'തീപിടുത്തം പേടിക്കേണ്ട'; ഈ കൊമാകി ഇലക്ട്രിക് സ്‌കൂട്ടര്‍ വമ്പന്‍ സെറ്റപ്പുകളോടെ വിപണിയില്‍
ഇലക്ട്രിക് ടൂവീലര്‍ രംഗത്ത് ഓരോ ദിവസവും മത്സരം കടുപ്പമേറുന്ന കാഴ്ചയാണ്. പുതിയ കമ്പനികളും ഇതിനോടകം കളംവാഴുന്നവരും പുത്തന്‍ മോഡലുകള്‍ കൊണ്ടുവന്ന് ഉപഭോക്താക്കളുടെ ഇഷ്ടം നേടാന്‍ ശ്രമിക്കുന്നു. വിപണിയില്‍ കാലികമായി പിടിച്ചുനില്‍ക്കാന്‍ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ നിലവിലെ മോഡലുകള്‍ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.
അത്തരമൊരു നീക്കം നടത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ കൊമാകി ഇപ്പോള്‍. കമ്പനി തങ്ങളുടെ വെനീസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ നവീകരിച്ച പതിപ്പ് 1,67,500 രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ വിപണിയില്‍ എത്തിച്ചു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ സേഫ്റ്റി കൂട്ടിയതാണ് പരിഷ്‌കാരങ്ങളില്‍ ഒന്ന്.

വേര്‍പെടുത്താവുന്ന LiFePO4 ആപ്പ് അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ബാറ്ററികള്‍ ഇപ്പോള്‍ തീയില്‍ നിന്ന് കൂടുതല്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. ബാറ്ററി സെല്ലുകളില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് അങ്ങേയറ്റത്തെ ദുര്‍ഘടമായ സന്ദര്‍ഭങ്ങളില്‍ പോലും അഗ്‌നിയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്നാണ് കൊമാകി പറയുന്നത്. ചാര്‍ജിംഗ് സമയം നോക്കിയാല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററികള്‍ മുഴുവനായി ചാര്‍ജ് ചെയ്യാം.
പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ക്ക് വെറും നാല് മണിക്കൂറിനുള്ളില്‍ 0 മുതല്‍ 90 ശതമാനം വരെ ചാര്‍ജ് ചെയ്യാനുള്ള ശേഷിയുണ്ട്. ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍, സൗണ്ട് സിസ്റ്റം, ഓണ്‍ റൈഡ് കോളിംഗ് സൗകര്യങ്ങള്‍ എന്നിവ നല്‍കുന്ന TFT സ്‌ക്രീനും ഇപ്പോള്‍ കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു.

അള്‍ട്രാ ബ്രൈറ്റ് ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, 3,000 വാട്ട് ഹബ് മോട്ടോര്‍/50 AMP കണ്‍ട്രോളര്‍, റിവേഴ്‌സ് മോഡ്, ഇക്കോ, സ്‌പോര്‍ട്ട്, ടര്‍ബോ എന്നീ മൂന്ന് ഗിയര്‍ മോഡുകള്‍ എന്നിവയാണ് അപ്‌ഡേറ്റഡ് വെനീസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റ് ഫീച്ചറുകള്‍. മോടിയുള്ളതും ശക്തമായതുമായ സ്റ്റീല്‍ ഫ്രെയിമിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ പണിതിരിക്കുന്നത്.
ഡബിള്‍ സീറ്റ്, ഡ്യുവല്‍ സൈഡ് ഫുട്റെസ്റ്റ്, സിബിഎസ് ഡബിള്‍ ഡിസ്‌ക്, കീഫോബ് കീലെസ് എന്‍ട്രി, കണ്‍ട്രോള്‍ എന്നിവ ലഭിക്കുന്നതോടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ റൈഡ് നിലവാരം മൊത്തത്തില്‍ മാറിയതായാണ് അഭിപ്രായം. കൊമാകി വിപണിയില്‍ എത്തിക്കുന്ന വെനീസ് സ്‌പോര്‍ട്ട് ക്ലാസിക്കിന് 1,03,900 രൂപയാണ് എക്സ്ഷോറൂം വില. ഒറ്റ ചാര്‍ജില്‍ വെനീസ് സ്പോര്‍ട്ട് ക്ലാസിക് മോഡല്‍ 75 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ പരമാവധി വേഗത. വെനീസ് സ്പോര്‍ട് പെര്‍ഫോമന്‍സ് അപ്ഗ്രേഡ് മോഡലിന് 1,49,757 രൂപയാണ് എക്സ്ഷോറൂം വില. ഫുള്‍ചാര്‍ജില്‍ 200 കിലോമീറ്റര്‍ റേഞ്ച് പറയുന്ന ഇവിക്ക് പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. 300 കിലോമീറ്റര്‍ റേഞ്ചും മണിക്കൂറില്‍ 80 കിലോമീറ്റര്‍ പരമാവധി വേഗതയതുമുള്ള വെനീസ് അള്‍ട്ര സ്‌പോര്‍ട്‌സിന് 1,67,500 രൂപയാണ് എക്സ്ഷോറൂം വില.
2020 മെയ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊമാക്കിക്ക് നിലവില്‍ 39,000 മുതല്‍ 43,000 യൂണിറ്റ് വരെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയാണുള്ളത്. ഒരു മാസത്തിനിടെ കമ്പനി 20 ഷോറൂമുകള്‍ തുറന്നിരുന്നു. അതിനിടെ ലോ സ്പീഡ്, ഹൈ സ്പീഡ് സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിക്കുന്ന കമ്പനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അയല്‍രാജ്യങ്ങളായ നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിപ്പിച്ചിരുന്നു.
കൊമാകി ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പനക്കെത്തുന്ന ഇന്ത്യയ്ക്ക് പുറമെയുള്ള ആദ്യ വിപണികളായി നേപ്പാളും ബംഗ്ലാദേശും മാറിയിരുന്നു. ഇവ കൂടാതെ മറ്റ് സാര്‍ക് രാജ്യങ്ങളിലും കാലൂന്നാനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്. ജൂലൈയില്‍ നേപ്പാളിലും ബംഗ്ലാദേശിലും രണ്ട് ഷോറൂമുകളാണ് കമ്പനി തുറന്നത്. ഇന്ത്യയില്‍ കമ്പനിക്ക് ഇതിനകം 500-ലധികം ഡീലര്‍ഷിപ്പുകളാണുള്ളത്.
രാജ്യത്തെ ടയര്‍ II, III നഗരങ്ങളിലെ ശക്തമായ സാന്നിധ്യമാണ് കൊമാകി. കൂടാതെ ഇന്ത്യയ്ക്ക് സമാനമായ ഭൂമിശാസ്ത്രവും സാമ്പത്തിക സ്ഥിതിയുമുള്ള നേപ്പാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും മികച്ച അഭിപ്രായം നടാനാകുമെന്നാണ് കൊമാകിയുടെ പ്രതീക്ഷ. LFP ബാറ്ററികളും ആന്റി-സ്‌കിഡ് സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നേപ്പാളിലെയും ബംഗ്ലാദേശിലെയും റോഡുകള്‍ക്ക് അനുയോജ്യമാണെന്നാണ് കമ്പനിയുടെ അവകാശവാദം.


Click it and Unblock the Notifications








