ലോഗോ മാറ്റിയ പ്രമുഖ ടൂവീലര്‍ ബ്രാന്‍ഡുകള്‍; കാലത്തിനൊത്ത് കോലം മാറിയോ?
ലോകത്തെ ഏത് മേഖല എടുത്താലും ബ്രാന്‍ഡുകളുടെ ഐഡന്റിറ്റിയാണ് അവരുടെ ലോഗോ. ഒരു ബ്രാന്‍ഡിനെ എളുപ്പം തിരിച്ചറിയാന്‍ ലോഗോ സഹായിക്കുന്നു. എങ്കിലും ദീര്‍ഘകാലങ്ങള്‍ക്ക് ശേഷം പല കമ്പനികളും ബ്രാന്‍ഡുകളും ലോഗോ മാറ്റി പുതുമ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും ഇത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ലോകത്തെ മൊബൈല്‍ഫോണ്‍ വ്യവസായം ഒരുകാലത്ത് അടക്കഭരിച്ചിരുന്ന നോക്കിയ ഇപ്പോള്‍ തങ്ങളുടെ സിംഹാസനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി അവര്‍ തങ്ങളുടെ ലോഗോയിലും മാറ്റും വരുത്തി. ഇരുചക്ര വാഹന രംഗത്തും ഇത്തരം ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലെ ചില സുപ്രധാന ലോഗോ മാറ്റങ്ങള്‍ നമുക്ക് നോക്കാം.

ഹീറോ ഹോണ്ട: ഹീറോ സൈക്കിള്‍സും ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ടയും കൈകോര്‍ത്തതിന്റെ ഫലമായാണ് 1984-ല്‍ ഹീറോ ഹോണ്ട പിറന്നത്. കമ്പനിയുടെ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ ജനതക്കിടയില്‍ തരംഗമായി. താങ്ങാവുന്ന വിലയില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഒരുക്കിയ വാഹനങ്ങള്‍ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

എന്നാല്‍ 2011-ല്‍ ഇരുവരും വേര്‍പിരിഞ്ഞതോടെ മോഡേണ്‍ ലുക്കിലുള്ള ഒരു ലോ ഹീറോ മോട്ടോകോര്‍പ്പ് സ്വീകരിച്ചു. അന്ന് തൊട്ട് ഇന്ന് വരെ അതേ ലോഗോയാണ് ഉപയോഗിച്ച് വരുന്നത്. അതേസമയം തുടക്കകാലം തൊട്ട് തന്നെ ഹോണ്ടക്ക് സ്വന്തമായി ലോഗോ ഉണ്ടായിരുന്നു. 1947, 1948,1953 വര്‍ഷങ്ങളില്‍ ഹോണ്ട ലോഗോ മാറ്റി. 1968-ല്‍ കൊണ്ടുവന്ന ലോഗോയില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയാണ് തുടര്‍വര്‍ഷങ്ങളിലെ ലോഗോ. 1988-ല്‍ അവതരിപ്പിച്ച ലോഗോയാണ് ഇന്നും ഉപയോഗത്തിലുള്ളത്.

ബജാജ്: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെ വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുമാണ് ബജാജ്. ഇന്ത്യയിലേക്ക് ടൂവീലര്‍, ത്രീവീലര്‍ എന്നീ വാഹനങ്ങള്‍ ഇറക്കുമതി ചെയ്താണ് ബജാജ് മേഖലയില്‍ പിച്ചവെച്ച് തുടങ്ങിയത്. 1945 മുതല്‍ ബ്രാന്‍ഡ് നിലവിലുണ്ട്.

എന്നാല്‍ ബജാജ് ഒറ്റത്തവണ മാത്രമാണ് ലോഗോ മാറ്റിയത്. പഴയ ലോഗോ കണ്ടിട്ടില്ലാത്തവര്‍ക്ക് വല്ല ചേതക്കും തപ്പിപ്പിടിച്ച് നോക്കിയാല്‍ ഒരുപക്ഷേ കാണാനായേക്കും. 2004 മുതലാണ് പുതിയ ലോഗോ എത്തിയത്. ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ പള്‍സര്‍ റേഞ്ച് മോട്ടോര്‍സൈക്കിളുകള്‍ ബജാജിന്റെ പുതിയ ലോഗോ ആളുകളുടെ കണ്ണില്‍ പതിപ്പിച്ചു.

