ഡേര്‍ട്ട് ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് 3 മോഡലുകൾ പുറത്തിറക്കി കവസാക്കി
ഓഫ് റോഡ് മോട്ടോര്‍സൈക്കിളിംഗ് പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന KLX 230 R S ഉള്‍പ്പെടെ മൂന്ന് ഡേര്‍ട്ട് ബൈക്കുകള്‍ വിപണിയില്‍ എത്തിച്ച് ഇന്ത്യ കവസാക്കി മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡ്. കവസാക്കി KX65, KX112, KLX 230R S എന്നീ മോഡലുകളാണ് ജാപ്പനീസ് ബ്രാന്‍ഡ് ഇപ്പോള്‍ വിപണിയിലിറക്കിയിരിക്കുന്നത്.
ഇതുവഴി കവാസാക്കി ഇന്ത്യ രാജ്യത്തെ ഓഫ്-റോഡ് സെഗ്മെന്റിനോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചിരിക്കുകയാണ്. ഈ അപ്‌ഡേറ്റഡ് മോഡലുകള്‍ എല്ലാ സ്‌കില്‍ ലെവലിലുള്ള റൈഡര്‍മാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. KX100, KX250, KX450, KLX 110, KLX 140G, KLX 450R എന്നിവ ഉള്‍പ്പെടുന്ന കവസാക്കിയുടെ നിലവിലുള്ള മോഡല്‍ നിരക്കൊപ്പം പുതിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കപ്പെടും.

3.12 ലക്ഷം മുതല്‍ 5.21 ലക്ഷം രൂപ വരെയാണ് പുതിയ ബൈക്കുകളുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. പുതിയ മോഡലുകളിലെ കുഞ്ഞന്‍ എന്ന് വിളിക്കാവുന്നത് KX65 ആണ്. 3.12 ലക്ഷം രൂപയാണ് കവസാക്കി KX65 ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. 14 ഇഞ്ച് ഫ്രണ്ട് വീലും 12 ഇഞ്ച് റിയര്‍ വീലുമുള്ള മോട്ടോര്‍സൈക്കിളിന്റെ ഭാരം 60 കിലോഗ്രാം മാത്രമാണ്.
64 സിസി, ലിക്വിഡ് കൂള്‍ഡ്, ടു സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനൊപ്പം 24 mm മിക്കുനി കാര്‍ബ്യൂറേറ്ററും കൂടിയാണ് ഇതിന് കരുത്തേകുന്നത്. എന്നാല്‍ കുഞ്ഞന്‍ ബൈക്കിന്റെ പവര്‍ ഔട്ട്പുട്ടുകള്‍ കവസാക്കി ഇന്ത്യ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. കുട്ടികള്‍ക്കും മനസ്സില്‍ യുവത്വം സൂക്ഷിക്കുന്ന യുവാക്കള്‍ക്കും ഈ കുഞ്ഞന്‍ ബൈക്ക് ഓടിക്കുന്നത് ഹരമായിരിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്.
33 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കും മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് ഇതിന് വരുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കഴിവുറ്റ യുവാക്കള്‍ക്ക് മത്സരങ്ങള്‍ വിജയിച്ച് പടികള്‍ കയറിപ്പോകാന്‍ പറ്റിയ തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ലൈം ഗ്രീന്‍ നിറത്തില്‍ ഈ ബൈക്ക് ലഭ്യമാകും. കവസാക്കി വാഗ്ദാനം ചെയ്യുന്ന ത്രില്ലടിപ്പിക്കുന്ന പെര്‍ഫോമന്‍സ് അനുഭവിച്ചറിയാന്‍ ഇന്ത്യയിലെ യുവ റൈഡര്‍മാര്‍ക്ക് ഒരു അവസരം കൈവന്നിരിക്കുകയാണ്.
4.88 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് കവസാക്കി KX112 ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. KX65-ന്റെ തീക്ഷ്ണ സ്വഭാവം കുറച്ച് കൂടി വലിയ അളവില്‍ ഉള്‍ക്കൊണ്ടാണ് ഈ മോട്ടോര്‍സൈക്കിളിന്റെ വരവ്. കെയ്ഹിന്‍ കാര്‍ബുറേറ്ററിനൊപ്പം 112 സിസി, ലിക്വിഡ് കൂള്‍ഡ്, ടു സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. കവസാക്കി KX112 മോട്ടോര്‍സൈക്കിളിന്റെ പവര്‍ കണക്കുകളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ എക്സ്ഹോസ്റ്റ് പവര്‍ വാല്‍വ് അല്ലെങ്കില്‍ കവാസാക്കി ഇന്റഗ്രേറ്റഡ് പവര്‍വാള്‍വ് സിസ്റ്റം (കെഐപിഎസ്) ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് മാത്രമാണ് അറിയാന്‍ സാധിക്കുന്നത്. സ്റ്റീല്‍ പെരിമീറ്റര്‍ ഫ്രെയിമിലാണ് ഈ ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നത്. ഫ്രണ്ടില്‍ അഡ്ജസ്റ്റബിള്‍ 36 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.
മുന്നില്‍ 19 ഇഞ്ച് വീലും പിന്നില്‍ 16 ഇഞ്ച് വീലും ലഭിക്കുന്നു. ഡണ്‍ലോപ്പ് MX33 ടയറുകളിലാണ് വീല്‍ പൊതിഞ്ഞിരിക്കുന്നത്. കവസാക്കി KX112 മോട്ടോര്‍സൈക്കിളിന്റെ ഇരുവശങ്ങളിലും ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നത്. കവസാക്കി KLX 230R S മോട്ടോര്‍ സൈക്കിളിലേക്ക് വന്നാല്‍ 5.21 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. ലൈം ഗ്രീന്‍ നിറത്തില്‍ ഈ മോഡല്‍ ലഭ്യമാകും.

ആദ്യം പറഞ്ഞ രണ്ട് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി 233 സിസി എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ്, 4 സ്‌ട്രോക്ക് എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. മോട്ടോക്രോസിംഗിനേക്കാള്‍ ഉപരി ട്രെയില്‍ റൈഡിംഗിന് പറ്റിയ രീതിയിലാണ് ഇത് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 925 mm ആണ് ഈ മോട്ടോര്‍സൈക്കിളിന്റെ സീറ്റ് ഹൈറ്റ്. ലോംഗ് ട്രാവല്‍ സസ്‌പെന്‍ഷന്‍, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിവയാണ് ശ്രദ്ധേയ ഫീച്ചറുകള്‍.
രാജ്യത്തെ വലിയൊരു പറ്റം റൈഡര്‍മാര്‍ക്ക് താങ്ങാനാകുന്ന രീതിയിലാണ് തങ്ങള്‍ പുതിയ മോഡലുകളുടെ വില നിര്‍ണയം നടത്തിയിരിക്കുന്നതെന്ന് കവസാക്കി ഇന്ത്യ അറിയിച്ചു. പുതുതായി വിപണിയില്‍ എത്തിയ ഈ മൂന്ന് ബൈക്കുകളും രജിസ്റ്റര്‍ ചെയ്യാനോ പൊതുനിരത്തുകളില്‍ ഇറക്കാനോ സാധിക്കില്ല. ട്രാക്കുകളിലോ സ്വകാര്യ സ്വഥലങ്ങളിലോ മാത്രമാണ് ഇവ റൈഡ് ചെയ്യാന്‍ അനുവാദമുള്ളൂ.


Click it and Unblock the Notifications








