മോട്ടോജിപി ഭാരതിന്റെ ആദ്യ ടിക്കറ്റ് കൈമാറി; ടിക്കറ്റ് നിരക്ക് 800 രൂപ മുതല്‍
ലോകത്തെ ഏറ്റവും വേഗതയേറിയ മോട്ടോര്‍ബൈക്ക് റേസ് ആയ മോട്ടോജിപിക്ക് ആദ്യമായി ആതിഥേയത്വം വഹിക്കാന്‍ പോകുകയാണ് ഇന്ത്യ. 2023 സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് ആണ് മോട്ടോ ജിപി ഭാരതിന് വേദിയാകാന്‍ പോകുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്കായി മോട്ടോ ജിപി ഭാരതിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിച്ചു.
മോട്ടോജിപി ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയുടെ ആദ്യ ടിക്കറ്റ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറി. മേട്ടോജിപി ഭാരതിന്റെ സംഘാടകരായ ഫെയര്‍സ്ട്രീറ്റ് സ്‌പോര്‍ട്‌സ് അധികൃതരാണ് യുപി മുഖ്യമന്ത്രിക്ക് ടിക്കറ്റ് സമ്മാനിച്ചത്. ഒരു ദശാബ്ദത്തിനു ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ആഗോള മോട്ടോര്‍സ്പോര്‍ട്ട് ഇവന്റാണ് മോട്ടോ ജിപി ഭാരത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന അഞ്ചാമത്തെ ഇവന്റാണ് മോട്ടോജിപി. വിവിധ പ്ലാറ്റ്‌ഫോമുകളിലായി 350 കോടി തവണയാണ് ഇതിന്റെ വീഡിയോസ് വീക്ഷിക്കപ്പെട്ടത്. മോട്ടോജിപിയുടെ ഇന്ത്യയിലേക്കുള്ള വരവ് മോട്ടോസ്‌പോര്‍ട്ടിന്റെ രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ആരാധകര്‍ക്ക് ഉത്സവമാണ്. ഒപ്പം തന്നെ ഇത് ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്സ് ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലും കുടിയാകും.
മോട്ടോ ജിപി 2023 സീസണിലെ പതിമൂന്നാമത്തെ റേസ് ആണ് ഇന്ത്യയില്‍ വെച്ച് നടത്തുന്നത്. 1000 സിസി ബൈക്കുകള്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ സ്പീഡില്‍ ഗര്‍ജ്ജിക്കുന്നത് കേള്‍ക്കാനുളള സുവര്‍ണാവസരമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് കൈവന്നിരിക്കുന്നത്. എല്ലാ പ്രധാന ഇരുചക്ര വാഹന നിര്‍മ്മാതാക്കളും ഇവന്റില്‍ പങ്കാളികളാകുന്നുണ്ട്. അവയില്‍ ഭൂരിഭാഗവും ഇതിനകം ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഹോണ്ട, അപ്രീലിയ, കെടിഎം, യമഹ, ഡ്യുക്കാട്ടി എന്നിവയാണ് മോട്ടോജിപി ഭാരതില്‍ പങ്കാളികളാകുന്ന പ്രമുഖ ബ്രാന്‍ഡുകളില്‍ ചിലത്.

മോട്ടോര്‍സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് സുപരിചിതമായ ചില പേരുകളും ഇന്ത്യയില്‍ മാറ്റുരക്കാനെത്തും. ഉദാഹരണത്തിന് ഡ്യുക്കാട്ടിയുടെ ഫ്രാന്‍സെസ്‌കോ ബഗ്നായ, റെപ്സോള്‍ ഹോണ്ട ടീമിന്റെ മാര്‍ക്ക് മാര്‍ക്വേസ് എന്നിവരെല്ലാം ഇത്തവണ കാണും. മോട്ടോജിപി, മോട്ടോ2, മോട്ടോ3 റേസുകള്‍ക്കൊപ്പം മോട്ടോE റേസും ഭാരത് GP സംഘടിപ്പിക്കുന്നുണ്ട്. യൂറോപ്പിന് പുറത്ത് ഇങ്ങനെ ചെയ്യുന്ന ആദ്യ വേദിയായി ഇന്ത്യ മാറും. ടിക്കറ്റ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് 2023 ജൂണ്‍ 23 മുതല്‍ ടിക്കറ്റ് ലഭ്യമാകും.
അതേസമയം ഭാരത് ജിപിയുടെ പൊതു ടിക്കറ്റ് വില്‍പ്പന ജൂണ്‍ 24 മുതലാണ് ആരംഭിക്കുക. 800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മെയിന്‍ ഗ്രാന്‍ഡ് സ്റ്റാന്‍ ടിക്കറ്റ് വില 20,000 മുതല്‍ 30,000 രൂപ വരെയാണ്. 40,000 രൂപ വിലയുള്ള പ്ലാറ്റിനം കോര്‍പറേറ്റ് ബോക്‌സില്‍ കൂടുതല്‍ എക്‌സ്‌ക്ലൂസിവായ കാഴ്ചാനുഭവം നേടാം.
ട്രാക്കിലെ വിവിധ സ്ഥലങ്ങള്‍ക്ക് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. മോട്ടോജിപി ഭാരത് ടിക്കറ്റുകള്‍ ബുക്ക്‌മൈഷോ വഴി ലഭ്യമാകും. അതിനാല്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും മോട്ടോജിപിയുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ആരാധകര്‍ക്കും ആവേശകരവും അത് പോലെ മറക്കാന്‍ പറ്റാത്ത ഒരു അനുഭവവുമാക്കി തീര്‍ക്കാന്‍ സംഘാടകരായ ഫെയര്‍ സ്‌പോര്‍ട്‌സിന്റെ എല്ലാ പ്രമോട്ടര്‍മാരും ഓടിനടന്ന് പണിയെടുക്കുകയാണ്.
മോട്ടോ ജിപി ഭാരതിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാനായി ബുക്ക്‌മൈഷോയില്‍ നിങ്ങളുടെ പേരും വിവരങ്ങളും ഫോണ്‍ നമ്പറും നല്‍കി ലോഗിന്‍ ചെയ്യുകയാണ് വേണ്ടത്. നിങ്ങള്‍ ഒരു മോട്ടോസ്‌പോര്‍ട്‌സ് ആരാധകനോ ആരാധികയോ ആണെങ്കില്‍ ഒട്ടും സമയം കളയാതെ ടിക്കറ്റുകള്‍ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യുക.


Click it and Unblock the Notifications








