ധീരജവാൻമാർക്ക് ആദരവർപ്പിച്ച് ജാവാ യെസ്ഡി; ഫസ്റ്റ് ബ്രീത്ത് ടു ലാസ്റ്റ് പൂർത്തിയാക്കി
ജാവ യെസ്ഡി മോട്ടോർസൈക്കിൾസ്, ഇന്ത്യൻ സായുധ സേനയുടെ പങ്കാളിത്തത്തോടെ, കാർഗിൽ വിജയ് ദിവസ് നടത്തുന്ന റൈഡിൻ്റെ മറ്റൊരു യാത്ര വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. 24 വർഷം മുമ്പ് കാർഗിൽ യുദ്ധസമയത്ത് നമ്മുടെ സായുധ സേനയുടെ വീര്യത്തെയും ത്യാഗത്തെയും അനുസ്മരിക്കാനും രാഷ്ട്രത്തെ സംരക്ഷിച്ചുകൊണ്ട് ജീവൻ ത്യജിച്ച നമ്മുടെ ധീരഹൃദയരുടെ ദൃഢനിശ്ചയത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ യാത്ര നടത്തികൊണ്ടിരിക്കുന്നത്.
ഈ വർഷം ഇന്ത്യൻ ആർമിയുടെ നാഗാ റെജിമെന്റാണ് കാർഗിൽ വിജയ് ദിവസ് റൈഡ് ഏറ്റെടുത്തത്. 1999ലെ യുദ്ധത്തിൽ നാഗാ സൈനികരുടെ ജന്മസ്ഥലവും അവർ വീരചരമം പ്രാപിച്ച സ്ഥലവും തമ്മിൽ ബന്ധിപ്പിക്കുന്ന 'ഫസ്റ്റ് ബ്രീത്ത് ടു ലാസ്റ്റ്' എന്നതായിരുന്നു ഈ റൈഡിൻ്റെ പേര്. ഇന്ത്യൻ സായുധ സേനയിലെ വെറ്ററൻസ്, ഓഫീസർമാർ, സൈനികർ എന്നിവരടങ്ങുന്ന 24 റൈഡർമാരുടെ കൂട്ടം 2023 ജൂലൈ 2-ന് നാഗാലാൻഡിലെ കൊഹിമയിൽ നിന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

രാഷ്ട്രത്തിനുവേണ്ടി വീറോടെ പൊരുതി വീരമൃത്യു വരിച്ച ധീരജവാൻമാരെ ആദരിക്കുന്ന ചടങ്ങും നടന്നിരുന്നു. ആത്യന്തികമായ ത്യാഗം സഹിച്ച സഖാക്കളോടുള്ള നന്ദിയും ആദരവും പ്രതീകപ്പെടുത്തിക്കൊണ്ട് റൈഡർമാർ ആദരാഞ്ജലികൾ അർപ്പിക്കുകയും പുഷ്പചക്രങ്ങൾ അർപ്പിക്കുകയും ചെയ്തു. ദിമാപൂർ, ഗുവാഹത്തി, സിലിഗുരി, ദനാപൂർ, വാരണാസി, ലഖ്‌നൗ, ഡൽഹി എൻസിആർ, ചണ്ഡീഗഡ്, ഡെറാഡൂൺ, ദ്രാസ് തുടങ്ങി രാജ്യത്തെ വിവിധ പ്രധാന നഗരങ്ങളിലൂടെയാണ് റൈഡർമാർ സഞ്ചരിച്ചത്. ഗുവാഹത്തിയിലും ചണ്ഡീഗഡിലും ജാവ യെസ്ഡി ഡീലർഷിപ്പുകളിൽ റൈഡർമാരെ ആദരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു.
വെല്ലുവിളികൾക്കും അനിശ്ചിതത്വങ്ങൾക്കുമിടയിൽ ധൈര്യത്തോടെയും സഹിഷ്ണുതയോടെയും അവരുടെ പിന്നിൽ ഉറച്ചുനിൽക്കുന്ന നമ്മുടെ സൈനികരുടെ ധീരതയെയും അവരുടെ കുടുംബങ്ങൾ നൽകുന്ന അചഞ്ചലമായ പിന്തുണയെയും ആത്മാവിനെയും ത്യാഗത്തെയും തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്നാണ് ക്ലാസിക് ലെജൻഡ്‌സിന്റെ സിഇഒ ശ്രീ ആശിഷ് സിംഗ് ജോഷി പറഞ്ഞത്.

