ആക്ടിവ ഇലക്ട്രിക് 2024 മാര്‍ച്ചില്‍ എത്തും; ഉറപ്പിച്ച് ഹോണ്ട മുതലാളി

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേട്ടം കൊയ്യാന്‍ തുടങ്ങിയതിന് പിന്നാലെ വന്‍തോക്കുകള്‍ രംഗത്തേക്ക് കടന്ന് വന്നിരുന്നു. അപ്പോള്‍ പിന്നെ ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ മുടിചൂടാ മന്നന്‍മാരായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യക്ക് (എച്ച്എംഎസ്ഐ) നോക്കി നില്‍ക്കാനാവില്ലെല്ലോ.

ഇപ്പോള്‍ ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള ഒരു സുപ്രധാന വിവരം പുറത്ത് വന്നിരിക്കുകയാണ്. തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ 2024 മാര്‍ച്ചോടെ അവതരിപ്പിക്കുമെന്നാണ് കമ്പനി പ്രസിഡന്റും എംഡിയും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ അറിയിക്കുന്നത്. പുതിയ ആക്ടിവ H-സ്മാര്‍ട്ടിന്റെ ലോഞ്ച് ചടങ്ങിലായിരുന്നു അറ്റ്സുഷി ഒഗാറ്റയുടെ വെളിപ്പെടുത്തല്‍.

'ജപ്പാനിലെ ഹോണ്ടയുടെ ടീമുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഞങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഞങ്ങള്‍ പ്രാദേശികമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ഇതേ സമയത്ത് തന്നെ ആദ്യത്തെ സ്‌കൂട്ടറുമായി എത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. തീര്‍ച്ചയായും 2023-24 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍' ഒഗാറ്റ പറഞ്ഞു.

ഹോണ്ടയുടെ ആദ്യ ഫുള്‍ ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍ 2024 മാര്‍ച്ചില്‍ അവതരിപ്പിക്കാനാണ് സാധ്യത കാണുന്നത്. നിലവിലെ ആക്ടിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ ഇവിയുടെ നിര്‍മാണം. എഞ്ചിന് ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉപയോഗിച്ചാണ് ആക്ടിവയെ വൈദ്യുതീകരിക്കുക. ഇതിന് ഫിക്‌സഡ് ബാറ്ററി സജ്ജീകരണമായിരിക്കും ഉണ്ടായിരിക്കുക. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ ആയിരിക്കുമെന്നും ഒഗാറ്റ വെളിപ്പെടുത്തി. ആക്ടീവ ഇവിക്ക് ശേഷം പൂര്‍ണ്ണമായും പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഹോണ്ട രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ടുവരും.

സ്വാപ്പബിള്‍ ബാറ്ററി സജ്ജീകരണവുമായിട്ടായിരിക്കും രണ്ടാമന്റെ വരവ്. വിപണിയിലെ മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സമാനമായ ഫീച്ചറുകളും പെര്‍ഫോമന്‍സുമായിട്ടായിരിക്കും ഹോണ്ടയില്‍ നിന്നുള്ള രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുക.'വ്യാവസായിക കാഴ്ചപ്പാടില്‍ നോക്കിയാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇലക്ട്രിക് വാഹന വിപണിയില്‍ നിക്ഷേപിക്കുന്നത് കമ്പനിയെ സംബന്ധിച്ച് ഒരു അടിയന്തിര കാര്യമായിരുന്നില്ല. എന്നാല്‍ വിപണിയിലെ പ്രതീക്ഷകള്‍ വര്‍ധിക്കുന്നതിനാല്‍ ഞങ്ങള്‍ അടുത്ത വര്‍ഷം ഇവി സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ പോകുന്നു' ഒഗാറ്റ കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ നിന്നുള്ള ഹോണ്ടയുടെ ഏതെങ്കിലും ഇവി ഉല്‍പന്നം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഹോണ്ട ഇന്ത്യക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് മാത്രമുള്ള ഉല്‍പന്നങ്ങളില്‍ പ്രവര്‍ത്തിക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നും ഒഗാറ്റ വിശദീകരിച്ചു. കഴിഞ്ഞ ആറ് മാസമായി ഇലക്ട്രിക് മോട്ടോറും ബാറ്ററിയും പ്രാദേശികവല്‍ക്കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിലാണ് ഹോണ്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഐസിഇ, ഇലക്ട്രിക് വാഹനങ്ങള്‍ ഹൈബ്രിഡ് അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനായി നീക്കിവെക്കും.

