മാസ്‌ട്രോയേക്കാള്‍ 'ഭീമന്‍'; ലോഞ്ചിന് മുമ്പ് ഹീറോ സൂമിന്റെ സുപ്രധാന വിവരങ്ങള്‍ പുറത്ത്

ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരാണ് ഹീറോ മോട്ടോകോര്‍പ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ വഴിയില്ല. സ്‌പ്ലെന്‍ഡര്‍ പോലുള്ള സൂപ്പര്‍ ഹിറ്റ് ബൈക്കുകളുടെ മികവിലാണ് ഹീറോ കാലങ്ങളായി തല്‍സ്ഥാനം അലങ്കരിച്ച് പോരുന്നത്. എന്നാല്‍ സ്‌കൂട്ടര്‍ വിപണിയില്‍ അങ്ങനെയല്ല കാര്യങ്ങള്‍.

ജനപ്രിയ മോഡലായ ആക്ടിവ റേഞ്ചിന്റെ ബലത്തില്‍ സ്‌കൂട്ടര്‍ വിപണി അടക്കി ഭരിക്കുന്നത് ഹോണ്ടയാണ്. എന്നാല്‍ ഹീറോ മോട്ടോകോര്‍പ്പിന് മികച്ച സ്‌കൂട്ടര്‍ മോഡല്‍ നിര ഇല്ല എന്നല്ല ഇതിനര്‍ത്ഥം. പ്ലെഷര്‍, ഡെസ്റ്റിനി, മാസ്‌ട്രോ എന്നിങ്ങനെ മികച്ച മോഡലുകളും ഹീറോയുടെ ആവനാഴിയിലുണ്ട്. ഇതില്‍ എന്‍ട്രി ലെവല്‍ മോഡലായ പ്ലഷര്‍ പ്ലസിലൂടെയാണ് നിര തുടങ്ങുന്നത്. മാസ്‌ട്രോ എഡ്ജ് 110, ഡെസ്റ്റിനി 125 എന്നീ മിഡ്‌ലെവല്‍ മോഡലുകളും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

മാസ്‌ട്രോയേക്കാള്‍ ഭീമന്‍; ലോഞ്ചിന് മുമ്പ് ഹീറോ സൂമിന്റെ സുപ്രധാന വിവരങ്ങള്‍ പുറത്ത്

മാസ്‌ട്രോ എഡ്ജ് 125 ആണ് ഹീറോ സ്‌കൂട്ടര്‍ നിരയിലെ ടോപ് എന്‍ഡ് മോഡല്‍. സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ഹോണ്ടയുടെ മൃഗീയ ആധിപത്യത്തിന് തടയിടാന്‍ ഹീറോ ഒരു പുത്തന്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. സൂം 110 എന്ന് പേരിട്ടിരിക്കുന്ന പുതിയ സ്‌കൂട്ടര്‍ ഈ മാസം അവസാനം വിപണിയില്‍ എത്തും. കുറച്ച് കൂടി സ്പോര്‍ടി ലുക്കില്‍ നിലവിലെ സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തവുമായ ഡിസൈന്‍ ഭാഷയിലാണ് ഹീറോ സൂം അവതരിക്കാന്‍ ഒരുങ്ങുന്നത്.

പുതിയ ഹീറോ സൂം എന്‍സിഎടിയില്‍ (NCAT) ഹോമോലോഗ് ചെയ്ത് തരം അംഗീകരിച്ചതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ഹീറോ മുമ്പ് ഈ മോഡലിനെ മാസ്‌ട്രോ ശ്രേണിയില്‍ ഹോമോലോഗ് ചെയ്തിരുന്നു. അപ്പോള്‍ മാസ്‌ട്രോ സൂം എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന രേഖകളുടെ അടിസ്ഥാനത്തില്‍ ഹീറോയുടെ പുതിയ സ്‌കൂട്ടര്‍ മാസ്‌ട്രോ ബ്രാന്‍ഡിംഗ് ഉപേക്ഷിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ സ്‌കൂട്ടര്‍ സൂം എന്ന് മാത്രമാകും അറിയപ്പെടുക. ഹീറോയുടെ സ്‌കൂട്ടര്‍ ശ്രേണിയില്‍ മാസ്‌ട്രോ എഡ്ജ് 110-ന് മുകളിലായിരിക്കും ഹീറോ സൂം ഇരിപ്പുറപ്പിക്കുക.

എന്‍സിഎടി ടൈപ്പ് അപ്രൂവലില്‍ കാണിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഈ സ്‌കൂട്ടറിന് ഒരു 8 bhp പവര്‍ നല്‍കുന്ന 110.9 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ നല്‍കിയിരിക്കുന്നത്. LX, VX, ZX എന്നീ മൂന്ന് വ്യത്യസ്ത വകഭേദങ്ങളിലാകും ഹീറോ സൂം ലഭ്യമാകുക. LX, VX വേരിയന്റുകള്‍ അളവുകള്‍ അനുസരിച്ച് സമമായിരിക്കും. എന്നാല്‍ ZX വേരിയന്റിന് 18 എംഎം വീതിയും 1 കിലോ ഭാരവും കൂടും.

