റോയൽ എൻഫീൽഡിന്റെ പ്ലാനിന് കൂച്ചുവിലങ്ങിടാൻ ഹീറോ; വലിയ ഹിമാലയനോട് ഏറ്റമുട്ടാൻ വമ്പൻ എക്സ്പൾസ്
ലോകത്തിലെ ഏറ്റവും വലിയ ടു വീലർ നിർമ്മാതാക്കളിൽ ഒന്നായ ഹീറോ മോട്ടോകോർപ് പുതിയ തലങ്ങളിലേക്ക് ചുവടു വെയ്ക്കാനുള്ള ഒരുക്കത്തിലാണ്. കാലങ്ങളോളം കമ്മ്യൂട്ടർ സെഗ്മെന്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി ഇപ്പോൾ അല്പം ഉയർന്ന പ്രീമിയം പെർഫോമെൻസ് സെഗ്മെന്റുകളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ആദ്യ സ്റ്റെപ്പ് ആയി പുതിയ കരിസ്മ XMR -ന്റെ വരവിനെ കാണാം.
അതിനു ശേഷം ഇപ്പോൾ പുതിയ ലിക്വിഡ് കൂൾഡ് മോട്ടോർസൈക്കിളുകൾ ഹീറോ പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിരിക്കുകയാണ്. ഇതിൽ ആദ്യത്തേത് എക്‌സ്‌പൾസ് നെയിംടാഗ് വന്നേക്കാവുന്ന ഒരു അഡ്വഞ്ചർ ബൈക്കാണ്, എന്നാൽ ഒരു വർഷം മുമ്പ് നാം കണ്ട എക്‌സ്‌പൾസ് 400 -ൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. മറ്റൊന്ന്, അതേ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലാണ്.

ഹീറോ തങ്ങളുടെ നിലവിലെ നെയിമിംഗ് തന്ത്രം തുടരുകയാണെങ്കിൽ, ഈ രണ്ടാമത്തെ ബൈക്കിന് എക്‌സ്ട്രീം നെയിംപ്ലേറ്റ് ലഭിക്കാം. ഈ ബൈക്കുകൾ പുതിയ ഹീറോ കരിസ്മ XMR -ൽ നിന്നുള്ള 210 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ ഞങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ട്.
സൈഡ് കവറുകളുടെ ഷെയിപ്പും ആകൃതിയും ഓയിൽ ഇൻസ്പെക്ഷൻ വിൻഡോയുടെയും ഓയിൽ ഫിൽട്ടറിന്റെയും പൊസിഷനുകളും കരിസ്മയിൽ നിന്ന് വ്യത്യസ്തമാണ്, അതിനാൽ തന്നെ ഇത് വ്യത്യസ്തമായ ഒരു എഞ്ചിനാണെന്ന് വിശ്വസിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു. എഞ്ചിനുകളുടെയും റേഡിയറുകളുടെയും മൊത്തത്തിലുള്ള വലിപ്പവും ഇത് ഒരു വലിയ മോട്ടോർ ആയിരിക്കുമെന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പരിഗണിക്കേണ്ട ചില പോയിന്റുകളുണ്ട്.

