ഹാര്‍ലിയോടും ട്രയംഫിനോടും മുട്ടാനുറച്ച് എന്‍ഫീല്‍ഡ്; പുതിയ ബുള്ളറ്റിന്റെ അരങ്ങേറ്റത്തിന് തീയതിയായി
ഇന്ത്യയില്‍ മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ലെജന്‍ഡറി ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന് (Royal Enfield) എതിരാളികളില്ല. എന്നാല്‍ അടുത്ത കാലത്തായി ലോകോത്തര ബ്രാന്‍ഡുകളായ ഹാര്‍ലി ഡേവിഡ്‌സണും ട്രയംഫും മാര്‍ക്കറ്റിന്റെ പള്‍സറിഞ്ഞ് കളിക്കാനിറങ്ങിയത് റോയല്‍ എന്‍ഫീല്‍ഡിന്റെ കുതിപ്പിനെ ബാധിക്കുമോ എന്നറിയാനാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഐതിഹാസിക മോഡലായ ബുള്ളറ്റ് 350 (New Gen Royal Enfield Bullet 350) മോട്ടോര്‍സൈക്കിളിന്റെ ന്യൂജെന്‍ പതിപ്പ് വിപണിയിലെത്തിച്ച് എന്‍ഫീല്‍ഡ് ഹാര്‍ലിക്കും ട്രയംഫിനും ചെക്ക് വെക്കാന്‍ ഒരുങ്ങുകയാണ്.
2020-ല്‍ മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളിലൂടെ പുതിയ ജെ-സീരീസ് എഞ്ചിന്‍ പ്ലാറ്റ്ഫോം എന്‍ഫീല്‍ഡ് കൊണ്ടുവന്നിരുന്നു. ക്രൂയിസറിന് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിച്ചതോടെ 2021-ല്‍ റോയല്‍ എന്‍ഫീല്‍ഡ് ഏറ്റവും പുതിയ ക്ലാസിക് 350 അവതരിപ്പിച്ചു. ഒപ്പം തന്നെ താങ്ങാവുന്ന വിലയില്‍ ഹണ്ടര്‍ 350 കൂടി അവതരിപ്പിച്ചതോടെ കമ്പനിയുടെ വില്‍പ്പനയും ഉയര്‍ന്നു. മീറ്റിയോര്‍ 350 അരങ്ങേറിയ സമയം മുതല്‍ തന്നെ പുതുതലമുറ ബുള്ളറ്റ് 350 വരാന്‍ പോകുകയാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി പുതിയ ബുള്ളറ്റ് 350 ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. എതിരാളികള്‍ മുണ്ടുമുറുക്കിയെത്തിയതോടെ റോയല്‍ എന്‍ഫീല്‍ഡും അങ്കംകുറിച്ചിരിക്കുകയാണ്. 2023 ഓഗസ്റ്റ് 30-ന് പുതിയ ബുള്ളറ്റ് 350 ലോഞ്ച് ചെയ്യുമെന്ന് വ്യക്തമാക്കുന്ന ടീസര്‍ പുറത്തുവിട്ടാണ് എന്‍ഫീല്‍ഡ് ഇപ്പോള്‍ ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്നത്. 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയില്‍ പുതിയ ബുള്ളറ്റ് 350 ഓഗസ്റ്റ് 30-ന് ചെന്നൈയില്‍ അവതരിപ്പിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളില്‍ നിന്ന് പുതിയ 350 സിസി മിഡില്‍വെയിറ്റ് റോഡ്‌സ്റ്ററിനെ കുറിച്ച് അത്യാവശ്യം വിവരങ്ങള്‍ നമുക്ക് അറിയാന്‍ സാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ക്ലാസിക് 350 മോട്ടോര്‍സൈക്കിളുമായി ഇതിന് നിരവധി സാമ്യതകള്‍ ഉണ്ടായിരിക്കും. ട്വിന്‍ ക്രാഡില്‍ ഷാസിയും 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-ഓയില്‍-കൂള്‍ഡ് SOHC എഞ്ചിനും രണ്ടും പങ്കിടും.

ഇത് 6,100 rpm-ല്‍ 20.2 bhp പവറും 4,000 rpm-ല്‍ 27 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കും. ബുള്ളറ്റിന് അനുസൃതമായി എഞ്ചിന്‍ റീട്യൂണ്‍ ചെയ്യാനും സാധ്യത കാണുന്നു. ക്ലാസിക്കിന് സമാനമായ രീതിയില്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാകും എഞ്ചിന്‍ ജോടിയാക്കുക. പുതിയ എഞ്ചിന്‍ അതിന്റെ പരിഷ്‌കരണത്തിനും ടോര്‍ക്കി നേച്ചറിനും പേരുകേട്ടതാണ്. ഗിയര്‍ ചേഞ്ചിന്റെ കാര്യത്തിലും റോയല്‍ എന്‍ഫീല്‍ഡ് വലിയ മെച്ചപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ട്.
ഔട്ട്ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ ബൈക്കിന് അതിന്റെ ക്ലാസിക് ഡിസൈന്‍ സൂചകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗ് ഉണ്ടായിരിക്കും. എന്നാല്‍ ക്ലാസിക് 350 പോലെ പ്രീമിയം ആയിരിക്കില്ല. സിംഗിള്‍ പീസ് സീറ്റും സ്പോക്ക്ഡ് റിമ്മുകളുമായാകും പുതിയ മോട്ടോര്‍സൈക്കിള്‍ എത്തുക. ക്ലാസിക് 350-യുടെ ലൈറ്റിംഗ് ഘടകങ്ങളും ബുള്ളറ്റ് കടംകൊള്ളും.
അനലോഗ് സ്പീഡോമീറ്ററും ഫ്യുവല്‍ ഗേജിനുള്ള ചെറിയ ഡിജിറ്റല്‍ റീഡൗട്ടുമുള്ള ബേസിക് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായിരിക്കും നല്‍കുക. മോട്ടോര്‍സൈക്കിളിന്റെ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമായിരിക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുക. മുന്നില്‍ ഒരു ഡിസ്‌ക്കും പിന്നില്‍ ഡ്രം ബ്രേക്കുമായിരിക്കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുക. പിന്നിലും ഡിസ്‌ക് ബ്രേക്കുള്ള വേരിയന്റും ഓഫറിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
നിലവിലെ ബുള്ളറ്റിനേക്കാള്‍ അല്‍പ്പം വില കൂടുതലായിരിക്കും ന്യൂജെന്‍ ബുള്ളറ്റ് 350-ക്ക്. റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് രണ്ട് മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിളുകളുടെ വില പരിശോധിക്കുമ്പോള്‍ ഹണ്ടറിന് 1.50 ലക്ഷം മുതല്‍ 1.75 ലക്ഷം രൂപ വരെയാണ് വില. 1.93 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപ വരെയാണ് ക്ലാസിക് 350-യുടെ എക്‌സ്‌ഷോറൂം വില. എതിരാളികള്‍ വിലയുടെ കാര്യത്തില്‍ ഞെട്ടിച്ച സ്ഥിതിക്ക് എന്‍ഫീല്‍ഡ് എന്താണ് ഒരുക്കിവെച്ചതെന്നറിയാന്‍ ഓഗസ്റ്റ് അവസാന വാരം വരെ കാത്തിരിക്കാം.


Click it and Unblock the Notifications








