ഗിയർ ഷിഫ്റ്റിംഗ്സ് ഇനി ഈസി; ക്ലച്ച് ഇല്ലാതെ ഗിയർ മാറാൻ പുത്തൻ ഇ-ക്ലച്ച് ടെക്കുമായി ഹോണ്ട
ആഗോള തലത്തിൽ ഇരുചക്ര വാഹന വിപണിയിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിൽ ഹോണ്ട എന്നും മുൻപന്തിയിലാണ് എന്ന വസ്തുത നമുക്ക് നിഷേധിക്കാനാവില്ല. ഇതിനോടകം പല ഐതിഹാസിക ടെക്നോളജിൽ ബ്രാൻഡ് നമുക്ക് സംഭാവന ചെയ്തിട്ടുണ്ട്.
ഇപ്പോൾ, ജാപ്പനീസ് ബ്രാൻഡ് ഒരു പുതിയ ഇ-ക്ലച്ച് സാങ്കേതികവിദ്യയുടെ രൂപത്തിൽ വീണ്ടും വിപണിയ്ക്കായി വളരെ ആവേശകരമായ മറ്റൊരു അപ്പ്ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് ഒരു ഓട്ടോമേറ്റഡ് ക്ലച്ച് സിസ്റ്റമാണ്, ഇത് ഒരു മോട്ടോർസൈക്കിളിൽ ക്ലച്ച് ലെസ് ഗിയർ ഷിഫ്റ്റുകൾ അനുവദിക്കും എന്നതാണ് ശ്രദ്ധേയം.

ഹ്യുണ്ടായി, കിയ എന്നീ ബ്രാൻഡുകളിൽ നിന്നുള്ള ചില കാറുകളിൽ നമുക്ക് ലഭിക്കുന്ന iMT (ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ) ഗിയർബോക്‌സിന് സമാനമായ ഒന്നാണ് ഈ സാങ്കേതികവിദ്യ എന്ന് ഒറ്റവാക്കിൽ പറയാം. ഈ iMT സിസ്റ്റത്തിന് ഒരു ക്ലച്ച് ഇല്ല എങ്കിലും ഇപ്പോഴും ഒരു മാനുവൽ ഗിയർബോക്‌സ് യൂണിറ്റ് ലഭിക്കുന്നു.
ക്ലച്ച് എൻഗേജ് ചെയ്യുന്നതിനോ ഡിസ് എൻഗേജ് ചെയ്യുന്നതിനോ ഗിയർ ലിവറിൽ സ്ഥിതി ചെയ്യുന്ന ഒരു 'ഇന്റലിജന്റ് ഇൻഡൻസ് സെൻസർ' സംവിധാവം ഇത് ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഹോണ്ട ഇ-ക്ലച്ച് സാങ്കേതികവിദ്യയ്ക്ക് റൈഡർ ഡിമാൻഡുകളുടെ വിശാലമായ റേഞ്ച് നിറവേറ്റുന്നതിനായി ഒരു പ്രോപ്പർ ക്ലച്ച് ലഭിക്കും.

മൾട്ടി ഗിയർ മോട്ടോർസൈക്കിൾ ട്രാൻസ്മിഷനുള്ള ലോകത്തിലെ ആദ്യത്തെ ഓട്ടോമാറ്റിക് ക്ലച്ച് കൺട്രോൾ സിസ്റ്റമായിരിക്കും ഇത് എന്ന് ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ക്ലച്ച് ലിവർ പ്രവർത്തിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് കൂടാതെ സുഗമമായ സ്റ്റാർട്ടിംഗ്, ഗിയർ ഷിഫ്റ്റിംഗ്, സ്റ്റോപ്പ് എന്നിവ സാധ്യമാക്കുന്നതിനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. കനത്ത ട്രാഫിക്കിനെ അഭിമുഖീകരിക്കേണ്ടി വരുന്ന ദൈനംദിന സിറ്റി യാത്രക്കാർക്ക് ഈ സാങ്കേതികവിദ്യ ഒരു വൻ അനുഗ്രഹമായി മാറും എന്നതിൽ സംശയമില്ല.
ഈ സിസ്റ്റത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഹോണ്ട ഇ-ക്ലച്ച് ഇലക്ട്രോണിക് കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, ഇത് എല്ലാത്തരം സാഹചര്യങ്ങളിലും സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന മികച്ച ഓട്ടോമേറ്റഡ് ക്ലച്ച് കൺട്രോൾ വാഗ്ദാനം ചെയ്യുന്നു. റൈഡറുടെ മാനുവൽ ക്ലച്ച് ഓപ്പറേഷനേക്കാൾ വളരെ നാച്ചുറലായി ഇ-ക്ലച്ച് സ്മൂത്ത് സ്റ്റാർട്ടും ഗിയർ ഷിഫ്റ്റുകളും സ്റ്റോപ്പിംഗും വാഗ്ദാനം ചെയ്യുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.

നേരത്തെ സൂചിപ്പിച്ചതുപോലെ, ഇ-ക്ലച്ച് സിസ്റ്റത്തിന് ഇപ്പോഴും ഏതൊരു മോട്ടോർസൈക്കിളിനേയും പോലെ ഒരു മാനുവൽ ക്ലച്ച് ലിവർ ലഭിക്കും, കൂടാതെ ക്ലച്ച് ഇലക്ട്രോണിക് ആയി കൺട്രോൾ ചെയ്യപ്പെടുമ്പോഴും ലിവർ പിടിച്ച് മാനുവലായി പ്രവർത്തിപ്പിക്കാനും കഴിയും. ഹോണ്ടയുടെ അഭിപ്രായത്തിൽ,വിവിധ റൈഡിംഗ് എക്സ്പീരിയൻസും വൈദഗ്ധ്യവുമുള്ള കൂടുതൽ റൈഡർമാർക്ക് ഈ സിസ്റ്റം ഉപയോഗിക്കാൻ ഇത് അനുവദിക്കുന്നു. കൂടാതെ ഉപഭോക്താക്കൾക്ക് കൂടുതൽ സുഖപ്രദമായ റൈഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും എന്ന് ഹോണ്ട വ്യക്തമാക്കി.
ഇതിനുപുറമെ, ഇ-ക്ലച്ച് സിസ്റ്റം ഭാരം കുറഞ്ഞതും വളരെ ഒതുക്കമുള്ളതുമാണ്. നിലവിലുള്ള എഞ്ചിൻ ലേയൗട്ടുകളിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ഇത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. നിലവിൽ, അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന ആഫ്രിക്ക ട്വിൻ, ഗോൾഡ് വിംഗ്, NT1100 തുടങ്ങിയ ഹൈ-എൻഡ് ബൈക്കുകളിൽ DCT (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ) ഹോണ്ട ഉപയോഗിക്കുന്നു.

അതിനാൽ, ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ പുതിയ ട്രാൻസ്മിഷൻ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത് ഇതാദ്യമല്ല എന്ന് വ്യക്തം. പ്രൊഡക്ഷൻ ബൈക്കുകളിൽ ഇ-ക്ലച്ച് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള കൃത്യമായ സമയക്രമം നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, കാലക്രമേണ പുതിയ സംവിധാനം തങ്ങളുടെ 'FUN' മോട്ടോർസൈക്കിൾ മോഡലുകളിൽ പ്രയോഗിക്കാൻ ഹോണ്ട പദ്ധതിയിടുന്നു.


Click it and Unblock the Notifications








