സ്‌പ്ലെന്‍ഡറിനെ വീഴ്ത്താന്‍ ഹോണ്ടയുടെ കമ്മ്യൂട്ടര്‍ ബൈക്ക് നാളെയെത്തും; വില പ്രതീക്ഷകള്‍
രാജ്യത്തെ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. ഹീറോ മോട്ടോകോര്‍പിന്റെ നട്ടെല്ലാണ് സ്‌പ്ലെന്‍ഡര്‍ മോട്ടോര്‍സൈക്കിള്‍. പല വമ്പന്‍മാരും വന്നുപോയിട്ടും കള്‍ട്ട് ക്ലാസിക് മോഡലായ സ്‌പ്ലെന്‍ഡറിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
എന്നാല്‍ സ്‌പ്ലെന്‍ഡറിനൊത്ത എതിരാളിയെന്ന തരത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒരു പുതിയ മോഡല്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. ഇതുവഴി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ കൂടുതല്‍ വിപണി വിഹിതം സ്വന്തമാക്കാനാണ് ഹോണ്ടയുടെ ലക്ഷ്യം. നാളെ (മാര്‍ച്ച് 15) സ്‌പ്ലെന്‍ഡര്‍ എതിരാളിയെ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ജപ്പാനീസ് വാഹന ഭീമന്‍. ഹോണ്ട ബൈക്കിന് ഷൈന്‍ 100 എന്നാണ് വിളിക്കാന്‍ സാധ്യതയെന്നാണ് ടീസറുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട പുറത്തിറക്കുന്ന ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ള മോഡല്‍ ആയിരിക്കും ഇത്. 100 സിസി സെഗ്‌മെന്റില്‍ ഹീറോയുടെ കുത്തക അവസാനിപ്പിക്കാന്‍ ഹോണ്ട പദ്ധതിയിടുന്നതായി 2022 ഫെബ്രുവരിയില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശേഷം ഏപ്രിലില്‍ കമ്പനി തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും താങ്ങാനാകുന്ന വിലയില്‍ ഒരു കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ പണിപ്പുരയിലാണ് തങ്ങളെന്നും വ്യക്തമാക്കി. ഈ വര്‍ഷം തുടക്കത്തില്‍ പേറ്റന്റിന് അപേക്ഷിക്കപ്പെട്ട വേളയിലുള്ള ബൈക്കിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു.
പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഹോണ്ട തങ്ങളുടെ പുതിയ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ രണ്ടാമത്തെ ടീസര്‍ വീഡിയോയും പങ്കുവെച്ചിരുന്നു. ആദ്യ ടീസര്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും, മോട്ടോര്‍സൈക്കിളിന്റെ ലുക്ക് എങ്ങനെയായിരിക്കുമെന്ന് രണ്ടാമത്തെ ടീസറിലൂടെ വ്യക്തമായിരുന്നു. ആംഗുലാര്‍ ആകൃതിയിലുള്ള ഫ്‌ലൈസ്‌ക്രീനും ഒരു സെറ്റ് സ്ലീക്ക് മിററുകളും അതോടൊപ്പം വളരെ ഷാര്‍പ്പായ ഹെഡ്ലാമ്പിന്റെ സാന്നിധ്യവും ഡിസൈന്‍ സ്‌കെച്ചില്‍ വ്യക്തമാകുന്നുണ്ടായിരുന്നു.

സിംഗിള്‍ പീസ് ഫ്‌ലാറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍ എന്നിവയും ഈ സ്‌കെച്ചില്‍ കാണാം. 18 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളിലാകും ബൈക്ക് ഓടുക. ഒരു മെലിഞ്ഞ ഫ്യുവല്‍ ടാങ്കായിരിക്കും ഇതിന് ലഭിക്കുക. വൈഡ് റിയര്‍ മഡ്ഗാര്‍ഡ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ട്വിന്‍-സൈഡഡ് റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, റിയര്‍ ഹാലജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഒരു എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് തുടങ്ങിയ കാര്യങ്ങള്‍ പുത്തന്‍ മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചേക്കാം.
