60 കി.മീ മൈലേജും കുറഞ്ഞ വിലയും; ഹോണ്ടയുടെ പുത്തന്‍ കമ്മ്യൂട്ടര്‍ ബൈക്ക് വിപണിയില്‍
കമ്മ്യൂട്ടര്‍ ബൈക്ക് സെഗ്‌മെന്റില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ ആധിപത്യം അവസാനിപ്പിക്കനുള്ള കിണഞ്ഞ ശ്രമത്തിലാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. അതിന്റെ ഭാഗമായി അടുത്ത കാലത്ത് ഹോണ്ട ഈ വിഭാഗത്തില്‍ നിരവധി മോഡലുകളാണ് കൊണ്ടുവരുന്നത്. കമ്മ്യൂട്ടര്‍ സെഗ്‌മെന്റ് രാജാവായ സ്‌പ്ലെന്‍ഡറിന് തടയിടാന്‍ കഴിഞ്ഞ ദിവസം ഹോണ്ട സൂപ്പര്‍ മൈലേജിനൊപ്പം 10 വര്‍ഷത്തെ വാറണ്ടിയുമായി പുതിയ CD 110 ഡ്രീം ഡീലക്‌സ് വിപണിയില്‍ ഇറക്കിയിരുന്നു.
ഇപ്പോള്‍ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ച പുതിയ ഹോണ്ട ലിവോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി ഇത് വാങ്ങാന്‍ സാധിക്കും. ഡ്രം ബ്രേക്ക് വേരിയന്റിന് 78,500 രൂപയും ഡിസ് ബ്രേക്ക് വേരിയന്റിന് 82,500 രൂപയുമാണ് വില. രണ്ടും എക്‌സ്‌ഷോറൂം വിലകളാണ്.

'2015-ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ലിവോ അതിന്റെ വിഭാഗത്തില്‍ കസ്റ്റമേഴ്‌സിനിടയില്‍ പ്രിയങ്കരമാണ്. കൂടാതെ OBD2 മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചതോടെ അതിന്റെ ആകര്‍ഷണം പുതിയ തലങ്ങളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. നൂതന സാങ്കേതിക വിദ്യയില്‍ സന്നിവേശിപ്പിച്ച 2023 ഹോണ്ട ലിവോ ഇപ്പോള്‍ ആധുനിക കാലത്തെ റൈഡര്‍മാരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന സ്‌റ്റൈല്‍, കംഫര്‍ട്ട്, പെര്‍ഫോമന്‍സ് എന്നിവയുടെ സമ്പൂര്‍ണ സംയോജനമാണ്' ഹോണ്ട സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയരക്ടര്‍ യോഗേഷ് മാഥൂര്‍ പറഞ്ഞു.
OBD2 കംപ്ലയിന്റ് ആയി പുറത്തിറങ്ങിയ പുതിയ ഹോണ്ട ലിവോയ്ക്ക് പുത്തന്‍ ഗ്രാഫിക്‌സും ഹോണ്ട നല്‍കിയിട്ടുണ്ട്. അത്ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനില്‍ 2023 ഹോണ്ട ലിവോ വാങ്ങാം. എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ESP) സാങ്കേതികവിദ്യയുള്ള OBD2 കംപ്ലയിന്റ് 110 സിസി PGM-Fi പെട്രോള്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ ഹൃദയം.

