റേസിങ്ങ് മാമാങ്കത്തിന് ഇനി രണ്ട് മാസം കൂടി; ട്രാക്കുകളെല്ലാം സുസജ്ജം
രണ്ട് മാസത്തിനുളളിൽ രാജ്യത്തെ മോട്ടോർ റേസിങ്ങ് പ്രേമികൾ കാത്തിരിക്കുന്ന ആദ്യത്തെ മോട്ടോ ജിപി ഭാരത് റേസ് ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കാൻ പോകുകയാണ്. മോട്ടോർസൈക്കിൾ ഗ്രാൻഡ് പ്രിക്സ് സംഘടിപ്പിക്കുന്ന 31-ാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്. ബുദ്ധ സർക്യൂട്ട് ഇതിനുമുൻപ് ഫോർമുല 1 റേസുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും, മോട്ടോർസൈക്കിളുകൾക്കായുള്ള പ്രീമിയർ റേസ് ഇന്ത്യയിൽ നടക്കുന്നത് ഇതാദ്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യയെന്നും, ഇതോടെ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറുമെന്നുമാണ് ഡോർണ സ്‌പോർട്‌സിൻ്റെ ചീഫ് സ്‌പോർടിംഗ് ഓഫീസർ കാർലോസ് എസ്‌പെലെറ്റ അറിയിച്ചത്. മോട്ടോജിപി ഭാരതിൻ്റെ ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്. എന്തൊക്കെയാണ് ഇതിൻ്റെ പിന്നിൽ നടക്കുന്ന പ്രവർത്തനങ്ങളെന്ന് ഒന്നറിയണ്ടേ, അതിനായി തുടർന്ന് വായിക്കാൻ മറക്കരുത്.

2011 നും 2013 നും ഇടയിൽ മൂന്ന് എഫ്1 റേസുകൾ നടത്തിയ സർക്യൂട്ട് ആയത് കൊണ്ട് തന്നെ ഒരു മോട്ടോജിപി റേസിന് ആതിഥേയത്വം വഹിക്കാൻ ട്രാക്കിനെ പ്രാപ്തമാക്കാൻ വളരെയധികം പരിശ്രമിക്കേണ്ടി വന്നില്ല എന്നാണ് സംഘാടകരുടെ അഭിപ്രായം. ഗൗതം ബുദ്ധ നഗർ സോൺ ഐജി ലക്ഷ്മി സിംഗും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സർക്യൂട്ടിൽ സന്ദർശനം നടത്തിയിരുന്നു. നിലവിൽ, F1, MotoGP റേസുകൾക്ക് ആതിഥേയത്വം വഹിക്കുന്ന നാല് സർക്യൂട്ടുകൾ മാത്രമേ ലോകമെമ്പാടുമുള്ളൂ.
"ഒരു സർക്യൂട്ടിന് തന്നെ മോട്ടോജിപി, ഫോർമുല 1 റേസുകൾ ഹോസ്റ്റ് ചെയ്യാൻ കഴിയും. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ ഉയർന്ന ഡിമാൻഡുകൾ വയക്കേണ്ടി വരും അത് മറ്റൊന്നുമല്ല, റൈഡറുകൾക്ക് തെന്നിമാറാനും പരിക്കേൽക്കാതിരിക്കാനും സർക്യൂട്ടിന് ധാരാളം ഇടം ആവശ്യമാണ്. എങ്കിലും ട്രാക്കിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തേണ്ടി വന്നിട്ടില്ല. ഇപ്പോൾ ട്രാക്ക് വളരെ നല്ല രീതിയിൽ തന്നെയാണ് കിടക്കുന്നത്. ഒരു കിലോമീറ്റർ മാത്രമേ പാച്ച് ചെയ്യേണ്ടി വന്നിട്ടുളളു.