കോമ്പി ബ്രേക്കിംഗ് സിസ്റ്റവും സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും മോട്ടോര്‍സൈക്കിളിന് ലഭിക്കും. വരാനിരിക്കുന്ന ഹോണ്ട ബൈക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 100 സിസി സ്ലോപ്പര്‍ എഞ്ചിന്‍ ആയിരിക്കും ഇതിന് തുടിപ്പേകുകയെന്ന് തോന്നുന്നു. 90-കള്‍ ശേഷം ഈ ഫോര്‍മാറ്റ് ഹോണ്ട ഉപയോഗിച്ചിട്ടില്ല. ഈ എഞ്ചിന്‍ വിശ്വാസ്യതക്കൊപ്പം ഇന്ധനക്ഷമതക്കും പേരുകേട്ടതാണ്. ഒപ്പം തന്നെ ഇരുചക്ര വാഹനപ്രേമികള്‍ക്ക് ഒരുപിടി ഗൃഹാതുര ഓര്‍മകള്‍ ഉണര്‍ത്താനും ഇതിനാകും.
കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും പോരാട്ടം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബൈക്കിനോടാകുമ്പോള്‍ അതിന് അനുസരിച്ച് ഒരുങ്ങണമെല്ലോ. ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസുമായി ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ വിലയുടെ കാര്യത്തില്‍ ചില സര്‍പ്രൈസുകള്‍ ഒരുപക്ഷേ ഹോണ്ട കരുതി വെച്ചിട്ടുണ്ടാകും. അതിനാല്‍ തന്നെ ആക്രമണാത്മകമായ വില പ്രതീക്ഷിക്കാം. സ്ലോപ്പര്‍ എഞ്ചിന്‍ കോണ്‍ഫിഗറേഷന്‍ ശരിയായി ഉപയോഗിക്കാന്‍ ഹോണ്ടക്ക് കഴിഞ്ഞാല്‍ ബൈക്കിന് ഏകദേശം 62,000 രൂപ എക്സ്-ഷോറൂം വിലയുണ്ടാകാനാണ് സാധ്യത.
നിലവില്‍ ഹോണ്ടയുടെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മോട്ടോര്‍സൈക്കിള്‍ CD 110 ഡ്രീം ഡീലക്‌സ് ആണ്. 71,133 രൂപയാണ് ഇതിന്റെ എകസ്‌ഷോറൂം വില. അതേസമയം ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ ബേസ് വേരിയന്റ് വില്‍ക്കുന്നത് 72,076 രൂപ എക്‌സ്‌ഷോറൂം വിലയിലാണ്. ഹീറോ HF100, ഹീറോ HF ഡീലക്‌സ്, ബജാജ് പ്ലാറ്റിന 100 എന്നീ ബൈക്കുകളായിരിക്കും വിപണിയിലെ മറ്റ് എതിരാളികള്‍.
100 സിസി സെഗ്‌ഗെമന്റിലെ ഏറ്റവും താങ്ങാനാകുന്ന മോഡല്‍ ഹീറോ HF 100 ആണ്. 56,968 രൂപയാണ് ഹീറോ HF 100 ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. 65,856 രൂപ വിലയിലാണ് (എക്‌സ്‌ഷോറൂം) ബജാജ് പ്ലാറ്റിന 100 വിപണിയിലെത്തുന്നത്. ഇന്ത്യന്‍ കമ്മ്യൂട്ടര്‍ ബൈക്ക് വിപണി ഏറെ നാളായി അടക്കി ഭരിക്കുന്ന ഹീറോ സ്‌പ്ലെന്‍ഡറിനെ തറപറ്റിക്കാന്‍ വിലയുടെ കാര്യത്തില്‍ വലിയ വിട്ടുവീഴ്ചക്ക് ഹോണ്ട തയാറാകേണ്ടി വരും.


Click it and Unblock the Notifications