അളവുകളെ കുറിച്ച് പറയുകയാണെങ്കില്‍ സൂമിന് 1881 എംഎം നീളവും 717 മുതല്‍ 731 എംഎം വീതിയും 1117 എംഎം ഉയരവും 1300 എംഎം നീളമുള്ള വീല്‍ബേസും ഉണ്ട്. ഹീറോയുടെ തന്നെ മാസ്‌ട്രോ എഡ്ജ് 110 സ്‌കൂട്ടറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹീറോ സൂമിന്റെ ഭാരവും വീതിയും തുല്യമാണ്. സൂമിന് 38 എംഎം നീളം കൂടുതലുണ്ട്. എന്നാല്‍ ഉയരം 71 എംഎം കുറവാണ്. വീല്‍ബേസിന്റെ സൂമിന് 39 എംഎം അധികമുണ്ട്.

വലിപ്പം വല്ലാതെ കൂട്ടാതെ ഹാന്‍ഡ്‌ലിംഗ് എളുപ്പമാക്കുന്ന തരത്തില്‍ നീളമേറിയ വീല്‍ബേസും സ്‌പോര്‍ട്ടിയര്‍ ലുക്കുമായാണ് ഈ സ്‌കൂട്ടര്‍ എത്തുക. നിലവില്‍ ഹീറോയുടെ മറ്റെല്ലാ സ്‌കൂട്ടറുകളിലും ഹെഡ്ലൈറ്റുകള്‍ ഹാന്‍ഡില്‍ബാറിലാണ് ഘടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഹീറോ സൂമില്‍ ഹൈഡ്‌ലൈറ്റ് യൂണിറ്റ് അതിന്റെ ആപ്രോണിലാണ് കാണാന്‍ സാധിക്കുക. ഹോണ്ടയുടെ സ്‌കൂട്ടര്‍ നിരയില്‍ ഹോണ്ട ഡിയോക്കാണ് ഹീറോ സൂം നേരിട്ടുള്ള എതിരാളിയാകുക. പ്ലെഷര്‍ പ്ലസ്, മാസ്‌ട്രോ എഡ്ജ് 110 എന്നിവയില്‍ കാണുന്ന അതേ 110.9 സിസി എഞ്ചിനായിരിക്കും ഇതിനും തുടിപ്പേകാന്‍ എത്തുക.

ഈ എഞ്ചിന്‍ 8 bhp കരുത്തില്‍ പരമാവധി 8.7 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഒരു CVT ഗിയര്‍ബോക്‌സുമായി ഇണചേര്‍ന്ന ഈ പവര്‍ട്രെയിന്‍ മാന്യമായ പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്നു. മാസ്‌ട്രോ എഡ്ജ് 110 പതിപ്പില്‍ ഇല്ലാത്ത സ്വിച്ച് ഗിയറില്‍ മാറാവുന്ന i3S ബട്ടണ്‍ ഇതിന് ലഭിക്കുന്നുണ്ട്. മാസ്‌ട്രോ എഡ്ജ് 110 ഒഴികെയുള്ള മറ്റെല്ലാ സ്‌കൂട്ടറുകളിലും വാഗ്ദാനം ചെയ്യുന്ന ഇന്ധനം ലാഭിക്കാനുള്ള ഹീറോയുടെ സ്റ്റോപ്പ്/സ്റ്റാര്‍ട്ട് ഫീച്ചറാണ് i3S. മറ്റ് ഹീറോ സ്‌കൂട്ടറുകള്‍ പോലെ ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് താഴെയുള്ള സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റുകളും യുഎസ്ബി ഫോണ്‍ ചാര്‍ജറും ലഭിക്കുന്നു.

ട്രിപ്പ് മീറ്ററുകള്‍, ഓഡോമീറ്റര്‍, ക്ലോക്ക്, ഫ്യുവല്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍, നോട്ടിഫിക്കേഷനുകളും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഉള്ള ബ്ലൂടൂത്ത് എന്നിവയ്ക്കൊപ്പം എക്സ്‌ടെക് കണക്റ്റഡ് സവിശേഷതകളുള്ള ഒരു പുതിയ ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹീറോ സൂം 110 മോഡലിന് ലഭിക്കുന്നുണ്ട്. എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ സംവിധാനമാണ് ഹീറോ സൂമില്‍ നഷ്ടമാകുന്നത്. സ്‌കൂട്ടറിന് 65000 രൂപ മുതല്‍ 70000 രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ഈ മാസം 30-ന് നടക്കുന്ന ചടങ്ങിലാകും വില പ്രഖ്യാപനം.

Most Read Articles

Malayalam
English summary
Hero xoom 110 is bigger than maestro important details including variants list leaked
Story first published: Wednesday, January 25, 2023, 14:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X