സൈലന്റ് എഞ്ചിന്‍ സ്റ്റാര്‍ട്ടിനായി ACG സ്്റ്റാര്‍ട്ടര്‍ മോട്ടോറും ഇതിന് ലഭിക്കുന്നു. മുന്‍ഗാമിക്ക് സമാനമായി 8.67 bhp പവറും 9.30 Nm ടോര്‍ക്കുമായിരിക്കും 2023 ഹോണ്ട ലിവോ നല്‍കുക. 4 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 60 കിലോമീറ്ററാണ് ബൈക്കിന് മൈലേജ് പറയുന്നത്.
മൊത്തത്തില്‍ ബൈക്കിന്റെ ബോഡിവര്‍ക്കില്‍ മാറ്റങ്ങള്‍ ഒന്നുമില്ല. പുതിയ ഗ്രാഫിക്‌സും മോഡേണ്‍ ഫ്രണ്ട് വൈസറും ഡിസി ഹെഡ്‌ലാമ്പുകളും ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. മാന്യമായ ടെയില്‍ ലാമ്പ് രൂപകല്‍പ്പനക്കൊപ്പം ചിസെല്‍ഡ് ആവരണങ്ങളുള്ള ഫ്യുവല്‍ ടാങ്ക് ബൈക്കിന് ബോള്‍ഡ് ലുക്ക് നല്‍കുന്നു. ഇന്റഗ്രേറ്റഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ബാഹ്യമായി സ്ഥാപിച്ചിരിക്കുന്ന ഫ്യുവല്‍ പമ്പ്, കോംബി-ബ്രേക്ക് സിസ്റ്റം (CBS) എന്നിവ മോട്ടോര്‍സൈക്കിളിലെ ചില ശ്രദ്ധേയമായ സവിശേഷതകളാണ്.
ബൈക്കിന്റെ ഹാര്‍ഡ്‌വെയറുകളില്‍ മാറ്റങ്ങളൊന്നും കാണാനാകില്ല. 18 ഇഞ്ച് അലോയ് വീലുകള്‍ ട്യൂബ്‌ലെസ് ടയറുകളില്‍ പൊതിഞ്ഞിരിക്കുന്നു. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ സ്പ്രിംഗുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. 5 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ സസ്പെന്‍ഷനും പ്രത്യേകതകളില്‍ ഒന്നാണ്. നീളമുള്ള സിംഗിള്‍ സെറ്റപ്പ് സീറ്റിന് 657 എംഎം നീളമുണ്ട്. 163 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
സമീപകാലത്ത് എല്ലാ ടൂവീലറുകളിലും നല്‍കിയ പോലെ ഹോണ്ട ലിവോക്കും 10 വര്‍ഷത്തെ പ്രത്യേക വാറണ്ടി പാക്കേജ് (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറണ്ടി) വാഗ്ദാനം ചെയ്യുന്നു. CB ട്വിസ്റ്ററിന്റെ പിന്‍ഗാമിയായി എത്തിയ ഹോണ്ട ലിവോ 110 സിസി കമ്മ്യൂട്ടര്‍ ബൈക്ക് സെഗ്‌മെന്റില്‍ ഡ്രീം സീരിസിനൊപ്പമാണ് വില്‍ക്കപ്പെടുന്നത്. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ കമ്മ്യൂട്ടര്‍ വാഹന നിരയിലെ വിലപിടിപ്പുള്ള ഓഫറിംഗാണ് ഇത്.
വിപണിയില്‍ ടിവിഎസ് സ്‌പോര്‍ട് ഹീറോ പാഷന്‍ എക്‌സ്‌ടെക് എന്നിവയുമായാണ് മത്സരം. ഇന്ത്യന്‍ വിപണിയുടെ ഇഷ്ടം നേടാന്‍ ട്വിസ്റ്ററിനായില്ലെങ്കിലും സ്‌റ്റൈലന്‍ ലുക്കില്‍ വരുന്ന ലിവോയിലൂടെ അതിന്റെ പരാജയം മറികടക്കാനാകുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. ഈ ഉത്സവ സീസണില്‍ വിപുലീകരിച്ച വാഹന നിര നേട്ടങ്ങള്‍ കൊണ്ടുവരുമോ എന്ന് കണ്ടറിയാം. മറുവശത്ത് ഹീറോയും തങ്ങളുടെ പോര്‍ട്‌ഫോളിയോ വികസിപ്പിക്കുന്ന തിരക്കിലാണ്.


Click it and Unblock the Notifications








