കൊണ്ടുപോകാൻ സാധ്യതയില്ല, എന്നാൽ USD ഫോർക്കും അതിനോടൊപ്പമുള്ള മോണോഷോക്ക് സജ്ജീകരണവും മോട്ടോർസൈക്കിളിൽ ഉണ്ടായേക്കാം. 2.5R XTunt കൺസെപ്‌റ്റിന്റെ ഡിസൈൻ ശൈലിയിൽ നിന്ന് വിലയിരുത്തിയാൽ, പ്രൊഡക്ഷൻ സ്പെക്ക് ബൈക്കും തികച്ചും അഗ്രസ്സീവ് & ഷാർപ്പ് ശൈലിയിൽ ആയിരിക്കും വരുന്നത്.
2016 ഓട്ടോ എക്‌സ്‌പോയിൽ, ഹീറോ 1.6R കൺസെപ്‌റ്റ് പ്രദർശിപ്പിച്ചിരുന്നു, അത് ഒടുവിൽ എക്‌സ്ട്രീം 160R -ലേക്ക് വിവർത്തനം ചെയ്‌തു, അതിനാൽ ഈ കൺസെപ്റ്റ് മോഡൽ ഹീറോയിൽ നിന്ന് റോഡ്-ഗോയിംഗ് 250 സിസി നേക്കഡ് ബൈക്കിലേക്കും വിവർത്തനം ചെയ്യുമെന്ന് പറയാവുന്നതാണ്.

ഇതോടൊപ്പം സ്കൂട്ടർ സെഗ്മെന്റിലും ഹീറോ പുതിയ മാനങ്ങൾ കീഴടക്കാനുള്ള പ്രയത്നത്തിലാണ്. 110 സിസി സെഗ്മെന്റിൽ ഹിറ്റായി മാറിയ സൂം സ്കൂട്ടറിന് ശേഷം നിലവിൽ ഏറ്റവും കൂടുതൽ ജനപ്രിയമായ 125 സിസി സെഗ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യ ടു വീലർ ഭീമന്റെ പുറപ്പാട്. ഹീറോ സൂം 125R എന്ന മോഡലുമായി ഈ സെഗ്മെന്റിൽ ചുവടു വെയ്ക്കാനാണ് ഹീറോയുടെ പ്ലാൻ.
നിലവിൽ സ്റ്റൈലിഷ് ലുക്സ്, പവർ & പെർഫോമെൻസ് എന്നിവയുമായി ടിവിഎസ് എൻടോർഖ് കൊടി കുത്തി വാഴുന്ന 125 സിസി സ്കൂട്ടർ സെഗ്മെന്റിൽ തങ്ങളുടെ നില മെച്ചപ്പെടുത്താൻ ഹീറോയ്ക്ക് സൂം 125R -ന്റെ അവതരണത്തോടെ സാധിക്കും. പണ്ട് മോട്ടോർസൈക്കിളുകളുടെ പിന്നാലെ മാത്രം നടന്നിരുന്ന യൂത്തന്മാരിൽ പലരും ഇന്ന് കൂടുതൽ പ്രാക്ടിക്കലായ സ്കൂട്ടറുകൾക്ക് പിന്നാലെയാണ് എന്നതും കമ്പനിയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.


Click it and Unblock the Notifications








