അപ്രീലിയ എഫക്ട്! സൂപ്പര്‍ ബൈക്കുകള്‍ക്ക് ഡിസ്‌കൗണ്ടിട്ട് കവസാക്കി
കലണ്ടര്‍ വര്‍ഷം അവസാനിക്കാനിരിക്കെ വാഹന നിര്‍മാതാക്കള്‍ ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിക്കുന്ന തിരക്കിലാണ്. കാര്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം ഇരുചക്ര വാഹന നിര്‍മാതാക്കളും വര്‍ഷാവസാന ഓഫറുകളുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഈ മാസം ഒരു സ്‌പോര്‍ട്‌സ് ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലേക്ക് മികച്ച ഓഫറുകള്‍ വെച്ചുനീട്ടുകയാണ് കവസാക്കി.
2023 ഡിസംബറില്‍ കാവസാക്കി അതിന്റെ തങ്ങളുടെ മോഡലുകള്‍ക്ക് 20,000 രൂപ മുതല്‍ 60,000 രൂപ വരെയാണ് കിഴിവ് നല്‍കുന്നത്. അവ കമ്പനിയുടെ ലൈനപ്പിലെ ഒന്നിലധികം ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകളില്‍ ലഭ്യമാണ് എന്നതാണ് ശ്രദ്ധേയം. ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന 2023 ഇന്ത്യ ബൈക്ക് വീക്കില്‍ വെച്ച് അപ്രീലിയ RS457-ന്റെ വില പ്രഖ്യാപിച്ചിരുന്നു. 4.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് െമയിഡ് ഇന്‍ ഇന്ത്യ സൂപ്പര്‍ ബൈക്ക് ഇറ്റാലിയന്‍ ബ്രാന്‍ഡ് പുറത്തിറക്കിയത്.

കവസാക്കി നിഞ്ച 400-ന്റെ എതിരാളിയായാണ് അപ്രീലിയ RS 457 അരങ്ങേറിയിരിക്കുന്നത്. 5.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വില്‍ക്കുന്ന കവസാക്കി നിഞ്ച 400-നേക്കാള്‍ കുറഞ്ഞ വിലയിലാണ് അപ്രീലിയ മോഡല്‍ എത്തിയിരിക്കുന്നത്. എന്നാല്‍ എതിരാളിയുടെ അരങ്ങേറ്റം മുന്നില്‍ കണ്ട് കവസാക്കി നിഞ്ചക്ക് 35,000 രൂപ കിഴിവ് പ്രഖ്യാപിച്ചിരുന്നു. ഈ ഡിസ്‌കൗണ്ട് വൗച്ചര്‍ മോട്ടോര്‍സൈക്കിളിന്റെ എക്സ്‌ഷോറൂം വിലയില്‍ ക്ലെയിം ചെയ്യാമെന്ന് കവസാക്കി അവകാശപ്പെടുന്നു.
ഇതോടെ കവസാക്കി നിഞ്ച 400-ന്റെ വില ഫലത്തില്‍ 4.89 ലക്ഷം രൂപയായി കുറയും. 2023 ഡിസംബര്‍ 31 വരെ മാത്രമാണ് ഈ ഓഫറിന് സാധുതയുള്ളത്. മാത്രമല്ല സ്‌റ്റോക്ക് അവസാനിക്കുന്നത് വരെ മാത്രമായിരിക്കും ഓഫര്‍ വിലയില്‍ ബൈക്ക് സ്വന്തമാക്കാന്‍ സാധിക്കുക എന്ന കാര്യം കൂടി ശ്രദ്ധയില്‍ വേണം. കവസാക്കി നിഞ്ച 300-നും കവസാക്കി നിഞ്ച 650-ക്കും ഇടയില്‍ സ്ഥാനം പിടിക്കുന്ന മോഡലാണ് നിഞ്ച 400.

ഇന്ത്യയിലെ ഏറ്റവും വിലയേറിയ 400 സിസി മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് കവസാക്കി നിഞ്ച 400. 399 സിസി ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍ മോട്ടോറാണ് കവാസാക്കി നിഞ്ച 400 ബൈക്കിന് തുടിപ്പേകുന്നത്. ഈ മോട്ടോര്‍ 10,000 rpm-ല്‍ 44 bhp പവറും 8,000 rpm-ല്‍ 37 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്.
ലിറ്ററിന് 26.7 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് പരീക്ഷിച്ചറിഞ്ഞിരിക്കുന്നത്. മെയ്ഡ്-ഇന്‍-ഇന്ത്യ അപ്രീലിയ RS 457-ല്‍ നിന്ന് മാത്രമല്ല ഉടന്‍ തന്നെ ഇന്ത്യയില്‍ എത്താന്‍ പോകുന്ന യമഹ R3 മോട്ടോര്‍സൈക്കിളിന്റെ വെല്ലുവിളിയും നിഞ്ച 400-ന് നേരിടേണ്ടതുണ്ട്. നിഞ്ച 400 മോട്ടോര്‍സൈക്കിളിനെ കൂടാതെ മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്കും ജാപ്പനീസ് ബ്രാന്‍ഡ് കിഴിവുകള്‍ നല്‍കുന്നു.

സാധാരണഗതിയില്‍ 7.77 ലക്ഷം രൂപ വിലയുള്ള വെര്‍സിസ് 650 അഡ്വഞ്ചര്‍ ടൂറര്‍ 20,000 രൂപ കിഴിവോടെയാണ് ഈ മാസം വാഗ്ദാനം ചെയ്യുന്നത്. ഇതേ പ്ലാറ്റ്ഫോമില്‍ വരുന്ന മറ്റൊരു മോഡലായ നിഞ്ച 650 സ്പോര്‍ട്ബൈക്കിന് 35,000 രൂപ കിഴിവുണ്ട്. 7.16 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില.
ഈ മാസം ഏറ്റവും കൂടുതല്‍ കിഴിവുള്ള കവസാക്കി മോഡല്‍ വള്‍ക്കന്‍ S ക്രൂയിസററാണ്. 7.10 ലക്ഷം രൂപ വില വരുന്ന ബൈക്കിന് ഈ മാസം 60,000 രൂപ കുറച്ച് മുടക്കിയാല്‍ മതി. ഈ ഓഫറുകള്‍ക്കും 2023 ഡിസംബര്‍ 31 വരെ മാത്രമാണ് സാധുതയുള്ളത്. സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡ് എന്ന പേര് മായ്ക്കാന്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് കവസാക്കി W175 എന്ന റെട്രോ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരുന്നു.

ഇപ്പോള്‍ IBW 2023-ല്‍ വെച്ച് ബൈക്കിന്റെ പുത്തന്‍ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. റെട്രോ-ക്ലാസിക് ശൈലയിലുള്ള ഈ മോട്ടോര്‍സൈക്കിളിന് കവസാക്കി W175 സ്ട്രീറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ മോഡലിന് 1.35 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയിട്ടിരിക്കുന്നത്. പുതിയ W175 സ്ട്രീറ്റ് മോഡലിന്റെ ഡെലിവറി 2023 ഡിസംബര്‍ മാസത്തില്‍ തന്നെ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കവസാക്കിയുടെ ഡീലര്‍ഷിപ്പുകള്‍ വഴിയോ അല്ലെങ്കില്‍ ഓണ്‍ലൈനായോ ഇത് പ്രീ-ബുക്ക് ചെയ്യാം.


Click it and Unblock the Notifications








