വില്‍പ്പനയില്‍ 'വട്ടപ്പൂജ്യം'; ഹോണ്ട ഡിയോയും ഗ്രാസിയയും നിര്‍ത്തലാക്കുന്നു?
ഇന്ത്യയില്‍ സ്‌കൂട്ടര്‍ സെഗ്‌മെന്റ് അടക്കി ഭരിക്കുന്നത് ഹോണ്ട ആക്ടിവയാണ്. ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ടയില്‍ നിന്നുള്ള മറ്റൊരു ചുണക്കുട്ടന്‍ കൂടി ഇന്ത്യന്‍ യുവതയുടെ ഹൃദയത്തില്‍ ഇടം നേടിയിരുന്നു. സ്‌പോര്‍ട്ടി വൈബും ട്രെന്‍ഡി ലുക്കുമായി എത്തി യുവാക്കളുടെയും കുടുംബങ്ങളുടെയും ഹരമായി മാറിയ ഹോണ്ട ഡിയോയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
എന്നാല്‍ ഡിയോ ഫാന്‍സിന് അത്ര ദഹിക്കുന്ന കാര്യമായിരിക്കില്ല ഇനി തുടര്‍ന്ന് പറയാന്‍ പോകുന്നത്. പോയ മാസം വില്‍പ്പനയൊന്നും നേടാനാകാത്തതിനാല്‍ ഹോണ്ട ഡിയോ നിര്‍ത്തലാക്കാന്‍ പോകുകയാണെന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ഹോണ്ട ഡിയോ H സ്മാര്‍ട്ട് വേരിയന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെയാണ് ഇത്തരത്തില്‍ ചില കിംവദന്തികള്‍ പരക്കുന്നത്. ഹോണ്ട ഡിയോക്കൊപ്പം ഗ്രാസിയയും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് സൂചനകള്‍.

2023 ഏപ്രിലില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മൊത്തം 3,38,290 യൂണിറ്റിന്റെ ആഭ്യന്തര വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. മൊത്തം ടൂവീലര്‍ വില്‍പ്പനയില്‍ ഹീറോ മോട്ടോകോര്‍പ്പിന് പിന്നില്‍ രണ്ടാമതാണ് ഹോണ്ടയുടെ സ്ഥാനം. എങ്കിലും മൊത്തം വിപണി വിഹിതത്തിന്റെ നാലിലൊന്ന് നേടാന്‍ ഹോണ്ടക്ക് സാധിച്ചിട്ടുണ്ട്. ആക്ടിവ സ്‌കൂട്ടറാണ് ഇപ്പോഴും വില്‍പ്പനയില്‍ ഹോണ്ടയുടെ നട്ടെല്ലായി നിലകൊള്ളുന്നത്.
ഷൈന്‍ 125 പോലുള്ള എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളും മാന്യമായ സംഭാവനകള്‍ നല്‍കിപ്പോരുന്നു. പോയ മാസം ആക്ടിവ, ഷൈന്‍, CB350 റേഞ്ച് എന്നിവയെ കൂടാതെ മറ്റൊരു ഉല്‍പ്പന്നവും വിറ്റുപോയിട്ടില്ലെന്നതാണ് അത്ഭുതകരം. ഡിയോയെ കൂടാതെ ഗ്രാസിയ, ഡ്രീം, ലൈവ്, CB200 X, CB500 X, ഹോണറ്റ് 2.0, CB300 R, CBR 650F എന്നീ മോഡലുകളുമുണ്ട് പട്ടികയില്‍.

ഇക്കഴിഞ്ഞ ഏപ്രില്‍ 01 മുതല്‍ ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിന് അനുസൃതമായി എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതിനാല്‍ ഇവയില്‍ ചില മോഡലുകള്‍ അകാല ചരമം പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവയില്‍ ഡിയോയും ഗ്രാസിയയുമുണ്ടോ എന്നതാണ് അറിയേണ്ടത്.
7.8 bhp പവറും 9 Nm ടോര്‍ക്കും വികസിപ്പിക്കുന്ന 109 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഡിയോക്ക് കരുത്ത് പകരുന്നത്. ഇതിന്റെ ബേസ് വേരിയന്റിന് 68,625 രൂപയും DLX വേരിയന്റിന് 72,626 രൂപയുമാണ് വില വരുന്നത്. ആക്ടിവ, ആക്ടിവ 125 H സ്മാര്‍ട് വേരിയന്റുകള്‍ക്ക് ശേഷം അവരുടെ കീലെസ് സംവിധാനം ഡിയോയിലേക്കും കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഹോണ്ട.

വിപണിയില്‍ എത്തുമ്പോള്‍ ഈ ഫീച്ചറുള്ള ഏറ്റവും താങ്ങാനാകുന്ന സ്‌കൂട്ടറായി ഡിയോ H സ്മാര്‍ട് മാറും. ആക്ടിവ വേണ്ട എന്നാല്‍ അല്‍പ്പം സ്‌പോര്‍ട്ടിയറായിട്ടുള്ള സ്‌കൂട്ടര്‍ വേണമെന്നാഗ്രഹിക്കുന്നവരുടെ മുന്നിലേക്ക് ഹോണ്ട തന്നെ മുന്നോട്ട് വെക്കുന്ന ഒരു മോഡലാണ് ഗ്രാസിയ. 123.97 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഇത് CVT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.
82,520 രൂപ മുതല്‍ ഹോണ്ട ഗ്രാസിയ സ്വന്തമാക്കാം. ഡിയോ H സ്മാര്‍ടിനൊപ്പം ഗ്രാസിയയുടെ സ്മാര്‍ട് വേരിയന്റും അണിയറയില്‍ ഒരുങ്ങുന്നതായാണ് വിവരം. ഏതായാലും ഡിയോയും ഗ്രാസിയയും ഹോണ്ട നിലനിര്‍ത്തുമോ അതോ പിന്‍വലിക്കുമോ എന്ന കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം വരുംദിവസങ്ങളില്‍ നമുക്ക് അറിയാന്‍ സാധിക്കും. ഷൈന്‍ 100 ആണ് ഏറ്റവും അവസാനമായി ഹോണ്ട വിപണിയിലെത്തിച്ച ടൂവീലര്‍.
65,000 രൂപ എക്‌സ്‌ഷോറൂം വിലയില്‍ അവതരിപ്പിക്കപ്പെട്ട ഷൈന്‍ 100 കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ രംഗത്തെ സ്‌പ്ലെന്‍ഡറിന്റെ കുത്തക അവസാനിപ്പിക്കാനുറച്ചാണ് എത്തുന്നത്. ഒരു പുതിയ 98.98 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഷൈന്‍ 100-ന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ പരമാവധി 7.3 bhp പവറും 8.05 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 4 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. സ്പ്ലെന്‍ഡറിനെ കൂടാതെ ബജാജ് പ്ലാറ്റിന 100 എന്നിവയുടെ വെല്ലുവിളിയും ഷൈന്‍ 100 നേരിടേണ്ടതായുണ്ട്.


Click it and Unblock the Notifications