മുമ്പ് പുറത്തു വന്ന എക്സ്പൾസ് 400 സ്പൈ ഷോട്ടുകൾ ഒരു അപ്പ്സൈഡ്‌ഡൗൺ ഫോർക്ക് സെറ്റപ്പ് കാണിക്കുന്നു, അതേസമയം ഈ ടെസ്റ്റ് മോഡലുകൾക്ക് കൺവൻഷണൽ ടെലിസ്കോപ്പിക് ഫോർക്ക് ലഭിക്കുന്നു എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ ഘടകം. കൂടാതെ, മുമ്പത്തെ എക്സ്പൾസ് 400 ടെസ്റ്റ് മ്യൂളിന് ഇടതുവശത്തായിട്ടാണ് ഫ്രണ്ട് ബ്രേക്ക് റോട്ടർ ഘടിപ്പിച്ചിരുന്നത്, ഈ പുതിയ ബൈക്കിന് വലതുവശത്താണ് ഡിസ്ക് നൽകിയിരിക്കുന്നത്.
ഈ ഏറ്റവും പുതിയ ടെസ്റ്റ് മോഡൽ എക്സ്പൾസ് 400 -ന് സമാനമല്ലെന്ന് ഈ വ്യത്യാസങ്ങൾ സൂചിപ്പിക്കുന്നു. അതേ സമയം, ഇത് കരിസ്മയുടെ 210 സിസി എഞ്ചിനും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. ഒരുപക്ഷേ ഇത് എക്സ്പൾസ് 400 -ന്റെ ചെലവ് കുറഞ്ഞ ബേസ് സ്പെക്ക് പതിപ്പായിരിക്കും, അല്ലെങ്കിൽ ഹീറോ മൊത്തത്തിൽ മറ്റൊരു എഞ്ചിനിൽ പ്രവർത്തിക്കുന്നതിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.

ഈ ഏറ്റവും പുതിയ രണ്ട് ടെസ്റ്റ് മോഡലുകൾക്കിടയിലും, എഞ്ചിൻ കവറുകളുടെ ആകൃതിയിൽ സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ട്, ഇത് യഥാർത്ഥത്തിൽ ബൈക്കുകൾ ഉപയോഗിക്കുന്ന വ്യത്യസ്ത ഫ്രെയിമുകൾ പോലും ആവാം. എക്‌സ്‌പൾസിന് സ്‌പ്ലിറ്റ് ഡബിൾ ക്രാഡിൽ ഫ്രെയിം സെറ്റപ്പാണുള്ളത്, അതേസമയം സ്‌ട്രീറ്റ്‌ഫൈറ്ററിന് എഞ്ചിനായി ഒരു ക്രാഡിൽ എലമെന്റ് ഇല്ല, ഇത് ഒരു സ്പൈൻ അല്ലെങ്കിൽ പെരിമീറ്റർ-ടൈപ്പ് ഫ്രെയിം ഉപയോഗിക്കുമെന്ന് വ്യക്തമാക്കുന്നു.
ഇത് വ്യത്യസ്ത മൗണ്ടിംഗ് പോയിന്റുകൾക്ക് കാരണമാകും, ഇത് എഞ്ചിനുകളിലെ സൂക്ഷ്മമായ സ്ട്രക്ച്ചറൽ വ്യത്യാസങ്ങൾക്ക് കാരണമാകാം. രണ്ട് ടെസ്റ്റ് മ്യൂളുകൾ തമ്മിലുള്ള മറ്റ് വ്യത്യാസങ്ങളിൽ സസ്പെൻഷനും വീലുകളും ഉൾപ്പെടുന്നു. സ്ട്രീറ്റ്ഫൈറ്റർ ഒരു അപ്പ്സൈഡ്‌ഡൗൺ ഫോർക്കും 17 ഇഞ്ച് വീലുകളുമായി വരുന്നു, അതേസമയം എക്സ്പൾസിന് 21 ഇഞ്ച് ഫ്രണ്ട് വീലുകലാണ് ലഭിക്കുന്നത്.
എക്‌സ്‌പൾസിൽ ഒരു എൽഇഡി ഹെഡ്‌ലൈറ്റാണ് വരുന്നത്, സ്‌ട്രീറ്റ്‌ഫൈറ്ററിന് ഇതിന് സാമനമായി ഒരെണ്ണം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഹീറോ തങ്ങളുടെ ചെറിയ മോഡലുകളിൽ വാഗ്ദാനം ചെയ്യുന്നതുപോലെ, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇവയിൽ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും, റൈഡ്-ബൈ-വയർ പാക്കേജിന്റെ ഭാഗമായിരിക്കും എന്ന് തോന്നുന്നില്ല, ബൈക്കുകൾക്ക് കേബിൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ത്രോട്ടിലുകളാവും വരുന്നത്.


Click it and Unblock the Notifications








