കുറഞ്ഞ വിലയില്‍ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടനെത്തും; പരീക്ഷണയോട്ടം തകൃതി
ഇന്ത്യയില്‍ ഇലക്ട്രിക് വിപ്ലവം ചൂടുപിടിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതിയ പുതിയ ലോഞ്ചുകള്‍ നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണവുമായി ഇവി സ്റ്റാര്‍ട്ടപ്പായ റിവര്‍ 'ഇന്‍ഡി' വിപണിയിലെത്തിച്ചു.
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ ആദ്യ ഘട്ടത്തില്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധചെലുത്തിയത് ഫീച്ചര്‍ സമ്പന്നമായ വകഭേദങ്ങള്‍ പുറത്തിറക്കാനാണ്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പതുക്കെ ജനപ്രിയമായി മാറാന്‍ തുടങ്ങിയതോടെ ഇവി നിര്‍മാതാക്കള്‍ ഗിയര്‍ മാറ്റാന്‍ തുടങ്ങി. കൂടുതല്‍ താങ്ങാവുന്ന വിലയില്‍ പുതിയ വേരിയന്റുകള്‍ പരിചയപ്പെടുത്തി വന്‍ കുതിച്ചുചാട്ടത്തിനവര്‍ ശ്രമിച്ചു. ബാറ്ററി പായ്ക്ക് ചെറുതാക്കിയും ഫീച്ചറുകള്‍ കുറച്ചുമെല്ലാമാണ് കുറഞ്ഞ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കളിലേക്കെത്തിക്കാനായത്.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിറ്റഴിക്കുന്ന ഓല ഇലക്ട്രിക് ഇപ്പറഞ്ഞ രണ്ടാം ഘട്ടത്തിലാണ്. താങ്ങാവുന്ന വിലയില്‍ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവര്‍ പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2 kWh, 3 kWh, 4 kWh എന്നീ ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓല S1 എയര്‍ ഓഫര്‍ ചെയ്യുന്നത്. വില 84,999 രൂപയില്‍ തുടങ്ങി 1,09,999 രൂപ വരെ പോകുന്നു.
ഓല വില കുറച്ച് വില്‍പ്പന പിടിക്കുന്നതിനാല്‍ അതേ തന്ത്രം തന്നെ പയറ്റാനുള്ള ഒരുക്കത്തിലാണ് എതിരാളികളായ ഏഥര്‍ എനര്‍ജി. താങ്ങാനാകുന്ന വിലയില്‍ ഒരു ഏഥര്‍ സ്‌കൂട്ടര്‍ പണിപ്പുരയിലാണെന്ന് നേരത്തെ തന്നെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ബെംഗളൂരു നഗരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചാരച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഏഥറിന്റെ വരാന്‍ പോകുന്ന കുറഞ്ഞ വിലയിലുള്ള വേരിയന്റായിരിക്കും ഇത്. നിലവില്‍ വിപണിയിലുള്ള ഏഥര്‍ 450-യെ പോലെ തന്നെയാണ് ടെസ്റ്റ് മ്യൂള്‍ കാണപ്പെടുന്നത്.

നിലവിലെ ഏഥര്‍ 450X ജെന്‍ 3-യില്‍ 3.7 kWh ബാറ്ററി പായ്ക്കാണുള്ളത്. എന്നാല്‍ പുതിയ സ്‌കൂട്ടറില്‍ ബാറ്ററിയുടെ വലുപ്പം കുറയാന്‍ സാധ്യതയുണ്ട്. ഏഥര്‍ 450X ജെന്‍ 3-ക്ക് 146 കിലോമീറ്റര്‍ റേഞ്ചും 105 കിലോമീറ്റര്‍ ട്രൂ റേഞ്ചും നല്‍കുമെന്നാണ് ഏഥര്‍ പറയുന്നത്. താങ്ങാവുന്ന വിലയിലുള്ള ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ അല്‍പ്പം പവര്‍ കുറഞ്ഞ മോട്ടോര്‍ ആയിരിക്കും തുടിപ്പേകുക.
ഒപ്പം തന്നെ റേഞ്ചും അല്‍പ്പം കുറയും. അതേസമയം ഗൂഗിള്‍ ഇന്റഗ്രേഷനോടുകൂടിയ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ പുതിയ ഇ-സ്‌കൂട്ടറില്‍ തുടര്‍ന്നും കാണാനായേക്കും. കഴിഞ്ഞ മാസമാണ് ഏഥര്‍ അവരുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മൂന്നാം തലമുറ പതിപ്പ് പുറത്തിറക്കിയത്. ഏഥര്‍ 450 പ്ലസിന് 1.9 ലക്ഷം രൂപയും ഏഥര്‍ 450X-ന് 2.13 ലക്ഷം രൂപയുമാണ് വില. കേന്ദ്ര സര്‍ക്കാറിന്റെ 55,000 രൂപ ഫെയിം സബ്‌സിഡി (FAME-II) കൂടാതെയുള്ള വിലയാണിത്.

സബ്സിഡി കിഴിക്കുന്നതോടെ വില യഥാക്രമം 1.35 ലക്ഷം രൂപയും, 1.58 ലക്ഷം രൂപയുമായി കുറഞ്ഞു. ഒരു ലക്ഷം രൂപക്ക് താഴെയാകും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് ഏഥര്‍ വിലയിടുകയെന്നാണ് സൂചന. സബ്സിഡി ഉള്‍പ്പെടെയാണിത്. ഏഥറിന്റെ വില കുറഞ്ഞ മോഡല്‍ കൂടി എത്തുന്നതോടെ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ മത്സരം കനക്കും. ഈ സാമ്പത്തിക വര്‍ഷം കഴിയുന്നതോടെ ഏപ്രില്‍ ഒന്ന് മുതല്‍ കേന്ദ്ര ഗതാഗത വകുപ്പ് തയാറാക്കിയ പുതിയ ബാറ്ററി മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടവും പ്രാബല്യത്തില്‍ വരും.
തെറ്റായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ബാറ്ററികള്‍ കാരണം ഇവികള്‍ക്ക് തീപിടിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.
ബാറ്ററി സാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങള്‍ ചിലവ് കൂട്ടുന്നതിനാല്‍ പുതിയ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്്കൂട്ടറില്‍ ചില ഘടകങ്ങള്‍ ഏഥര്‍ ഒഴിവാക്കിയേക്കാം. 450X-ലെ അലൂമിനിയം സ്‌പേസ് ഫ്രെയിം ആകും നഷ്ടമാകുക. കൂടുതല്‍ ലാഭകരമായ ട്യൂബുലാര്‍ ഫ്രെയിമിലായിരിക്കും ഇത് നിര്‍മിക്കുക.
അടുത്ത വര്‍ഷം മാര്‍ച്ച് 31-ന് ഫെയിം സബ്‌സിഡി അവസാനിക്കുന്നതിനാല്‍ അതിന് മുമ്പ് തന്നെ വില കുറക്കാന്‍ ഉത്പാദനം വര്‍ധിപ്പിക്കാനും മറ്റ് വഴികളും ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ തേടുന്നുണ്ട്.
Source: Rushlane


Click it and Unblock the Notifications