ആഭ്യന്തരമായി തന്നെ ഇലക്ട്രിക് മോട്ടോറുകള്‍ നിര്‍മ്മിക്കുമെന്നും രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുന്നതിന് മുമ്പ് രാജ്യത്ത് 6,000 കണ്‍സ്യൂമര്‍ ടച്ച് പോയിന്റുകളില്‍ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വ്യക്തമാക്കുന്നു. എന്നിരുന്നാലും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നതിനാല്‍ പരമ്പരാഗത സ്‌കൂട്ടറുകള്‍ ഭാവിയിലും ഇന്ത്യന്‍ വിപണിയുടെ ഒരു പ്രധാന ഭാഗമായിരിക്കുമെന്ന് കമ്പനി ഇപ്പോഴും വിശ്വസിക്കുന്നു. ഹ്രസ്വദൂര യാത്രക്കാര്‍ ഒരു ആക്ടിവ ഇവി തിരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘദൂര യാത്രക്കാന്‍ പെട്രോള്‍ ആക്ടിവയായിരിക്കും തെരഞ്ഞെടുക്കുകയെന്നാണ് ഹോണ്ട എംഡി പറയുന്നത്.

H-സ്മാര്‍ട്ട് സാങ്കേതികവിദ്യയുമായി പുതിയ ആക്ടിവ മോഡല്‍ കഴിഞ്ഞ ദിവസം ഹോണ്ട വിപണിയില്‍ എത്തിച്ചിരുന്നു. ആക്ടിവയുടെ ഏറ്റവും പുതിയ മോഡല്‍ ഫീച്ചറുകളാല്‍ സമ്പന്നമാണ്. അഞ്ച് പുതിയ പേറ്റന്റ് ടെക്നോളജി ആപ്ലിക്കേഷനുമായാണ് പുതിയ ആക്ടിവ എത്തുന്നത്. സ്മാര്‍ട്ട് കീ ഉപയോഗിച്ച് ഉപയോക്താവ് സ്‌കൂട്ടര്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിക്കാന്‍ അനുവദിക്കുന്ന സ്മാര്‍ട്ട് ഫൈന്‍ഡ് ഫീച്ചര്‍ ഈ സ്‌കൂട്ടറിന് ലഭിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഫിസിക്കല്‍ കീ ഉപയോഗിക്കാതെ സ്‌കൂട്ടര്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സ്മാര്‍ട്ട് കീ റൈഡറെ അനുവദിക്കുന്നുവെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

ഹൈലൈറ്റ് ഈ സ്മാര്‍ട്ട് കീ ഉപയോഗിച്ച് സ്‌കൂട്ടറിന്റെ എഞ്ചിന്‍ കീയുടെ രണ്ട് മീറ്ററിനുള്ളില്‍ എത്തുമ്പോള്‍ തന്നെ ഉടമയ്ക്ക് സ്റ്റാര്‍ട്ട് ചെയ്യാനാവും. 7.85 bhp പവറില്‍ പരമാവധി 8.84 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കുന്ന 109.51 സിസി മോട്ടോറാണ് ആക്ടിവ സ്മാര്‍ട്ടിനും കരുത്തേകുന്നത്. ഇത് ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, DLX എന്നീ ആക്ടിവയുടെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഹോണ്ട ആക്ടിവ സ്മാര്‍ട്ടിന്റെ ഭാരം ഒരു കിലോ വരെ കുറവാണ്.

പുതിയ ആക്ടിവ H-സ്മാര്‍ട്ട് വേരിയന്റിന് 74,536 രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. H-സ്മാര്‍ട്ട് പതിപ്പ് സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ്, സ്മാര്‍ട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ സ്വന്തമാക്കാം. ഇവയ്ക്ക് യഥാക്രമം 74,536 രൂപ, 77,036 രൂപ, 80,537 രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Honda india ceo confirms activa electric launch by 2024 march in malayalam
Story first published: Tuesday, January 24, 2023, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X