ഗംഭീര തിരിച്ചുവരവ് നടത്തി വിജയം ആഘോഷിക്കുന്ന കമ്പനി അടിക്കടി മോഡൽ നിരയിൽ ഇത്തരം പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് തിളങ്ങി നിൽക്കാനാണ് ശ്രമിക്കുന്നത്. അടുത്തിടെ അരുണാചൽ പ്രദേശിലെ തവാങ്ങിൽ നടന്ന ടോർഗ്യ ഫെസ്റ്റിവലിൽ കമ്പനി ജാവ 42 'തവാങ് എഡിഷൻ' അവതരിപ്പിച്ചതെല്ലാം ഇതിനെല്ലാം ഉദാഹരണമാണ്. പുതിയ നിറങ്ങൾ അതത് ബൈക്കുകളിൽ പര്യവേക്ഷണത്തിന്റെയും വിനോദത്തിന്റെയും ആത്മാവിനെ ഊന്നിപ്പറയുന്നുവെന്ന് ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് പറയുന്നു.
യെസ്ഡി അഡ്വഞ്ചറിലെ വൈറ്റ്ഔട്ട് നിറം പർവതങ്ങളിലെ മഞ്ഞുവീഴ്ച്ചയുള്ള ഭൂപ്രദേശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം സ്‌ക്രാംബ്ലറിലെ ബോൾഡ് ബ്ലാക്ക് ഷേഡ് സ്റ്റെൽത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും കമ്പനി പറയുന്നു. രണ്ട് ബൈക്കുകൾക്കും ഒരേ 334 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. എന്നാൽ രണ്ട് മോഡലുകളിലും വ്യത്യസ്‌ത പവർ കണക്കുകളാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്.
യെസ്‌ഡി അഡ്വഞ്ചറിൽ ഈ എഞ്ചിൻ 29.8 bhp പവറിൽ 29.84 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഇതേ യൂണിറ്റ് സ്‌ക്രാംബ്ലറിൽ 28.7 bhp പവറിൽ 28.2 Nm torque വരെയാണ് വികസിപ്പിക്കുന്നത്. രണ്ട് ബൈക്കുകൾക്കും 6-സ്പീഡ് ഗിയർബോക്‌സും അസിസ്റ്റും സ്ലിപ്പർ ക്ലച്ചും യുഎസ്ബി ചാർജിംഗും സ്റ്റാൻഡേർഡായി ലഭിക്കും. റോഡ്, റെയിൻ, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് മോഡുകളുള്ള ഡ്യുവൽ ചാനൽ എബിഎസും ഉണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റി അഡ്വഞ്ചറിന് അധികമായി ലഭിക്കുന്നുണ്ട്.
രണ്ട് ബൈക്കുകളും ഡ്യുവൽ പർപ്പസ് ഉദ്ദേശ്യത്തോടെ നിർമിച്ചെടുത്തതാണ്.രാജ്യത്ത് വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളാണ് യെസ്‌ഡി സ്‌ക്രാംബ്ലർ എന്നതും ശ്രദ്ധേയമാണ്. റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്ല്യു G310 GS എന്നിവയുമായാണ് യെസ്ഡി അഡ്വഞ്ചർ ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്. അതേസമയം സ്‌ക്രാംബ്ലർ പതിപ്പിന് നേരിട്ടുള്ള എതിരാളികളൊന്നുമില്ല.
പുതിയ ബോൾഡ് ബ്ലാക്ക് കളർ ഓപ്ഷന് പുറമെ ഫയർ ഓറഞ്ച്, യെല്ലിംഗ് യെല്ലോ, ഔട്ട്ലോ ഒലിവ്, റെബൽ റെഡ്, മീൻ ഗ്രീൻ, മിഡ്-നൈറ്റ് ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളിൽ കൂടി സ്‌ക്രാംബ്ലർ സ്വന്തമാക്കാനാവും. പുതിയ വേരിയന്റിന്റെ അവതരണത്തോടെ 2.11 ലക്ഷം മുതൽ 2.16 ലക്ഷം രൂപ വരെയാണ് യെസ്‌ഡി സ്ക്രാംബ്ലറിന്റെ എക്സ്ഷോറൂം വില വരുന്നത്. ആന്റി ലോക്കിംഗ് ബ്രേക്കിംഗ് സംവിധാനത്തോടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി മോഡലിൽ അവതരിപ്പിച്ചിരിക്കുന്നത്. 192 കിലോഗ്രാം ഭാരവും 12.5 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണുള്ളത്.
പുതിയ വൈറ്റ്ഔട്ട് ഓപ്ഷനുകൾക്ക് പുറമെ സ്ലിക്ക് സിൽവർ, മാമ്പോ ബ്ലാക്ക്, റേഞ്ചർ ക്യാമോ എന്നീ മൂന്ന് കളർ ഓപ്ഷനിൽ കൂടി യെസ്‌ഡി അഡ്വഞ്ചർ വാങ്ങാനാവും. ഇതിന് 2.15 ലക്ഷം മുതൽ 2.24 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ആന്റി ലോക്കിംഗ് ബ്രേക്കിംഗ് സംവിധാനവുമായി എത്തുന്ന ADV ബൈക്കിന് മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ അഡ്വഞ്ചർ ബൈക്കിന് 198 കിലോഗ്രാം ഭാരവും 15.5 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമുണ്ട്.


Click it and Unblock the Notifications








