കുറഞ്ഞ വിലയും സൂപ്പര്‍ റേഞ്ചുമായി പുത്തന്‍ ഇ-സ്‌കൂട്ടര്‍; ചന്ദ്രയാന്‍-3 വിജയം ആഘോഷിച്ച് ഇവി നിര്‍മാതാവ്
ഇന്ത്യയുടെ ചരിത്രപരമായ ചാന്ദ്ര ദൗത്യ വിജയത്തിന്റെ ആനന്ദത്തിലാണ് രാജ്യത്തെ ഓരോ പൗരന്‍മാരും. ഈ സമയത്ത് ഐഎസ്ആര്‍ഒ ബഹിരാകാശമേഖലക്ക് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനയില്‍ അഭിമാനം കൊള്ളുകയാണ് ഓരോരുത്തരും. ചാന്ദ്രയാന്‍ ദൗത്യത്തിന്റെ സ്മരണാര്‍ത്ഥം കഴിഞ്ഞ ദിവസം ഇവി നിര്‍മാതാക്കളായ അള്‍ട്രവയലറ്റ് ഒരു ലിമിറ്റഡ് എഡിഷന്‍ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയിരുന്നു.
ബുക്കിംഗ് തുടങ്ങി 90 സെക്കന്‍ഡുകള്‍ കൊണ്ട് 10 യൂണിറ്റുകളും വിറ്റുപോയി.അള്‍ട്രാവയലറ്റിന് പിന്നാലെ മറ്റ് വാഹന നിര്‍മാതാക്കളും ഇതേ പാത പിന്തുടരുകയാണ്. ചന്ദ്രയാന്‍ 3-യുടെ വിജയത്തിന് പിന്നാലെ ലെക്ട്രിക്‌സ് ഇവി LXS മൂണ്‍ഷൈന്‍ ലിമിറ്റഡ് എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 97,999 രൂപ എക്‌സ് ഷോറൂം വിലയിലാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വിപണിയില്‍ എത്തിയത്.

LXS മൂണ്‍ഷൈന്‍ എഡിഷന്റെ 384 യൂണിറ്റ് മാത്രമായിരിക്കും വില്‍പ്പനക്കെത്തുക. വ്യാഴാഴ്ച വൈകീട്ടാണ് ഇന്ത്യയുടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സേഫ് ലാന്‍ഡിംഗ് നടത്തി ചരിത്രം രചിച്ചത്. സ്റ്റാന്‍ഡേര്‍ഡ് ലെക്ട്രിക്‌സ് LXS 2.0 അടിസ്ഥാനമാക്കി ഒരുക്കിയ LXS മൂണ്‍ഷൈന്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ആകാശത്തെ അഭിമുഖീകരിക്കുന്ന രണ്ട് അമ്പുകളുള്ള ഒരു ഗോള്‍ഡന്‍ എംബ്ലം ഉണ്ട്.
ഇത് ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന ബഹിരാകാശ യുഗത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ഈ 'സ്പേസ് ഏജ്' ചിഹ്നം യഥാര്‍ത്ഥത്തില്‍ ലെക്ട്രിക്സിന്റെ ബ്രാന്‍ഡ് ലോഗോയുടെ പരിഷ്‌ക്കരണമാണെന്ന് ലെക്ട്രിക്സ് ഇവി കൂട്ടിച്ചേര്‍ത്തു. സ്റ്റൈലിംഗിലെ ചെറിയ മാറ്റങ്ങള്‍ കൂടാതെ ലെക്ട്രിക്സ് LXS-ന്റെ ഈ പ്രത്യേക മൂണ്‍ഷൈന്‍ പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമാണ്.
സാധാരണ ലെക്ട്രിക്സ് LXS 2.0 ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്ന അതേ 48V ലിഥിയം അയണ്‍ ബാറ്ററി പായ്ക്കും 1200W ഇലക്ട്രിക് മോട്ടോറുമാണ് ലെക്ട്രിക്സ് LXS മൂണ്‍ഷൈന്‍ ലിമിറ്റഡ് എഡിഷനും കരുത്ത് പകരുന്നത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള LXS മൂണ്‍ഷൈന്‍ എഡിഷന്‍ വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത കൈവരിക്കും.
ഫുള്‍ ചാര്‍ജില്‍ 89 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പ്രാപ്‌തമാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍. 3 മുതല്‍ 4 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. ഹാര്‍ഡ്‌വെയര്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ കോയില്‍ സ്പ്രിംഗുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.
കോംബി-ബ്രേക്കിംഗ് സിസ്റ്റത്തോടെയുള്ള ഡ്രം ബ്രേക്കുകളാണ് ലെക്ട്രിക്‌സ് LXS മൂണ്‍ഷൈന്‍ എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്. 'ഞങ്ങളുടെ ഉപഭോക്താവിനെ അവരുടെ സ്വന്തം ലക്ഷ്യങ്ങള്‍ സജ്ജീകരിക്കുന്നതിലും എത്തിച്ചേരുന്നതിലും പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മൂണ്‍ഷൈനിനെക്കുറിച്ച് ഞാന്‍ ശരിക്കും ആവേശത്തിലാണ്. ഇന്ത്യയുടെ ബഹിരാകാശ യുഗത്തിന്റെ പുതിയ കാലഘട്ടത്തില്‍ ഞങ്ങള്‍ക്ക് ശക്തമായ വിശ്വാസമുണ്ടായിരുന്നു' ലെക്ട്രിക്‌സ് ഇവിയുടെ എംഡിയും സിഇഒയുമായ കെ വിജയകുമാര്‍ പറഞ്ഞു.
140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ഇന്ത്യയുടെ ചാന്ദ്രയാന്‍ 3 പേടകം വ്യാഴാഴ്ച (2023 ഓഗസ്റ്റ് 23) വൈകീട്ട് 6.03-നായിരുന്നു ചന്ദ്രോപരിതലം തൊട്ടത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന അഭിമാനാര്‍ഹമായ നേട്ടവും രാജ്യം സ്വന്തമാക്കിയിരുന്നു.

നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട സ്വപ്നം അഭിമാനപുരസ്സരം കീഴടക്കാന്‍ ഐഎസ്ആര്‍ഒക്കായി. 'വിക്രം' എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ വ്യാഴാഴ്ച വൈകിട്ട് 5.45-ന് ആരംഭിച്ചിരുന്നു. 19 മിനിറ്റുകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെയാണ് ഐഎസ്ആര്‍ഒ ലാന്‍ഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. ബെംഗളൂരുവിലെ പീനിയയിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ആന്‍ഡ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് വഴിയാണ് പേടകവുമായി ആശയവിനിമയം നടത്തുകയും ലാന്‍ഡിംഗ് നിരീക്ഷിക്കുകയും ചെയ്തത്.
ചന്ദ്രയാനൊപ്പം ദക്ഷിണധ്രുവം ലക്ഷ്യമിട്ട് പോയ റഷ്യയുടെ ലൂണ 23 പാതിവഴിയില്‍ തകര്‍ന്ന് വീണിടത്താണ് ചന്ദ്രയാന്റെ വിജയമെന്നത് പകിട്ടേറ്റുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് C, സിംപിലിയസ് N ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയത്. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ലാന്‍ഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.


Click it and Unblock the Notifications








