സ്‌പ്ലെന്‍ഡറിന് വില കൂട്ടുന്നു; തീക്കൊള്ളി കൊണ്ട് തലചൊറിയാനൊരുങ്ങി ഹീറോ
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായ 'രാവണപ്രഭു'വില്‍ ഇന്നസെന്റ് അവതരിപ്പിച്ച വാര്യര്‍ എന്ന കഥാപാത്രം പറയുന്ന ഹിറ്റ് ഡയലോഗാണ് 'ഇത് അയാളുടെ കാലമല്ലേ' എന്ന്. മോഹന്‍ലാലിന്റെ നായക കഥാപാത്രമായ എംഎന്‍ കാര്‍ത്തികേയനെ കുറിച്ച് പറയുന്ന ഈ ഡയലോഗ് സമീപകാലത്ത് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ട്രെന്‍ഡിംഗായിരുന്നു. ഇന്ന് വാഹന വിപണിയിലേക്ക് നോക്കിയാല്‍ നമുക്ക് പറയാം ഇത് വില വര്‍ധനവിന്റെ കാലമാണെന്ന്.
ഏറ്റവും പുതുതായി വില വര്‍ധനവ് നേരിടാന്‍ പോകുന്നത് രാജ്യത്തെ ഏറ്റവും ജനപ്രിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ ഹീറോ സ്‌പ്ലെന്‍ഡറിനാണ്. ഇന്ത്യന്‍ വാഹന പ്രേമികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത കള്‍ട്ട് ക്ലാസിക് മോഡലാണ് ഹീറോ സ്പ്ലെന്‍ഡര്‍. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മാസംതോറും ആയിരക്കണക്കിന് യൂണിറ്റുകള്‍ വിറ്റുപോകുന്ന ബൈക്കിന്റെ വില വര്‍ധിപ്പിക്കാന്‍ പോകുകയാണ് ഹീറോ മോട്ടോകോര്‍പ്പ്.

ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. പ്രതിമാസം ശരാശരി 3 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഹീറോ വിറ്റഴിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് സ്‌പ്ലെന്‍ഡറാണ്. ഈ ജനപ്രിയ ഉല്‍പ്പന്നത്തിന്റെ മികവിലാണ് ഹീറോ മാര്‍ക്കറ്റ് ലീഡറായി വിലസുന്നതെന്ന് വേണമെങ്കില്‍ പറയാം. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ചരിത്രത്തില്‍ സ്‌പ്ലെന്‍ഡറിനോളം കലാതീതമായി നിലകൊണ്ട ഇത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു കമ്യുട്ടര്‍ മോട്ടോര്‍സൈക്കിള്‍ ഇല്ലെന്ന് തന്നെ പറയാം.
കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങനെ ഒക്കെ ആണെങ്കിലും ഇന്‍പുട്ട് കോസ്റ്റിന്റെ വര്‍ധനവും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാഹനം പരിഷ്‌കരിക്കേണ്ടതിനാലും വാഹനത്തിന്റെ വില വര്‍ധിപ്പിക്കാതെ തരമില്ലെന്നാണ് ഹീറോ പറയുന്നത്. ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മോട്ടോര്‍ സൈക്കിളുകള്‍ ഓണ്‍ ബോര്‍ഡ് ഡയഗനോസ്റ്റിക്‌സ് (OBD) 2-ലേക്ക് നിര്‍ബന്ധമായും മാറേണ്ടതുണ്ട്.

