സ്‌പ്ലെന്‍ഡറിനേക്കാള്‍ വില കുറവ്, ബാക്കി എന്തൊക്കെ? ഹോണ്ട ഷൈന്‍ 100-നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഇന്ത്യയില്‍ സ്‌കൂട്ടര്‍ സെഗ്മെന്റിലെ രാജാക്കന്‍മാരാണെങ്കിലും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യക്ക് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ പഴയ പങ്കാളികളായ ഹീറോയോട് മുട്ടി നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. കള്‍ട്ട് ക്ലാസിക് മോഡലായ സ്പ്ലെന്‍ഡറിനോട് എതിരിടാന്‍ 100 സിസി വിഭാഗത്തില്‍ ഹോണ്ടക്ക് നല്ല മോഡലുകള്‍ ഇല്ലായിരുന്നുവെന്ന് തന്നെ പറയാം.
ഇത് തിരുത്തി കുറിക്കാനാണ് സ്പ്ലെന്‍ഡറിനൊത്ത ഒരു എതിരാളിയെ ഹോണ്ട കളത്തിലിറക്കിയത്. രാജ്യത്ത് ഹീറോ സ്‌പ്ലെന്‍ഡര്‍ മോട്ടോര്‍സൈക്കിളിനോട് നേരിട്ട് മത്സരിക്കുന്നതിനായി ഹോണ്ട പുതിയ ഹോണ്ട ഷൈന്‍ 100 മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. പുതിയ ഹോണ്ട ഷൈനിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട 5 കാര്യങ്ങളാണ്് ഇന്ന് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്.

വില: ഹോണ്ട പുതിയ ഹോണ്ട ഷൈന്‍ 100 മോട്ടോര്‍സൈക്കിളിന് ഇന്ത്യയില്‍ 64,900 രൂപയാണ് എക്സ്-ഷോറൂം വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഹോണ്ട ഷൈന്‍ 100-ന്റെ വില ഹീറോ സ്പ്ലെന്‍ഡറിനേക്കാള്‍ കുറവാണ്. ഹീറോ സ്‌പ്ലെന്‍ഡര്‍+ മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വിലകുറഞ്ഞ വേരിയന്റിനേക്കാള്‍ ഏകദേശം 7,500 രൂപ വരെ കുറവില്‍ ഇത് സ്വന്തമാക്കാന്‍ സാധിക്കും.
എന്നാല്‍ ഹോണ്ട ഷൈന്‍ 100 മോട്ടോര്‍സൈക്കിളിന്റെ നിലവിലെ വില ആമുഖ ഓഫറിന്റെ ഭാഗമാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ക്ക് വരും ദിവസങ്ങളില്‍ പുതിയ മോട്ടോര്‍സൈക്കിളിന്റെ വില വര്‍ധിപ്പിച്ചേക്കാമെന്നാണ് ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്. അതിനാൽ തന്നെ ഈ വിലയിൽ ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഇത് ഒരു അവസരമായി എടുക്കണം.

