ഏറ്റവും വില കുറഞ്ഞ ബൈക്കിന് 25,000 രൂപ വീണ്ടും കുറച്ചു! കവസാക്കി ഇതെന്തിനുള്ള പുറപ്പാടാ...
അടുത്തിടെ സമാപിച്ച പത്താമത് ഇന്ത്യ ബൈക്ക് വീക്കില്‍ (IBW2023) വെച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ കവസാക്കി തങ്ങളുടെ ഏറ്റവും താങ്ങാനാകുന്ന ബൈക്കിന് പുത്തന്‍ വേരിയന്റ് സമ്മാനിച്ചിരുന്നു. 1.35 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് കവസാക്കി W175 സ്ട്രീറ്റ് പുറത്തിറക്കിയത്. ഒപ്പം പുത്തന്‍ നിറങ്ങള്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തതിനൊപ്പം സ്റ്റാന്‍ഡേര്‍ഡ് W175 മോട്ടോര്‍സൈക്കിളിന്റെ വിലയും വെട്ടിക്കുറച്ചു.
കവസാക്കി ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് W175-ന്റെ വില 25,000 രൂപയാണ് കുറച്ചിരിക്കുന്നത്. നേരത്തെ കവസാക്കിയുടെ ഈ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളിന് കളര്‍ ഓപ്ഷന് അനുസരിച്ച് 1.47 ലക്ഷം മുതല്‍ 1.49 ലക്ഷം രൂപ വരെയായിരുന്നു എക്‌സ്‌ഷോറൂം വിലയിട്ടിരുന്നത്. വില വെട്ടിക്കുറച്ചതോടെ കവസാക്കി W175 മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ 1.22 ലക്ഷം മുതല്‍ 1.31 ലക്ഷം രൂപ മാത്രം എക്‌സ്‌ഷോറൂം വിലയായി മുടക്കിയാല്‍ മതി.

വില കുറച്ചതിനൊപ്പം കവസാക്കി W175-ന്റെ 2024 മോഡലിന് പുതിയ നിറങ്ങളും ലഭിക്കും. നിലവിലുള്ള കളറുകള്‍ക്കൊപ്പം മെറ്റാലിക ഓഷ്യന്‍ ബ്ലൂ, മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ എന്നീ നിറങ്ങളാണ് കളര്‍പാലറ്റില്‍ ചേര്‍ത്തിരിക്കുന്നത്. മെറ്റാലിക് ഓഷ്യന്‍ ബ്ലൂവിന് 1.31 ലക്ഷം രൂപയും മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേക്ക് 1.29 ലക്ഷം രൂപയുമാണ് വില വരുന്നത്.
നിലവിലുള്ള എബോണി (1.22 ലക്ഷം രൂപ), കാന്‍ഡി പെര്‍സിമോണ്‍ റെഡ് (1.24 ലക്ഷം രൂപ) എന്നീ നിറങ്ങളോടൊപ്പം പുതിയ നിറങ്ങളിലും ഇനി ബൈക്ക് സ്വന്തമാക്കാം. ഈ പുതിയ വിലകള്‍ അര്‍ത്ഥമാക്കുന്നത് W175 സ്ട്രീറ്റിനേക്കാള്‍ താഴെയാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്നതാണ്. W175 സ്ട്രീറ്റിനേക്കാള്‍ 4,000 രൂപ കുറവാണ് ഓഷ്യന്‍ ബ്ലൂ വേരിയന്റിന്.

വില കുറച്ചതും നിറങ്ങളുടെ കൂട്ടിച്ചേര്‍ക്കലുമല്ലാതെ മോട്ടോര്‍സൈക്കിളിന് മെക്കാനിക്കലായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 13 bhp പവറും 13.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 177 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. മുന്നില്‍ 80/100-17 ഉം പിന്നില്‍ 100/90-17 ഉം വയര്‍-സ്പോക്ക് വീലുകളിലാണ് ഇത് ഓടുന്നത്.
ട്യൂബോഡ് കൂടിയ ടയറുകളാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. പുതിയ W175 സ്ട്രീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റ് ഉയരം, ഗൗണ്ട് ക്ലിയറന്‍സ് ലഭിക്കുന്നുവെന്നതാണ് പ്രധാന മാറ്റങ്ങള്‍. വലിയ 270 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ഇതിലുണ്ട്. പുതിയ W175 സ്ട്രീറ്റിനെ കുറിച്ച് പറയുമ്പോള്‍ സെമി-ഡബിള്‍ ക്രാഡില്‍ ഫ്രെയിം അടിസ്ഥാനമാക്കിയാണ് ഈ ബൈക്ക് പണിതിരിക്കുന്നത്.

കാണാന്‍ ഒരു ക്ലാസിക് ശൈലിയാണുള്ളതെങ്കിലും സ്ട്രീറ്റ് മോട്ടോര്‍സൈക്കിള്‍ എന്നാണ് കവസാക്കി ഇതിനെ വിളിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു റെട്രോ-ക്ലാസിക് ശൈലിയാണ് ബൈക്കിലേക്ക് ഇത്തവണയും കൊണ്ടുവന്നിരിക്കുന്നത്.അലോയ് വീലുകളും ട്യൂബ് ലെസ് ടയറുകളും ലഭിക്കുന്നതോടൊപ്പം W175 സ്ട്രീറ്റിന് കൂടുതല്‍ ബ്ലാക്കൗട്ട് ഫിനിഷുണ്ട്. ഈ ബൈക്കിന് 270 mm ഫ്രണ്ട് ഡിസ്‌ക്കും സിംഗിള്‍ ചാനല്‍ എബിഎസും ഉണ്ട്.
മുന്നില്‍ ടെലിസ്‌കോപ്പ് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്കും സസ്പെന്‍ഷനും ചുമതല നിര്‍വഹിക്കുന്നു. മുന്നിലേയും (80/100-17) പിന്നിലേയും (100/90-17) ടയറിന്റെ വലിപ്പത്തില്‍ മാറ്റമില്ല. വട്ടത്തിലുള്ള ഹാലൊജന്‍ ഹെഡ്ലൈറ്റുള്ള വാഹനത്തില്‍ ചെറിയ എല്‍സിഡി സ്‌ക്രീനാണ് ഇന്‍സ്ട്രുമെന്റ് മീറ്ററായി നല്‍കിയിരിക്കുന്നത്. 12 ലീറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി. ഭാരം 135 കിലോഗ്രാം മാത്രമാണെന്നതും ശ്രദ്ധേയമാണ്.
കാന്‍ഡി ആന്‍ഡ്രോയിഡ് ഗ്രീന്‍, മെറ്റാലിക് മൂണ്‍ ഡസ്റ്റ് ഗ്രേ നിറങ്ങളില്‍ ബൈക്ക് വാങ്ങാം. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച മോഡലാണ് കവസാക്കി W175. പുതിയ W175 സ്ട്രീറ്റ് മോഡലിന്റെ ഡെലിവറി 2023 ഡിസംബര്‍ മാസത്തില്‍ തന്നെ ആരംഭിക്കുമെന്നും കവസാക്കി അറിയിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കവസാക്കിയുടെ ഡീലര്‍ഷിപ്പുകള്‍ വഴിയോ അല്ലെങ്കില്‍ ഓണ്‍ലൈനായോ ബൈക്ക് ബുക്ക് ചെയ്യാവുന്നതാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ടിവിഎസ് റോണിന്‍, യമഹ FZ-X എന്നിവയാണ് കവസാക്കി W175 മത്സരിക്കുന്നത്.


Click it and Unblock the Notifications








