'ഹോപ്' വേണ്ടെന്ന് ഹോപ് ഇലക്ട്രിക്കും; പുതുവര്‍ഷത്തില്‍ ഷോക്കടിപ്പിക്കാന്‍ ഇവി നിര്‍മാതാക്കളും
ഈ വര്‍ഷം ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ഫെയിം II സബ്‌സിഡി കുറച്ചതിന് പിന്നാലെ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് വില കുറച്ച് ഏവരെയും ഞെട്ടിച്ച കമ്പനിയാണ് ഹോപ് ഇലക്ട്രിക് മൊബിലിറ്റി (Hop Electric Mobility). എന്നാല്‍ വര്‍ഷാവസാനത്തില്‍ വീണ്ടുമൊരു വില വര്‍ധനവിന് കളമൊരുങ്ങുമ്പോള്‍ ആദ്യമത് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഹോപ്.
2024 ജനുവരി മുതല്‍ തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ജയ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹോപ് ഇലക്ട്രിക് മൊബിലിറ്റി അറിയിച്ചു. ഓക്സോ എന്ന പേരില്‍ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ലിയോ, ലൈഫ് എന്നീ പേരില്‍ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുമാണ് ഹോപ് പുറത്തിറക്കുന്നത്. മോഡല്‍ അനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് 3 മുതല്‍ 5 ശതമാനം വരെയാണ് വില കൂടുക.

വര്‍ധിച്ചുവരുന്ന മെറ്റീരിയല്‍ ഇന്‍പുട്ട് ചെലവ് നേരിടുന്നതിനും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര നിലവാരം ഉറപ്പാക്കുന്നതിനുമാണ് വില വര്‍ധിപ്പിക്കുന്നതെന്ന് ഹോപ് ഇലക്ട്രിക് മൊബിലിറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍, വില വര്‍ധന ഔദ്യോഗികമായി പ്രഖ്യാപിച്ച ഏക ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ഹോപ്. ലിയോ, ലൈഫ് ഇ-സ്‌കൂട്ടറുകളില്‍നിന്നാണ് ഹോപ് ഇലക്ട്രിക് ശ്രേണി നിലവില്‍ ആരംഭിക്കുന്നത്.
67,500 രൂപ മുതല്‍ 74,500 രൂപ വരെയാണ് ഹോപ് ലൈഫ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്സ്ഷോറൂം വില. ഈ വര്‍ഷം ആദ്യമാണ് ഹോപ് ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈസ്പീഡ് വേരിയന്റ് അവതരിപ്പിച്ചത്. ഹോപ് ലിയോയുടെ ലോ സ്പീഡ് വേരിയന്റും ഓഫറിലുണ്ട്. ഹോപ് ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈസ്പീഡ് വേരിയന്റിന് 97,504 രൂപയും ലോ സ്പീഡ് വേരിയന്റിന് 84,360 രൂപയുമാണ് വില.

ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന ഹോപ് ലിയോ ഇവിക്ക് 125 കിലോമീറ്റര്‍ റേഞ്ചാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പെട്രോള്‍ സ്‌കൂട്ടറുകള്‍ 100 രൂപയ്ക്ക് വെറും 70 കിലോമീറ്റര്‍ മാത്രം ഓടാന്‍ സാധിക്കുമ്പോള്‍ ഹോപ് ഇവിയുടെ സ്‌കൂട്ടറുകള്‍ അതേ തുകക്ക് 700 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്മാര്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 2 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.
പാര്‍ക്ക് അസിസ്റ്റ്, 5 കിലോമീറ്റര്‍ വരെ വേഗതയുള്ള റിവേഴ്സ് ഗിയര്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, മൂന്ന് റൈഡ് മോഡുകള്‍, എല്‍ഇഡി കണ്‍സോള്‍, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍, യുഎസ്ബി ചാര്‍ജിംഗ്, റിമോട്ട് കീ, ആന്റി തെഫ്റ്റ് അലാറം, ആന്റി തെഫ്റ്റ് വീല്‍ ലോക്ക് എന്നിവയാണ് ഹോപ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മറ്റ് സവിശേഷതകള്‍. ഇന്റര്‍നെറ്റ്, ജിപിഎസ്, മൊബൈല്‍ ആപ്പ് തുടങ്ങിയവക്കായി കണക്റ്റിവിറ്റി ഫീച്ചറുകളും ഇവയില്‍ വരുന്നുണ്ട്.

ഇ-സ്‌കൂട്ടറുകള്‍ക്ക് കമ്പനി മൂന്ന് വര്‍ഷത്തെ വാറണ്ടിയും നല്‍കുന്നുണ്ട്. ഹോപ് ലിയോയും ലൈഫും ഒഖിനാവ പ്രെയ്‌സ്‌പ്രോ, ഓല S1X പ്ലസ്, കൈനറ്റിക് ഗ്രീന്‍ സുലു എന്നീ മോഡലുകളോടാണ് മത്സരിക്കുന്നത്. റിവോള്‍ട്ട് RV400, ഒബെന്‍ റോര്‍, ടോര്‍ക്ക് ക്രാറ്റോസ് R എന്നിവയുടെ എതിരാളിയായ ഹോപ് ഓക്‌സോയാണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍. ഫുള്‍ ചാര്‍ജില്‍ ഈ ഇലക്ട്രിക് ബൈക്ക് 150 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനി പറയുന്നത്. മണിക്കൂറില്‍ 95 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.
പുതുവര്‍ഷത്തില്‍ വാഹന നിര്‍മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക കാര്‍ കമ്പനികളും ഇതിനോടകം വില കൂട്ടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. പണപ്പെരുപ്പവും നിര്‍മാണച്ചെലവ് വര്‍ധിച്ചതുമെല്ലാമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇവി നിര്‍മാതാക്കളാണ് അതില്‍ അല്‍പ്പം പിന്നില്‍ നില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉറപ്പായും പ്രതീക്ഷിക്കാം. പുതുവര്‍ഷത്തില്‍ ഇത്തരത്തില്‍ വാഹനങ്ങളുടെ വില കൂട്ടുന്ന കമ്പനികളുടെ നിലപാടില്‍ എന്താണ് നിങ്ങളുടെ അഭിപ്രായം. അതറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ പങ്കുവെക്കുമല്ലോ.


Click it and Unblock the Notifications