എഞ്ചിന്‍: ഒരു പുതിയ 99.7 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതുതായി പുറത്തിറക്കിയ ഹോണ്ട ഷൈന്‍ 100 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ മാന്യമായ പെര്‍ഫോമന്‍സാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 7.5 bhp പവറും 8.05 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 4-സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
നഗര യാത്രകളില്‍ ഇത് സൗര്യമായിരിക്കും. പുതിയ ഹോണ്ട ഷൈന്‍ 100 മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന് അനുസൃതമായിട്ടുള്ളതാണെന്ന് എടുത്തുപറയണം. കൂടാതെ, ഈ എഞ്ചിന്‍ E20 ഇന്ധനവുമായും (20 ശതമാനം എഥനോള്‍) പൊരുത്തപ്പെടുന്നു.
ഡിസൈനും നിറങ്ങളും: ഡിസൈനിന്റെ കാര്യം പരിശോധിക്കുമ്പോള്‍ ഹോണ്ട ഷൈന്‍ 125-ന്റെ കുറച്ച് കൂടി ഒതുക്കമുളള ഒരു പതിപ്പായാണ് പുതിയ ഹോണ്ട ഷൈന്‍ 100 കാണപ്പെടുന്നത്. 5 നിറങ്ങളില്‍ ഈ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ സാധിക്കും. അടിസ്ഥാന നിറമായ ബ്ലാക്കിനൊപ്പം റെഡ്, ബ്ലു, ഗ്രീന്‍, ഗോള്‍ഡ്, ഗ്രേ സ്ട്രിപ്പുകളോട് കൂടിയാണ് കളര്‍ ഓപ്ഷനുകള്‍.
ഫീച്ചറുകള്‍: വലിയ അലങ്കാരങ്ങളൊന്നുമില്ലാത്ത അത്യാവശ്യം ഫീച്ചറുകള്‍ മാത്രമുള്ള ഒരു ബേസിക് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് പുതിയ ഹോണ്ട ഷൈന്‍ 100 എന്ന് പറയാം. ഹാലജന്‍ ഹെഡ്‌ലൈറ്റ്, സൈഡ്-സ്റ്റാന്‍ഡ് അലേര്‍ട്ട്, കോംബി ബ്രേക്കിംഗ് സിസ്റ്റം (ഇആട) തുടങ്ങിയ അവശ്യ ഫീച്ചറുകളല്ലാതെ മറ്റൊന്നും ഇത് വാഗ്ദാനം ചെയ്യുന്നില്ല.
മറ്റുള്ളവ: പുതിയ ഷൈന്‍ 100 മോട്ടോര്‍സൈക്കിളിന്റെ ഫ്യുവല്‍ ടാങ്കിന്റെയും മികച്ച നീ ഗ്രിപ്പിനായി നേരിയ ലെഗ് ഓപ്പണിംഗും ഹോണ്ടക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. റൈഡര്‍മാര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതിനായി ഷൈന്‍ 100 677 മില്ലിമീറ്റര്‍ നീളമുള്ള സീറ്റ് വാഗ്ദാനം ചെയ്യുന്നു. 786 മില്ലിമീറ്റര്‍ സീറ്റ് ഹൈറ്റും കംഫര്‍ട്ട് കൂട്ടുമെന്നും കമ്പനി പറയുന്നു.
വില നിര്‍ണയത്തിന്റെ കാര്യത്തില്‍ എപ്പോഴും പഴികേള്‍ക്കുന്ന കമ്പനിയാണ് ഹോണ്ട. ഇതുവരെ ഇന്ത്യയില്‍ ഹോണ്ടയുടെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മോട്ടോര്‍സൈക്കിള്‍ CD 110 ഡ്രീം ഡീലക്സ് ആയിരുന്നു. 71,133 രൂപയാണ് ഇതിന്റെ എകസ്ഷോറൂം വില. എന്നാല്‍ ഹോണ്ട ഷൈന്‍ 100 മോട്ടോര്‍സൈക്കിളിന്റെ കാര്യത്തില്‍ ജാപ്പനീസ് വാഹന ഭീമന്‍മാര്‍ ഏവരുടെയും വായടപ്പിച്ചു.

സ്പ്ലെന്‍ഡറിന് വെല്ലുവിളി ഉയര്‍ത്തുന്ന വിലയിലെത്തിയ ഹോണ്ട ഷൈന്‍ ഇന്ത്യയിലെ ഗ്രാമീണ, നഗര മേഖലകളില്‍ നല്ല വില്‍പ്പന പിടിക്കുമെന്നാണ് പ്രതീക്ഷ. ഹീറോ HF100, ഹീറോ HF ഡീലക്സ്, ബജാജ് പ്ലാറ്റിന 100 എന്നീ ബൈക്കുകളായിരിക്കും വിപണിയിലെ മറ്റ് എതിരാളികള്‍. ഹോണ്ട ഷൈൻ 100 കൂടി എത്തിയതോടെ സെഗ്മെന്റിൽ ഇനി പോരാട്ടത്തിന് ചൂടേറും.


Click it and Unblock the Notifications








