ഇലക്ട്രിക് സ്‌കൂട്ടര്‍ നോക്കുന്നുണ്ടോ? കുറച്ച് കാത്തിരുന്നാല്‍ ആക്ടീവ ഇലക്ട്രിക് വാങ്ങാം
ഇന്ത്യയില്‍ സ്‌കൂട്ടര്‍ വിപണിയുടെ ചരിത്രം ഹോണ്ട ആക്ടീവയില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. കാലമേറെ കഴിഞ്ഞിട്ടും വില്‍പ്പന ചാര്‍ട്ടുകളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് ആക്ടിവ. ചുറ്റും ഇലക്ട്രിക് വിപ്ലവം അരങ്ങേറുമ്പോള്‍ ഹോണ്ടക്ക് മാറിനില്‍ക്കാന്‍ സാധിക്കില്ലെല്ലോ.
അതിനാല്‍ തന്നെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആക്ടിവ ഇലക്ട്രിക് വികസിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. അതിനാല്‍ തന്നെ ആക്ടിവ ആരാധകരും കാത്തിരിപ്പാണ്. ആക്ടിവ ഇലക്ട്രിക് വന്ന ശേഷം ഇവിയിലേക്ക് മാറാം എന്ന് ചിന്തിക്കുന്നവരുടെ എണ്ണവും ചില്ലറയല്ല. എന്നാല്‍ എന്നാണ് ആക്ടിവ ഇലക്ട്രിക് വിപണിയില്‍ എത്താന്‍ പോകുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ഉറപ്പും ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ആക്ടിവ ഇലക്ട്രിക് ലോഞ്ചിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നു. 2024 ജനുവരിയില്‍ ആക്ടിവ ഇലക്ട്രിക് പുറത്തിറങ്ങുമെന്നാണ് ജപ്പാനീസ് ബ്രാന്‍ഡ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഓല S1, ഏഥര്‍ 450x, ടിവിഎസ് ഐക്യൂബ് തുടങ്ങിയ സ്‌കൂട്ടറുകളുടെയാകും ഹോണ്ട ആക്ടിവ ഇലക്ട്രിക് നേരിടേണ്ടി വരിക. ആക്ടിവ എന്ന ബ്രാന്‍ഡ് നെയിമിന് കീഴില്‍ തന്നെയാകും ഹോണ്ട ആക്ടിവ ഇലക്ട്രിക് വില്‍പ്പനക്കെത്തുക.
അടുത്ത വര്‍ഷം പുതിയ പെട്രോള്‍ ആക്ടിവയുടെ ലോഞ്ച് നടക്കുന്ന സമയത്ത് എപ്പോഴെങ്കിലുമായിരിക്കും വിപണിയിലിറക്കാന്‍ സാധ്യത. പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തെ എതിരാളികളില്‍ നിന്ന് വ്യത്യാസ്തമായി ഈ ഇവിയുടെ പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററായി ഹോണ്ട പരിമിത
പ്പെടുത്തിയിട്ടുണ്ട്. വേഗതയുടെ കാര്യത്തില്‍ ചിലരെയെങ്കിലും നിരാശപ്പെടുത്തുമെങ്കിലും സുഖസൗകര്യങ്ങളുടെയും ഫീച്ചറുകളുടെയും കാര്യത്തില്‍ ആക്ടിവ ഇലക്ട്രിക് ഒരിക്കലും പിന്നാക്കം പോകാനിടയില്ല.

കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ഒരു ഫിക്‌സഡ് ബാറ്ററി സജ്ജീകരണമായിരിക്കും ഈ ഇവിയില്‍ ഒരുക്കുക. ഈ ബാറ്ററി പായ്ക്ക് ഏകദേശം 100 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് ആക്ടിവയുടെ എക്‌സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് പെട്രോള്‍ ആക്ടിവക്ക് സമാനമായിരിക്കും. സസ്പെന്‍ഷന്‍, ബ്രേക്കുകള്‍ എന്ന് തുടങ്ങി മറ്റ് ഒരുപിടി പാര്‍ട്‌സുകളും പെട്രോള്‍ ആക്ടിവയില്‍ നിന്ന് കടംകൊള്ളാന്‍ സാധ്യതയുണ്ട്.
ഹോണ്ട ആക്ടിവ ഇലക്ട്രിക് ജപ്പാനീസ് വാഹന ഭീമന്‍മാരുടെ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനമായിരിക്കും. ശേഷം പുതിയ ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ എത്തും. ഈ സ്‌കൂട്ടറുകളിലേക്കെത്തുമ്പോള്‍ ഇതില്‍ മാറ്റിസ്ഥാപിക്കാന്‍ സാധിക്കുന്ന ബാറ്ററി (സ്വാപ്പബിള്‍ ബാറ്ററി) സൗകര്യം ലഭിക്കാന്‍ സാധ്യതയുണ്ട്. നഗര യാത്രകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഭാരം കുറഞ്ഞ ഒതുക്കമുള്ള സ്‌കൂട്ടര്‍ ആയിട്ടാകും ഇത് എത്തുക.
തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഹോണ്ടക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്തുടനീളം 6000 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട. ഇതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും അറിയേണ്ടതുണ്ട്. പുതിയ ആക്ടിവ ഇലക്ട്രിക് പ്രദേശികമായിട്ടായിരിക്കും നിര്‍മിക്കുക. പ്രാദേശികമായിട്ടുള്ള ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍ എന്നിവയാകും ഈ ഇവിയില്‍ ഉപയോഗപ്പെടുത്തുക.
ഇതിനൊപ്പം തന്നെ ഭാവി മുമ്പില്‍ കണ്ട് ഇലക്ട്രിക് മൊബിലിറ്റിക്കായി നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട് ഹോണ്ട. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ ഭീമന്‍മാരായ ഹീറോ, ബജാജ്, ടിവിഎസ് എന്നിവര്‍ ഇതിനോടകം ഇലക്ട്രിക്കിലേക്ക് ചുവടുവെച്ചു. ഇനി കാണാനുള്ളത് ഹോണ്ടയുടെ വരവാണ്. ആ വരവില്‍ ഹോണ്ട എന്തെല്ലാമാണ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് വാഹന ലോകം.

എങ്കിലും ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മുന്നേറ്റമാണ് കാണുന്നത്. 17,667 യൂണിറ്റ് S1 ഇലക്ട്രിക് സ്‌കൂട്ടര്‍ വിറ്റഴിച്ച് ഓല ഇലക്ട്രിക് തന്നെയാണ് ഫെബ്രുവരി മാസത്തിലും വില്‍പ്പനയില്‍ മുന്നിലെത്തിയത്. 12,573 യൂണിറ്റ് വില്‍പ്പനയുമായി ടിവിഎസ് ഐക്യൂബ് രണ്ടാം സ്ഥാനം കൈപ്പിടിയിലൊതുക്കി. 10,013 യുണിറ്റുകളുടെ വില്‍പ്പനയുമായി മറ്റൊരു ഇവി സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജി മൂന്നാമതെത്തി.


Click it and Unblock the Notifications