റോയല്‍ എന്‍ഫീല്‍ഡ്: ബ്രിട്ടീഷ് പാരമ്പര്യം പേറുന്ന ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹന നിര്‍മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. 1901-ലാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുന്നതിന് മുമ്പ് കമ്പനിക്ക് തോക്കുകള്‍, തയ്യല്‍ സൂചികള്‍, സൈക്കിളുകള്‍, ക്വാഡ്രിസൈക്കിളുകള്‍ തുടങ്ങി പീരങ്കികള്‍ പോലും നിര്‍മ്മിച്ച ചരിത്രമുണ്ട്.

അതില്‍ നിന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് 'മെയിഡ് ലൈക്ക് എ ഗണ്‍' എന്ന ടാഗ്‌ലൈന്‍ വരെ ഉരുത്തിരിഞ്ഞ് വന്നതെന്ന് നമുക്ക് അനുമാനിക്കാം. ദീര്‍ഘകാലത്തെ ചരിത്രം പറയാനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ലോഗോ ഇക്കാലത്തിനിടെയില്‍ നിരവധി തവണ പരിഷ്‌കരണത്തിന് വിധേയമായിട്ടുണ്ട്. ഇപ്പോള്‍ നിലവിലുള്ള ലോഗോ 2013-ല്‍ കൊണ്ടുവന്നതാണ്. ഇത് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.

കെടിഎം: 1953-ല്‍ ഒരു കാര്‍ റിപ്പയര്‍ കടയായിട്ടാണ് കെടിഎം അഭ്യാസം തുടങ്ങിയത്. അന്ന് പക്ഷേ അവരുടെ ലോഗോയില്‍ ഒരു കടുവയുണ്ടായിരുന്നു. എന്നാല്‍ ഒരു കൊല്ലത്തിനുള്ളില്‍ അവര്‍ ലോഗോ മാറ്റി. 1954-ല്‍ അവരുടെ ട്രേഡ്മാര്‍ക്കായ ഓറഞ്ച് നിറം ലോഗോയില്‍ വന്നു. 1958-ല്‍ 'KTM' വളരെ സിംപിളായ ഇന്ന് കാണുന്ന ഫോണ്ടിലേക്കുള്ള മാറ്റം ആരംഭിച്ചു. 1996 വരെ കെടിഎം ലോഗോ നീല നിറത്തിലായിരുന്നെങ്കില്‍ 1996-ല്‍ അത് വീണ്ടും ഓറഞ്ചിലേക്ക് മാറി. 2003 മുതല്‍ ഓറഞ്ച് ബാക്ക്ഗ്രൗണ്ടില്‍ കറുപ്പ് നിറത്തിലാണിപ്പോള്‍ കെടിഎം ലോഗോ.

എല്‍എംഎല്‍: 1972-ലാണ് ലോഹ്യ മെഷീന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പിറവികൊണ്ടത്. സിന്തറ്റിക് നൂല്‍ നിര്‍മ്മാതാക്കളായിരുന്നു അവര്‍. പിയാജിയോയുമായി കൈകോര്‍ത്ത് സ്‌കൂട്ടറുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയതോടെ എല്‍എംഎല്‍ ഏവര്‍ക്കും സുപരിചിതമായ നാമമായി മാറി. ഇടക്ക് എല്‍എംഎല്ലിന്റെ പേര് കേള്‍ക്കാതെയായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്ന് ഇലക്ട്രിക് ടൂവീലറുകള്‍ അവതരിപ്പിച്ച് എല്‍എംഎല്‍ തിരിച്ച് വന്നു. ഒപ്പം ലോഗോയും മാറിയിരുന്നു.


Click it and Unblock the Notifications