ഇതിനായി വാഹനം പരിഷ്‌കരിക്കേണ്ടതിന് ചെലവ് കൂടുന്നതിനാലാണ് സ്്പ്ലെന്‍ഡര്‍ ബൈക്കിന്റെ വില ഏപ്രിലില്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് ഒരുങ്ങുന്നത്. ഏപ്രില്‍ 1 മുതല്‍ സ്പ്ലെന്‍ഡര്‍ ബൈക്കിന്റെ മാത്രമല്ല പ്ലഷര്‍ പ്ലസ് അടക്കം മറ്റ് ചില മോഡലുകളുടെ കൂടി വില വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് തീരുമാനിച്ചു. ടൂവീലറുകളുടെ നിലവിലെ വിലയുടെ 2 ശതമാനമായിരിക്കും വില വര്‍ധനവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതെല്ലാം മോഡലുകള്‍ക്കാണ് വില വര്‍ധനവെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.
വാഹന പാര്‍ട്സുകള്‍ക്ക് അനുദിനം വില വര്‍ധിക്കുന്നതും വില കൂട്ടുന്നതിന് ഒരു കാരണമാണ്. ഈ വിലവര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് ആകര്‍ഷകമായ ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ തുടര്‍ന്നും നല്‍കും. അതിനാല്‍ വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. OBD2 അനുസൃത വാഹനങ്ങള്‍ വാങ്ങാന്‍ പണം അധികം മുടക്കുന്നത് ഇപ്പോള്‍ നഷ്ടമാണെന്ന തോന്നല്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ വാഹനത്തിന്റെ ഹെല്‍ത്തിന് അത് വളരെ ഉപകരിക്കുമെന്നതാണ് വാസ്തവം.
കോവിഡ് മഹാമാരിക്ക് ശേഷം തകര്‍ന്ന് കിടന്നിരുന്ന വാഹന വിപണി കഴിഞ്ഞ വര്‍ഷമാണ് ഒന്ന് ഉണര്‍ന്നത്. കഴിഞ്ഞ ഉത്സവ സീസണിന് ശേഷമാണ് നിര്‍മാതാക്കള്‍ ട്രാക്കില്‍ കയറിയതെന്ന് പറയാം. അര്‍ധചാലക ക്ഷാമവും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും ഒരുവശത്ത് കൂടി പരിഹരിച്ച് വരുന്ന മുറക്ക് നിര്‍മാണ പ്രക്രിയയിലെ നഷ്ടത്തിന്റെ ഒരു പങ്ക് ഉപഭോക്താക്കളിലേക്ക് കൈമാറാനായി മിക്ക വാഹന നിര്‍മാതാക്കളും അടുത്തിടെ വില വര്‍ധനവ് നടപ്പാക്കി.
എന്നാല്‍ ഇപ്പോള്‍ മലിനീകരണ മാനദണ്ഡങ്ങളാണ് ഈ വില വര്‍ധനവിന് പിന്നിലെ പ്രധാന കാരണം. നൂതന സാങ്കേതിക വിദ്യക്കും അധികമായി ഉപയോഗിക്കുന്ന പാര്‍ട്‌സുകള്‍ക്കുമായി കൂടുതല്‍ പണം മുടക്കേണ്ടതിനാലാണ് വാഹന നിര്‍മാതാക്കള്‍ വില കൂട്ടുന്നത്. കഴിഞ്ഞ ദിവസം സ്‌പ്ലെന്‍ഡറിന്റെ സെഗ്‌മെന്റിലെ കുത്തക തകര്‍ക്കാനായി ഹോണ്ട ഷൈന്‍ 100 പുറത്തിറക്കിയിരുന്നു.

സ്‌പ്ലെന്‍ഡറിനേക്കാള്‍ കുറഞ്ഞ വിലക്കാണ് 100 സിസി മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിയത്. സ്‌പ്ലെന്‍ഡറിന് വില കൂടുന്ന സാഹചര്യത്തില്‍ ഹോണ്ടയുടെ മനസ്സില്‍ എന്താകുമെന്ന ആകാംക്ഷയും ഏവര്‍ക്കുമുണ്ട്. ഹീറോ മോട്ടോകോര്‍പ്പ് അടുത്തിടെ പുതിയ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ XTEC ബൈക്ക് വിപണിയില്‍ എത്തിച്ചിരുന്നു. ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് പുതിയ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ XTEC പുറത്തിറക്കിയത്.
83,368 രൂപയാണ് ഡ്രം ബ്രേക്ക് വേരിയന്റിന്റെ എക്സ് ഷോറൂം വില. അതേസമയം ഡിസ്‌ക് ബ്രേക്ക് വേരിയന്റ് സ്വന്തമാക്കാന്‍ 87,268 രൂപ (എക്‌സ്‌ഷോറൂം) വില നല്‍കണം. എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഫുള്‍ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, യുഎസ്ബി ചാര്‍ജര്‍, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്ഓഫ് എന്നീ പുതുപുത്തന്‍ ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏപ്രിലിലെ വില വര്‍ധനവില്‍ ഈ മോഡലും ഉള്‍പ്പെടും.


Click it and Unblock the Notifications








