വില വെട്ടിക്കുറച്ചത് 17,000 രൂപ; 150 കി.മീ റേഞ്ചുള്ള ഇലക്ട്രിക് ബൈക്ക് ഇപ്പോള്‍ വാങ്ങാം
ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ വില വർധനവിന്റെ കാലമാണ്. കേന്ദ്ര സര്‍ക്കാര്‍ ഫെയിം II സബ്‌സിഡി വെട്ടിക്കുറച്ച പശ്ചാത്തലത്തില്‍ ഹീറോ ഇലക്ട്രിക് ഒഴികെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിയിരുന്നു. ആ പട്ടികയിലെ പുത്തന്‍ എന്‍ട്രിയാണ് ഹോപ് ഇലക്ട്രിക്.
ജയ്പൂര്‍ ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചത്. അതേസമയം തങ്ങളുടെ ഏക ഇലക്ട്രിക് ബൈക്കിന്റെ വില കുറക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ മൂന്ന് മോഡലുകളാണ് ഹോപ് ഇലക്ട്രിക് വിപണിയില്‍ എത്തിക്കുന്നത്. ലൈഫ്, ലിയോ എന്നിവയാണ് ഹോപിന്റെ പോര്‍ട്‌ഫോളിയോയിലെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍. OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍.

ഈ വര്‍ഷം ആദ്യമാണ് ഹോപ് ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈസ്പീഡ് വേരിയന്റ് അവതരിപ്പിച്ചത്. ലിയോയുടെ ലോ സ്പീഡ് വേരിയന്റും ഓഫറിലുണ്ട്. ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈസ്പീഡ് വേരിയന്റിന് 97,500 രൂപയും ലോ സ്പീഡ് വേരിയന്റിന് 84,000 രൂപയുമാണ് പുതുക്കിയ വില. 67,500 രൂപയാണ് ലൈഫ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതുക്കിയ വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. കണക്ടിവിറ്റി ഫീച്ചറുകള്‍ സജ്ജീകരിച്ച ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന് 125 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്.
180 കിലോഗ്രാമാണ് ഇതിന്റെ പേ ലോഡ് കപാസിറ്റി. ഇന്റര്‍നെറ്റ്, ജിപിഎസ്, മൊബൈല്‍ ആപ്പ് എന്നിവയടക്കമുള്ള കണക്ടിവിറ്റി ഫീച്ചറുകളും 19.5 ലിറ്റര്‍ സ്‌റ്റോറേജുമടക്കം ലിയേക്ക് സമാനമായ സവിശേഷതകള്‍ ലൈഫിനും ലഭിക്കുന്നു. നമ്മുടെ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി വളരുമ്പോഴും ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അത്ര പ്രചാരം നേടിയിട്ടില്ല. ഇലക്ട്രിക് ബൈക്കുകള്‍ ജനകീയമാക്കാന്‍ കമ്പനികള്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കുന്നത്.

ഹോപ് തങ്ങളുടെ ഇവിക്ക് 17,000 രൂപ വെട്ടിക്കുറച്ചത് അത്തരത്തില്‍ ഒരു ഉദാഹരണമാണ്. നേരത്തെ 1.65 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വിറ്റിരുന്ന OXO ഇനി 1.48 ലക്ഷം രൂപ മുടക്കിയാല്‍ സ്വന്തമാക്കാം. ബ്ലാക്ക്, ബ്ലൂ ഗ്രേ, റെഡ്, യെല്ലോ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഇലക്ട്രിക് ബൈക്ക് വാങ്ങാനാകും. 3.75 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്.
6.2 kW (8.2 bhp) കരുത്തില്‍ പരമാവധി 200 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും ഇവിയിലുണ്ട്. ഫുള്‍ ചാര്‍ജില്‍ ഇലക്ട്രിക് ബൈക്ക് 150 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏകദേശം നാല് മണിക്കൂറിനുള്ളില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും.

വെറും നാല് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 95 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ടര്‍ബോ മോഡിനൊപ്പം ഇക്കോ, പവര്‍, സ്‌പോര്‍ട്സ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകള്‍ സഹിതമാണ് ബൈക്ക് വരുന്നത്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്‌പെന്‍ഷനായി നിയോഗിച്ചിരിക്കുന്നത്.
കോംബി ബ്രേക്കിംഗ് സിസ്റ്റത്തോട് കൂടിയ ഡിസ്‌ക് ബ്രേക്കുകളാണ് ഇലക്ട്രിക് ബൈക്കില്‍ ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. ചെറിയ മാര്‍ജിനില്‍ റേഞ്ച് മെച്ചപ്പെടുത്താന്‍ മോഡലിന് റീജനറേറ്റീവ് ബ്രേക്കിംഗും കമ്പനി സമ്മാനിച്ചിട്ടുണ്ട്. വെഹിക്കിള്‍ ടെലിമാറ്റിക്സോടുകൂടിയ 5 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് OXO ഇവിക്ക് ലഭിക്കുന്നത്.
കഴിഞ്ഞ മാസം ഹോപ് OXO ഇലക്ട്രിക് ബൈക്കിന് ആദ്യത്തെ ഓവര്‍-ദി-എയര്‍ (OTA) അപ്ഡേറ്റ് നല്‍കി മെച്ചപ്പെടുത്തിയിരുന്നു. ഇതില്‍ ഇക്കോ മോഡില്‍ മികച്ച ആക്‌സിലറേഷന്‍, മികച്ച കണക്റ്റിവിറ്റി, റേഞ്ച് പ്രവചനം എന്നിവ പോലുള്ള നവീകരണങ്ങളാണ് ഉള്‍പ്പെടുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ റിവോള്‍ട്ട് RV400, ടോര്‍ക്ക് ക്രാറ്റോസ് R എന്നിവയുമായാണ് ഹോപ് OXO മത്സരിക്കുന്നത്.


Click it and Unblock the Notifications








