കൊമാകി റേഞ്ചര്‍ റേഞ്ച് കൂട്ടി വിപണിയില്‍; ഒപ്പം കിടിലന്‍ ഫീച്ചറുകളും
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവത്തിന് തിരികൊളുത്തിയത് ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. എന്നാല്‍ ഇന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കൊപ്പം ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്കും പ്രചാരമേറുകയാണ്. ഈ സാഹചര്യത്തില്‍ തുടക്കത്തില്‍ വിപണിയില്‍ എത്തിയ മോഡലുകള്‍ക്ക് കാര്യമായ അപ്‌ഡേറ്റുകള്‍ നല്‍കുന്നത് അത്യാവശ്യമാണ്. രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ സ്റ്റാര്‍ട്ടപ്പാണ് കൊമാകി.
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസര്‍ ബൈക്കായ റേഞ്ചര്‍ പുറത്തിറക്കിയത് കൊമാകിയാണ്. ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ക്കിടയില്‍ പോപ്പുലറാണ് കൊമാകി റേഞ്ചര്‍. കണ്ണുകള്‍ക്ക് കുളിര്‍മയേകുന്ന ഈ സ്‌റ്റൈലിഷ് ഇലക്ട്രിക് ക്രൂയിസര്‍ കിടു റേഞ്ചും ഫീച്ചറും കൊണ്ടും ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ചുപറ്റിയ മൊതലാണ്. തങ്ങളുടെ റേഞ്ചര്‍ ക്രൂയിസര്‍ കൂടുതല്‍ റേഞ്ചും ഫീച്ചറുകളും നല്‍കി കുട്ടപ്പനായി അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് കൊമാകി ഇപ്പോള്‍.

1.85 ലക്ഷം രൂപ എക്‌സഷോറൂം വിലയിലാണ് കൊമാകി റേഞ്ചര്‍ ഇ-ക്രൂയിസര്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കോമാകി റേഞ്ചര്‍ ഇലക്ട്രിക് ക്രൂയിസറില്‍ നിരവധി നവീകരണങ്ങള്‍ കമ്പനി നടത്തിയിട്ടുണ്ട്. റേഞ്ചും ഫീച്ചറുകളും വര്‍ധിപ്പിച്ചതിനൊപ്പം അല്‍പ്പം മൊഞ്ചും കൂട്ടിയിട്ടുണ്ട്. വലിയ ഗ്രോസര്‍ വീലുകളും ക്രോം ആക്‌സന്റുകളുള്ള പുതിയ പെയിന്റ് സ്‌കീമുകളും 2023 കോമാകി റേഞ്ചര്‍ ഇലക്ട്രിക് ക്രൂയിസറിന്റെ പ്രധാന അപ്‌ഡേറ്റുകളില്‍ പെടുന്നു. ഇത് യാത്രികര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സ്മൂത്തുമായ റൈഡ് ഉറപ്പ് നല്‍കുന്നു.
ഓണ്‍ബോര്‍ഡ് നാവിഗേഷനോട് കൂടിയ നവീകരിച്ച 7 ഇഞ്ച് TFT സ്‌ക്രീനോടെയാണ് കൊമാകി റേഞ്ചര്‍ വിപണിയിലെത്തുന്നത്. ഇലക്ട്രിക് ബൈക്ക് ഉപഭോക്താക്കളുടെ പ്രധാന ആശങ്ക റേഞ്ചായിരിക്കും. റേഞ്ച് വര്‍ധിപ്പിച്ചെത്തുന്ന കൊമാകി റേഞ്ചര്‍ അതിന് അല്‍പ്പം ആശ്വാസം പകരുന്നു. ക്രൂയിസറിന് ഇപ്പോള്‍ ഒറ്റ ചാര്‍ജില്‍ 200 മുതല്‍ 250 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒപ്പം തന്നെ അധിക ബാറ്ററി സംഭരണ ശേഷി 50 ലിറ്ററായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

'അപ്‌ഡേറ്റഡ് കൊമാകി റേഞ്ചര്‍ സുഗമവും പ്രീമിയം യാത്രാനുഭവങ്ങളും ഇഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് ആയാസരഹിതമായ യാത്രയ്ക്കുള്ള മികച്ച ചോയ്‌സ് ആയിരിക്കും. പുതിയ റേഞ്ചറിലൂടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസര്‍ പുറത്തിറക്കി ഞങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. നവീകരണം നടക്കുമ്പോള്‍ റേഞ്ചര്‍ പ്രീമിയം ആക്കുന്നതിലായിരുന്നു ഞങ്ങളുടെ പ്രധാന ശ്രദ്ധ. എന്നിരുന്നാലും ഇന്ത്യന്‍ വിപണിയിലെ എല്ലാ വിഭാഗക്കാര്‍ക്കും വാഹനം ലഭ്യമാക്കുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു' കൊമാകി ഇലക്ട്രിക് ഡിവിഷന്‍ ഡയറക്ടര്‍ ഗുഞ്ജന്‍ മല്‍ഹോത്ര പറഞ്ഞു.
റിയര്‍ സസ്പെന്‍ഷനില്‍ പ്രീ-ലോഡ് അഡ്ജസ്റ്റബിലിറ്റിയും പുതിയ കൊമാക്കി റേഞ്ചര്‍ വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട്ട് ബാറ്ററി ആപ്പിനൊപ്പം 4.5 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 5000w BLDC ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. പാര്‍ക്ക് അസിസ്റ്റ്, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, എക്സ്ഹോസ്റ്റുകള്‍ പോലെ തോന്നിക്കുന്ന ഡ്യുവല്‍ സൗണ്ട് പൈപ്പുകള്‍ എന്നിവയോടൊപ്പം എക്സ്ഹോസ്റ്റ് ടിപ്പുകളില്‍ ലൈറ്റിംഗ് സഹിതം ഫെ്‌ലയിം എഫക്റ്റുമായാണ് ഇവി വരുന്നത്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സൗണ്ട് സിസ്റ്റവുമടക്കം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് കൊമാകി റേഞ്ചറിന്റെ പരമാവധി വേഗത. നാല് മണിക്കൂര്‍ കൊണ്ട് 0-90 ശതമാനം ചാര്‍ജ് ചെയ്യാനാകും. ട്യൂബ്‌ലെസ് ടയറിലോടുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ ചുമതല നിര്‍വഹിക്കുന്നു. ദീര്‍ഘമായ ബാറ്ററി ലൈഫും മികച്ച ആക്‌സിലറേഷനും ഈ ഇമോട്ടോര്‍സൈക്കിള്‍ ദീര്‍ഘദൂര, ഹ്രസ്വദൂര യാത്രികര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാക്കുന്നു.
മൊത്തത്തില്‍ നോക്കുമ്പോള്‍ കൊമാകി റേഞ്ചര്‍ ഒരു സ്‌റ്റൈലിഷ് ക്രൂയിസര്‍ ബൈക്കാണ്. കിടു ഡിസൈന്‍, മികച്ച റേഞ്ച്, വേഗത എന്നിവക്കൊപ്പം ആകര്‍ഷകമായ നിരവധി ഫീച്ചറുകള്‍ കൂടി വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ഇലക്ട്രിക് ബൈക്കാണ് ഇത്. മത്സരാധിഷ്ഠിത വിലയില്‍ ലഭിക്കുന്ന കൊമാക്കി റേഞ്ചര്‍ ഇലക്ട്രിക് ബൈക്ക് തപ്പുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനായിരിക്കും.


Click it and Unblock the Notifications