പ്രത്യേക ഫോം ബാരിയറുകളും എയർ ഫെൻസുകളും റേസിന് വേണ്ടി ഇറക്കുമതി ചെയ്യാനാണ് തീരുമാനം. ട്രാക്കിൽ നേരത്തെ തന്നെ തടസ്സങ്ങളുണ്ടായിരുന്നെങ്കിലും, കാറുകൾക്കായി ഉപയോഗിച്ചിരുന്ന പഴയവ ഒരു പതിറ്റാണ്ടുമുമ്പ് സ്ഥാപിച്ചത് കൊണ്ടാണ് പുതിയതിന് ഓർഡർ നൽകിയിരിക്കുന്നത്. ഒരു മോട്ടോജിപി റേസ് ഹോസ്റ്റുചെയ്യുന്നതിന് ഒരു ട്രാക്ക് ചില ഗുണനിലവാര പാരാമീറ്ററുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയയാണ് ഹോമോലോഗേഷൻ.
ട്രാക്ക് സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് ഒരു റേസിന് മുൻപുള്ള മാസങ്ങളിൽ മോട്ടോജിപിയുടെ ഭരണസമിതിയായ FIM സർക്യൂട്ടിൽ ഒന്നിലധികം പരിശോധനകൾ നടത്തും. എഫ്‌ഐഎം, ഡോർണ സ്‌പോർട്‌സ്, ഐആർടിഎ (റൈഡേഴ്‌സ് അസോസിയേഷൻ) എന്നിവർ കഴിഞ്ഞ വർഷം അവസാനം മുതൽ റേസ് ട്രാക്കിൽ നിരന്തരമായ പരിശോധനകൾ നടത്തിവരുന്നതാണ്. എല്ലാ ദിവസവും ട്രാക്കിൽ പരിശോധനകൾ നടക്കാറുണ്ട്.

ഇന്ത്യയില്‍ നിന്ന് മോട്ടോജിപി റേസുകള്‍ ഇനി തത്സമയം കാണാന്‍ സാധിക്കും. മോട്ടോജിപിയുടെ സംപ്രേഷണാവകാശം വയാകോം 18 സ്വന്തമാക്കി. പ്രീമിയര്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗിന്റെ കവറേജ് ഇന്ന് (മാര്‍ച്ച് 24) മുതല്‍ പോര്‍ച്ചുഗീസ് ജിപിയോടെ ആരംഭിക്കും. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സ്‌പോര്‍ട്‌സ് 18 ചാനലില്‍ മോട്ടോജിപി സീസണ്‍ മുഴുവനും കാണാന്‍ സാധിക്കും.
ഒപ്പം ജിയോ സിനിമ ആപ്പിലും മോട്ടോജിപി തത്സമയം സ്ട്രീം ചെയ്യാനുമുള്ള അവസരമുണ്ടാകും. ജിയോ സിനിമ ഒരു സൗജന്യ ആപ്പ് ആണ്. പേരില്‍ ജിയോ ഉണ്ടെന്ന് കരുതി ജിയോ സിനിമ ആപ്പ് ഉപയോഗിക്കാന്‍ കമ്പനിയുടെ സിം കാര്‍ഡ് ആവശ്യമില്ല. കായിക പ്രേമികളില്‍ പലരും ഫിഫ ലോകകപ്പിന്റെ സമയത്ത് മൊബൈല്‍ ഫോണുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും.
വെള്ളി, ശനി ദിവസങ്ങളിലെ പരിശീലന സെഷനുകള്‍, ശനിയാഴ്ചകളിലെ ക്വാളിഫയിംഗ് സ്പ്രിന്റ് റേസുകളും ഞായറാഴ്ചത്തെ പ്രധാന റേസും ഉള്‍പ്പെടെ ലൈവ് സ്ട്രീമിംഗില്‍ ഉള്‍പ്പെടുന്നു. 'ലോകത്തിലെ ഏറ്റവും നാടകീയത നിറഞ്ഞ റേസിംഗ് ഇവന്റുകളില്‍ ഒന്നാണ് മോട്ടോജിപി. ചരിത്രം കുറിച്ച് കൊണ്ട് സെപ്റ്റംബറില്‍ സീരീസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത് കായിക പ്രേമികള്‍ക്ക് ഒരു വിരുന്ന് തന്നെയായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.


Click it and Unblock the Notifications








