കാത്തിരുന്ന ടീസർ എത്തി; Joy e-Bike-ന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ലോഞ്ച് ഓട്ടോ എക്സ്പോ 2023-ല്‍
ഓട്ടോ എക്‌സ്‌പോ 2023-ന് അരങ്ങുണരാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും ഓട്ടോ എക്‌സ്‌പോയില്‍ പുതിയ വാഹനങ്ങള്‍ ലോഞ്ച് ചെയ്യാനും അവതരിപ്പിക്കാനും തയാറായി നില്‍ക്കുകയാണ്. നിരവധി ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ഇക്കുറി ഓട്ടോ എക്‌സ്‌പോയില്‍ സാന്നിധ്യം അറിയിക്കുന്നത്. പൊതുജനങ്ങളും ഓട്ടോ എക്‌സ്‌പോയിലെ പുത്തന്‍ ഇവി ലോഞ്ചുകള്‍ക്കായി കാത്തിരിക്കുകയാണ്.
ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ മാതൃ കമ്പനിയായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ജനുവരി 12-ന് ഓട്ടോ എക്സ്പോ 2023-ല്‍ അവതരിപ്പിക്കുന്ന ഒരു പുതിയ ഇലക്ട്രിക് ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും ഉള്‍പ്പെടെ ഇലക്ട്രിക് വാഹന ശ്രേണിക്ക് പേരുകേട്ട ബ്രാന്‍ഡാണ് ജോയ് ഇ ബൈക്ക്. ജോയ് ഇ-ബൈക്കിന്റെ പുതിയ ഇലക്ട്രിക് വാഹനം മറച്ചിരിക്കുന്ന രീതിയിലാണ് ടീസറില്‍ കാണാന്‍ പറ്റുക.

എന്നാല്‍ പുതിയ ഇവി റെട്രോ-തീം വെസ്പ ശൈലിയിലാകുമെന്നാണ് സിലൗട്ട് സൂചന നല്‍കുന്നത്. റിയര്‍ വ്യൂ മിററുകള്‍, ഫ്രണ്ട് ആപ്രോണ്‍, സൈഡ് പാനലുകള്‍ എന്നിവയുള്‍പ്പെടെ ധാരാളം ക്രോം ബിറ്റുകളുള്ള സ്‌കൂട്ടറില്‍ അലോയ് വീലുകളെക്കുറിച്ചും എല്‍ഇഡി ഹെഡ്ലാമ്പ് യൂണിറ്റിനെക്കുറിച്ചും ടീസര്‍ സൂചന നല്‍കുന്നു. ടീസര്‍ ചിത്രം കണ്ടാല്‍ വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ലഭിക്കുമെന്ന് തോന്നുന്നു. എന്നാല്‍ പുതിയ മോഡലിന്റെ സാങ്കേതികതയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തു വിട്ടിട്ടില്ല.
എന്നിരുന്നാലും പുതിയ മോഡല്‍ ഒരു ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആകാനാണ് സാധ്യത. വിലയുടെ കാര്യം നോക്കിയാല്‍ ജോയ് ഇ ബൈക്കിന്റെ പുതിയ ഓഫറിന് ഏകദേശം ഒരു ലക്ഷം രൂപക്കടുത്ത് എക്‌സ്‌ഷോറൂം വില വരും. ഈ വില നിലവാരത്തില്‍ ഇവി ഒകിനാവ, ആംപിയര്‍, ഓല S1 എയര്‍ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളെയാണ് നേരിടേണ്ടി വരിക. ജോയ് ഇ-ബൈക്ക് 2022 ഡിസംബറില്‍ 5,400 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
മുന്‍വര്‍ഷം ഇതേ കാലയളവിലെ 3,860 യൂണിറ്റ്് വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ 40 ശതമാനം വളര്‍ച്ചയാണ് കമ്പനിക്ക് നേടാനായത്. 2022 കലണ്ടര്‍ വര്‍ഷം മൊത്തം 43,914 യൂണിറ്റ് വില്‍പ്പനയാണ് ബ്രാന്‍ഡ് നേടിയത്. 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ വിറ്റ 18,963 യൂണിറ്റുകളെ അപേക്ഷിച്ച് 131.6 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇവി നിര്‍മ്മാതാക്കള്‍ വളര്‍ച്ചാ പദ്ധതികളുടെ ഭാഗമായി ഡീലര്‍ ശൃംഖല വിപുലീകരിച്ചിരുന്നു.
ഓട്ടോ എക്സ്പോയുടെ 16-ാമത് പതിപ്പ് 2023 ജനുവരി 11-ന് നോയിഡയില്‍ അരങ്ങുണരാന്‍ പോകുകയാണ്. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നമുക്ക് കാണാനാകും. എന്നാല്‍ ഓട്ടോ എക്സ്പോ 2023-ല്‍ നിരവധി പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ വിട്ടുനില്‍ക്കുന്നുണ്ട്. സുസുക്കി, പിയാജിയോ തുടങ്ങിയ കമ്പനികള്‍ ഇപ്പോഴും എക്സ്പോക്ക് എത്തുന്നുണ്ടെങ്കിലും പല പ്രമുഖ ഇരുചക്ര വാഹന ബ്രാന്‍ഡുകളും വരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ടിവിഎസ് മോട്ടോര്‍ കമ്പനി, ബജാജ് ഓട്ടോ, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയാണ് ഓട്ടോ എക്സ്പോ 2023-ല്‍ സാന്നിധ്യം അറിയിക്കാത്ത പ്രമുഖര്‍. റോയല്‍ എന്‍ഫീല്‍ഡും ഹാര്‍ലി-ഡേവിഡ്‌സണും ഓട്ടോ എക്‌സ്‌പോയില്‍ വളരെക്കാലമായി പങ്കെടുക്കുന്നില്ല. എങ്കിലും പ്രമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് പരിമിതമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പുകള്‍ ഈ സ്ഥലം ഏറ്റെടുക്കുന്നു. മാറ്റര്‍, അള്‍ട്രാവയലറ്റ്, എല്‍എംഎല്‍, ഗ്രീവ്‌സ് ഇലക്ട്രിക് എന്ന് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഓട്ടോ എക്സ്പോ 2023-ല്‍ ഇ-മൊബിലിറ്റിക്ക് ആധിപത്യം നല്‍കും.
അള്‍ട്രാവയലറ്റ്, മാറ്റര്‍, ടോര്‍ക്ക് മോട്ടോര്‍സ് എന്നിങ്ങനെ ഓരോ ബ്രാന്‍ഡും ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേകമായ എന്തെങ്കിലും കരുതിയിട്ടുണ്ട്. അതേസമയം ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ (AARI) ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് അവതരിപ്പിക്കും. ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ അഞ്ച് വ്യത്യസ്ത നിര്‍മ്മാതാക്കളിലൂടെ 26 വ്യത്യസ്ത ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ബ്രാന്‍ഡായ മോട്ടോ ബൊളോന്യ പാസിയോണിയെ (എംബിപി) കൂടി ഇന്ത്യയില്‍ എത്തിക്കും.


Click it and Unblock the Notifications








