പള്‍സറും ടീമും അങ്കലാപ്പില്‍; പുത്തൻ കരിസമയുടെ 'പണി' തുടങ്ങി മക്കളേ...
ഹീറോ മോട്ടോകോര്‍പ്പ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഐതിഹാസിക മോഡലായ കരിസ്മ ഇന്ത്യന്‍ വിപണിയില്‍ പുനരവതരിപ്പിച്ചത്. 1.73 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലാണ് കരിസ്മ XMR എന്ന് പേരിട്ടിരിക്കുന്ന ഫുള്ളി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. ഉത്സവകാല വില്‍പ്പന ലക്ഷ്യമിട്ട് ഹീറോ ഇപ്പോള്‍ ബൈക്കിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്.
കമ്പനിയുടെ രാജസ്ഥാനിലെ ജയ്പൂരിലുള്ള പ്ലാന്റിലാണ് പുത്തന്‍ ബൈക്കിന്റെ ആദ്യ യൂണിറ്റ് പണിതിറക്കിയത്. സ്‌റ്റൈല്‍, കരുത്ത്, പെര്‍ഫോമന്‍സ് എന്നിവ സമന്വയിപ്പിച്ചെത്തുന്ന പുത്തന്‍ കരിസ്മ സുസുക്കി ജിക്‌സര്‍ SF 250, യമഹ R15 V4, ബജാജ് പള്‍സര്‍ RS200 തുടങ്ങിയ വിപണിയില്‍ കരുത്തരായ എതിരാളികളോട് മുട്ടിനില്‍ക്കാന്‍ ഉറച്ച് തന്നെയാണ് വരുന്നത്. ഈ മാസം അവസാനത്തോടെ രാജ്യവ്യാപകമായി ഡെലിവറി ആരംഭിക്കും.

ഇതിനര്‍ത്ഥം വരും ആഴ്ചകളില്‍ ബൈക്ക് താല്‍പര്യമുള്ള കസ്റ്റമേഴ്‌സിന് ഉടന്‍ ഡെലിവര്‍ ചെയ്യുമെന്നാണ്. 2023 ഓഗസ്റ്റ് 29-ന് ഹീറോ കരിസ്മയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. 3000 രൂപ ടോക്കണ്‍ തുക നല്‍കി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റോ ഹീറോ മോട്ടോകോര്‍പ്പിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകളോ സന്ദര്‍ശിച്ച് പുത്തന്‍ മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. മാറ്റ് ബ്ലാക്ക്, റെഡ്, യെല്ലോ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഹീറോ കരിസ്മ XMR ലഭ്യമാണ്.
ഏതാണ്ട് നാലുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഐതിഹാസിക മോഡലായ കരിസ്മയെ സ്പോര്‍ട്സ് ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് ഹീറോ തിരികെയെത്തിച്ചിരിക്കുന്നത്. കാലാനുസൃതമായ ഒട്ടേറെ പുതുമകളോടെയാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അരങ്ങേറിയത്. 2,068 mm നീളവും 760 mm വീതിയും 1,110 mm ഉയരവുമാണ് പുതിയ ഹീറോ കരിസ്മ എക്‌സ്എംആറിന്റെ അളവുകള്‍. ഇതിന് 1,351 mm നീളമുള്ള വീല്‍ബേസുമുണ്ട്.

163.5 കിലോഗ്രാം ഭാരവും 160 mm ഗ്രൗണ്ട് ക്ലിയറന്‍സും 810 mm സീറ്റ് ഉയരവും ഇത് നല്‍കുന്നുണ്ട്. പുതിയ ഹീറോ മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന വളരെ ട്രെന്‍ഡിയും സ്പോര്‍ട്ടിയുമാണ്. വളരെ ഷാര്‍പ്പും ആംഗുലാറുമായ ഡിസൈനിലുള്ള ഒരു ഫുള്‍ ഫെയര്‍ഡ് മോട്ടോര്‍സൈക്കിളാണ് കരിസ്മ XMR. മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകള്‍, ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, സ്റ്റബി എക്‌സ്‌ഹോസ്റ്റ്, സ്ലിം എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ മോട്ടോര്‍സൈക്കിളില്‍ ഹൈലൈറ്റ് ചെയ്യാവുന്ന ഡിസൈന്‍ ഘടകങ്ങളില്‍ ചിലതാണ്.
ദൈനംദിന യാത്രകള്‍ക്കും ലോംഗ് റൈഡുകള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ പുതിയ ട്രെല്ലിസ് ഫ്രെയിമിലാണ് കരിസ്മ XMR പൂര്‍ത്തിയാക്കിയിരിക്കുന്നത്. 210 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. ഹീറോ ആദ്യമായാണ് ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉപയോഗപ്പെടുത്തുന്നത്. 9,250 rpm-ല്‍ 25.5 bhp കരുത്തും 7,250 rpm-ല്‍ 20.4 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷയിള്ള എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചും ഇതിന് ലഭിക്കുന്നു.

പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 3.8 സെക്കന്‍ഡില്‍ പുതിയ കരിസ്മ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലെത്തും. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക് യൂണിറ്റും സസ്‌പെന്‍ഷന്‍ സജ്ജീകരണമാണ് മോട്ടോര്‍സൈക്കിളിന്റെ സവിശേഷത. ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) മുന്നില്‍ 300 mm ഡിസ്‌കും പിന്നില്‍ 230 mm റോട്ടറും ബ്രേക്കിംഗ് സുഗമമാക്കുന്നു.
ഡ്യുവല്‍ ചാനല്‍ എബിഎസ് ലഭിക്കുന്ന ആദ്യ ഹീറോ മോട്ടോര്‍സൈക്കിള്‍ എന്ന പ്രത്യേകതയും കരിസ്മ XMR-നുണ്ട്. ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീനാണ് പുതിയ കരിസ്മയില്‍ അവതരിപ്പിച്ച ട്രെന്‍ഡി ഫീച്ചറുകളിലൊന്ന്. ഹീറോ കരിസ്മയുടെ ഫ്രണ്ട് ഫെയറിംഗിന്റെ വലതുവശത്താണ് ഫ്രണ്ട് വിസര്‍ താഴ്ത്താനും ഉയര്‍ത്താനും സഹായിക്കുന്ന ബട്ടണ്‍ സ്ഥാപിച്ചിട്ടുള്ളത്.
ഫാസ്റ്റ് ചാര്‍ജ് യുഎസ്ബി പോര്‍ട്ട്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോട് കൂടിയ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഓട്ടോ ഇല്ല്യുമിനേഷന്‍ ഫീച്ചറുള്ള ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ബാറ്ററി സ്റ്റാറ്റസ്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഷിഫ്റ്റ് അഡൈ്വസര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ലോ ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ് മീറ്റര്‍, ബാക്ലിറ്റ് സ്വിച്ച് ഗിയര്‍, ഹസാര്‍ഡ് സ്വിച്ച് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍.


Click it and Unblock the Notifications








